International
കെസേംഗ് സംയുക്ത വാണിജ്യ മേഖല തുറക്കാന്‍ ധാരണയായി

സിയോള്‍: അതിര്‍ത്തി മേഖലയിലെ കെസോംഗ് സംയുക്ത വാണിജ്യ മേഖല തുറക്കാന്‍ ഉത്തര, ദക്ഷിണ കൊറിയകള്‍ തമ്മില്‍ ധാരണയായി. ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മില്‍ 16 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് വാണിജ്യ മേഖല തുറക്കാനുള്ള കരാറില്‍ ഒപ്പുവെച്ചത്. ഇതോടെ സാമ്പത്തിക – വാണിജ്യ മേഖലകളില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് തിരശ്ശീല വീണിരിക്കുകയാണ്. ഉത്തര കൊറിയയുടെ മൂന്നാം ആണവോര്‍ജ പരീക്ഷണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വാണിജ്യ മേഖല പൂട്ടിയത്.
ഉത്തര കൊറിയക്കെതിരായ യു എന്‍ ഉപരോധത്തെ പിന്തുണച്ച് ദക്ഷിണ കൊറിയ, അമേരിക്കയുമായി സംയുക്ത സൈനിക അഭ്യാസത്തിന് തുടക്കം കുറിക്കുകയും ചെയ്തതോടെയാണ് വാണിജ്യ മേഖല അടക്കാന്‍ ഉത്തര കൊറിയ തീരുമാനിച്ചത്. ഇരുരാജ്യങ്ങളുടെയും പ്രധാന സാമ്പത്തിക ഉറവിടമായ കെസോംഗ് അടച്ച് പൂട്ടിയത് കനത്ത സാമ്പത്തിക നഷ്ടത്തിന് കാരണമായിരുന്നു. അടുത്ത ബുധനാഴ്ച കെസോംഗ് മേഖലയില്‍ നടക്കുന്ന ഔദ്യോഗിക ചര്‍ച്ചയോടെ ഫാക്ടറികള്‍ തുറക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കെസോംഗ് പ്രതിസന്ധി പരിഹരിക്കാന്‍ ഉത്തര കൊറിയ മുന്നിട്ടിറങ്ങിയത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ദക്ഷിണ കൊറിയന്‍ പ്രതിനിധി സുഹ് ഹൊ വ്യക്തമാക്കി. നയതന്ത്ര മേഖലയിലുണ്ടാകുന്ന ഭിന്നിപ്പ് കെസോംഗിലെ പ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന് ഉത്തര കൊറിയ ഉറപ്പ് നല്‍കണമെന്നും അങ്ങനെയുണ്ടായാല്‍ മാത്രമേ വാണിജ്യ മേഖലയിലെ പ്രവര്‍ത്തനം സുഗമമാകുകയുള്ളുവെന്നും സൂ ഹൊ കൂട്ടിച്ചേര്‍ത്തു.
വാണിജ്യ മേഖലയില്‍ നിന്ന് ഉത്തര കൊറിയ തിരിച്ചുവിളിച്ച അര ലക്ഷത്തിലധികം വരുന്ന തൊഴിലാളികളെ ഉടന്‍ ഫാക്ടറിയിലേക്ക് അയക്കുമെന്ന് ഉത്തര കൊറിയന്‍ പ്രതിനിധികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.