പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

Posted on: July 8, 2013 9:26 am | Last updated: July 8, 2013 at 11:12 am

niyamasabha_3_3തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. തട്ടിപ്പിനിരയായ പരാതിക്കാരന്‍ ശ്രീധരന്‍ നായരുടെ മൊഴി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സരിതയും ശാലുവുമായുള്ള ബന്ധം ചര്‍ച്ച ചെയ്യണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

എന്നാല്‍ ശ്രീധരന്‍ നായരുടെ പരാതി സഭയില്‍ ചര്‍ച്ച ചെയ്താല്‍ അത് കോടതിയലക്ഷ്യമാവുമെന്നും കോടതിയുടെ പരിഗണനയിലുള്ള കേസാണ് അതെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഈ വിഷയത്തില്‍ ഏത് വിധത്തിലുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന് അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശാലു മേനോന്റെ വീട്ടില്‍ പോയിട്ടുണ്ടെങ്കിലും രണ്ടു മിനുട്ട് മാത്രമാണ് താന്‍ അവിടെ നിന്നതെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. സംഭവത്തില്‍ കുറ്റാരോപിതരായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

രണ്ടാഴ്ച മുമ്പ് പിരിഞ്ഞതിന് ശേഷമാണ് ഇന്ന് സഭ വീണ്ടും ചേര്‍ന്നത്. ചോദ്യോത്തരവേളയുമായി പ്രതിപക്ഷം സഹകരിച്ചുവെങ്കിലും സോളാര്‍ മുമ്പത്തേക്കാളേറെ കത്തുമെന്ന് സൂചന നല്‍കിക്കൊണ്ട് പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. തിരുവഞ്ചൂരും ശാലുമേനോനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം വരെ പ്രതിപക്ഷം സഭയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

അതേസമയം സഭക്കകത്തും പുറത്തും ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷ അടിയന്തരാവസ്ഥയെ തോന്നിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് സ്പീക്കര്‍ അറിയിച്ചു.