ശാലു മേനോനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Posted on: July 8, 2013 8:04 am | Last updated: July 8, 2013 at 8:04 am

തിരുവനന്തപുരം: സോളാര്‍ കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനൊപ്പം സാമ്പത്തിക തട്ടിപ്പിന് കൂട്ട്‌നിന്നതിന് പോലീസ് അറസ്റ്റ് ചെയ്ത സീരിയല്‍ നടി ശാലു മേനോനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി ശാലുവിനെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കണമെന്ന് പോലീസ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെടും.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് തൃശൂരിലും മറ്റും ശാലുവിനെതിരെ കേസുകളുണ്ടെങ്കിലും തിരുവനന്തപുരം മണക്കാട് സ്വദേശി റാസിഖ് അലിയില്‍ നിന്ന് ബിജു രാധാകൃഷ്ണനൊപ്പം ചേര്‍ന്ന് 75 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇപ്പോള്‍ ശാലു മേനോനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിയുടെ താരമൂല്യം കണക്കെടുത്ത് പോലീസ് കസ്റ്റഡിയില്‍ വിടരുതെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ വിധത്തിലും സഹകരിക്കാന്‍ തയ്യാറാണെന്നും ശാലുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ തന്നില്‍ നിന്ന് പണം വാങ്ങിയത് ബിജുവിനോടൊപ്പമായിരുന്നുവെന്ന റാസിഖിന്റെ മൊഴിയും ശാലുവിന് പണം നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ബിജുവിന്റെ എസ് എം എസ് സന്ദേശവും പുറത്തുവന്ന സാഹചര്യത്തില്‍ ബിജുവിനൊപ്പം ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. ഇതിന് കോടതി അനുവദിച്ചേക്കും. തട്ടിപ്പിലൂടെ ലഭിച്ച പണം കൈപ്പറ്റിയെന്നും വീടുപണിക്കും നൃത്ത വിദ്യാലയം തുടങ്ങുന്നതിനുമായി ഉപയോഗിച്ചെന്നുമുള്‍പ്പെടെ തനിക്കെതിരായ കുറ്റം ശാലു സമ്മതിച്ച സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടതില്ലെന്നാണ് പോലീസ് നിലപാട്.