പോലീസ് വ്യാപകമായി ഫോണ്‍ ചോര്‍ത്തുന്നു

Posted on: July 8, 2013 7:59 am | Last updated: July 8, 2013 at 7:59 am

hackതിരുവനന്തപുരം: ആഭ്യന്തര വകുപ്പിന് നാണക്കേടുണ്ടാക്കിയ ഫോണ്‍രേഖ ചോര്‍ന്നതിന്റെ വഴി കണ്ടെത്താന്‍ പോലീസ് വ്യാപകമായി ഫോണ്‍ ചേര്‍ത്തുന്നു. ഐ ജി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരുള്‍പ്പെടെ പോലീസിലെ തന്നെ ഉന്നതരുടെയും ജനപ്രതിനിധികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍കോളുകളാണ് വ്യാപകമായി ചോര്‍ത്തുന്നത്. ഫോണ്‍ ചോര്‍ത്തലിനായി സ്വകാര്യ ഏജന്‍സികളുടെ സഹായം തേടിയതായും സൂചനയുണ്ട്. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ചും ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നാണ് വിവരം. ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാറിന്റെയും എ ഡി ജി പി. വിന്‍സന്‍ എം പോളിന്റെയും മേല്‍നോട്ടത്തിലാണ് ഫോണ്‍ ചോര്‍ത്തല്‍.
ഫോണ്‍രേഖ ചോര്‍ന്നതിനെക്കുറിച്ച് ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാറാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇരുപക്ഷത്തെയും എം എല്‍ എമാരുടെയും സോളാര്‍ കേസില്‍ സജീവമായി ഇടപെടുന്ന രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍കോളുകള്‍ വ്യാപകമായി ചോര്‍ത്തുന്നത്. മാധ്യമപ്രവര്‍ത്തരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും കോണ്‍ഗ്രസിലെ എം എല്‍ എമാര്‍ അടക്കം ചിലരുടെയും ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് സെന്‍കുമാര്‍ ആഭ്യന്തരമന്ത്രിക്ക് കൊടുക്കാന്‍ തയ്യാറാക്കുന്നത്.
ആഭ്യന്തര മന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിലെ പ്രമുഖരും സരിതാ നായരുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്തുവന്നതും അന്വേഷണ പരിധിയിലുണ്ട്. ഇതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടുവെന്ന് സംശയിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രിയ നേതാക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്. പോലീസ് ഹൈടെക് സെല്ലുമായും സൈബര്‍ സെല്ലുകളുമായും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈം ബ്രാഞ്ച് എ ഡി ജി പി വിന്‍സണ്‍ എം പോളാണ് നിര്‍ദേശം നല്‍കിയത്.
ഐ ജി അജിത്കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഉദ്യോഗസ്ഥരുടെ സ്വകാര്യ ഫോണ്‍ നമ്പറുകളും വീട്ടിലെ നമ്പറുകളും അടക്കം വിവരങ്ങള്‍ നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നു. ഇവയും 94979 എന്ന സീരിസില്‍ പോലീസുകാരുടെ ഔദ്യോഗിക നമ്പറുകളും അടക്കം മുപ്പതോളം ഫോണുകളുടെ കോള്‍ ലിസ്റ്റ് കഴിഞ്ഞ ദിവസങ്ങളില്‍ എടുത്തു. ഐ ജി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ നമ്പറുകളും ഇതിലുണ്ട്. സരിതയുമായി ബന്ധം പുലര്‍ത്തിയെന്ന് ആരോപണം ഉയര്‍ന്ന രണ്ട് പേരും ഇതില്‍ ഉള്‍പ്പെടും.
മാധ്യമപ്രവര്‍ത്തകരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് ഇന്റലിജന്‍സ് എ ഡി ജി പി. സെന്‍കുമാര്‍ നേരിട്ടാണ്. സരിതയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് പുറത്തുവിട്ട മാധ്യമപ്രവര്‍ത്തരുടെയും ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രതികരിച്ച കോണ്‍ഗ്രസിലെ ഇരു വിഭാഗത്തിലുമുള്ള എം എല്‍ എമാര്‍ അടക്കം നാല് പേരുടെയും ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ശേഖരിച്ച് കഴിഞ്ഞു.
കൂടുതല്‍ ചര്‍ച്ചക്ക് ശേഷം അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിക്കും. ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോര്‍ന്നത് ഇന്റലിജന്‍സില്‍ നിന്നാണെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ അവര്‍ വിഷയം അഭിമാനപ്രശ്‌നമായി എടുത്തിട്ടുണ്ട്.