Connect with us

Articles

ഐ ബിയും നമ്മുടെ മഹത്തായ ജനാധിപത്യവും

Published

|

Last Updated

ജനാധിപത്യത്തിന്റെ മധുര മനോജ്ഞ മാതൃകയായി ഇന്ത്യ വാഴ്ത്തപ്പെടുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. പഞ്ചായത്ത് തുടങ്ങി പാര്‍ലിമെന്റ് വരെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍. അവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ നടത്തുന്ന ഭരണം. ഇത്ര ആഴത്തില്‍ ജനായത്തം വേരോടിയ രാജ്യം വേറെയുണ്ടോയെന്ന് സംശയം. ഇതെല്ലാം പരമാധികാര, മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി രാജ്യത്തെ സൂക്ഷിക്കാനാണ്. അങ്ങനെ സൂക്ഷിക്കാനുള്ള ബാധ്യത നമ്മള്‍ക്കാണെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിവെച്ചിട്ടുമുണ്ട്. എന്നാല്‍ മഹത്തെന്ന് വാഴ്ത്തപ്പെടുന്ന ഈ സമ്പ്രദായം ആമുഖമായി എഴുതിച്ചേര്‍ത്തവയില്‍ ഒന്ന് പോലും ലക്ഷ്യമിട്ടല്ല പ്രവര്‍ത്തിക്കുന്നത് എന്ന വിമര്‍ശം ശക്തമാണ്. ഏറ്റവും ചുരുങ്ങിയത് പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ഭരണഘടനാപരമായ ബാധ്യത പോലും നമ്മുടെ ഭരണകൂടം നിര്‍വഹിക്കുന്നില്ല എന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍ ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തുന്നത്. ഭരണകൂടത്തിന്റെ വിവിധ വിഭാഗങ്ങള്‍ യോജിച്ചുനിന്ന് പൗരന്റെ ജീവനെടുക്കാന്‍, പ്രത്യക്ഷമായും പരോക്ഷമായും പദ്ധതിയൊരുക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ സാമ്പത്തിക, അധികാര നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്യുന്നു. രാജ്യത്ത് പല ഭാഗങ്ങളിലായി അരങ്ങേറിയ ഏറ്റുമുട്ടല്‍ കൊലകളില്‍ പലതും ഇത്തരം പദ്ധതികളുടെ ഭാഗമാണെന്ന് വ്യക്തമാകുകയാണ്. ഇത് ഏറ്റവും സമര്‍ഥമായി നടപ്പാക്കിയത് ഗുജറാത്തിലാണെന്നും അത് പോലീസും ഇന്റലിജന്‍സും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്യുകയായിരുന്നുവെന്നും ഇശ്‌റത്ത് ജഹാന്‍ കേസ് പറഞ്ഞുതരുന്നു.
2002 മുതല്‍ 2007 വരെയുള്ള കാലത്ത് ഗുജറാത്തില്‍ അരങ്ങേറിയത് 22 ഏറ്റുമുട്ടലുകളാണ്. ഇവയില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും നരേന്ദ്ര മോഡിയെയോ സംഘ് പരിവാരത്തിലെ ഉയര്‍ന്ന നേതാക്കളെയോ വധിക്കാന്‍ ലക്ഷ്യമിട്ടെത്തിയ ഭീകരവാദികളായാണ് ചിത്രീകരിക്കപ്പെട്ടത്. ഇതിനെ സാധൂകരിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് ഗുജറാത്ത് പോലീസിന് ലഭിച്ച മുന്നറിയിപ്പ് റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജമായിരുന്നോ എന്ന സംശയം ഇശ്‌റത്ത് ജഹാന്‍ കേസിലെ സി ബി ഐ കുറ്റപത്രത്തോടെ ബലപ്പെടുകയാണ്. സാദിഖ് ജമാല്‍ എന്ന അത്താഴപ്പട്ടിണിക്കാരനെ, വെടിവെച്ചു കൊന്ന കേസ്, സുഹ്‌റാബുദ്ദീന്‍ ശൈഖിനെ വെടിവെച്ചു കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ച കേസ് എന്നിവയിലും പ്രതികള്‍ ലശ്കറെ ത്വയ്യിബ ബന്ധമുള്ള ഭീകരവാദികളെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളും ഇശ്‌റത്ത് കേസില്‍ ആരോപണം നേരിടുന്ന, അക്കാലത്ത് ഗുജറാത്തിലെ ഇന്റലിജന്‍സ് ബ്യൂറോ വിഭാഗത്തിന്റെ മേധാവിയായിരുന്ന, രജീന്ദര്‍ കുമാര്‍ തന്നെയാണ് തയ്യാറാക്കിയത്. വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കി, അതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകങ്ങള്‍ നടത്തി, ഏറ്റുമുട്ടലായി ചിത്രീകരിക്കുന്ന ഉദ്യോഗസ്ഥ റാക്കറ്റ് തന്നെ ഗുജറാത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ചുരുക്കം. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഏറെക്കുറെ തെളിഞ്ഞ മൂന്ന് കേസുകളാണ് ഇവ. ബാക്കി 19 എണ്ണത്തിന്റെ കാര്യത്തില്‍ യാഥാര്‍ഥ്യം എന്തെന്ന് അന്വേഷിക്കേണ്ടതല്ലേ?
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം മറയാക്കി മണിപ്പൂരിലും ജമ്മു കാശ്മീരിലുമൊക്കെ വ്യാജ ഏറ്റുമുട്ടലുകള്‍ അരങ്ങേറിയിട്ടുണ്ട്. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമൊക്കെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. അതില്‍ നിന്ന് ഗുജറാത്തിലെ സംഭവങ്ങളെ വ്യത്യസ്തമാക്കുന്നത് ഇന്റലിജന്‍സ് ബ്യൂറോയുടെ പങ്കാളിത്തമാണ്. രജീന്ദര്‍ കുമാറെന്ന ഉദ്യോഗസ്ഥന്‍ ഗുജറാത്തില്‍ നിയമിതനാകുന്നത് 2002ലാണ്. എ ബി വാജ്പയിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത്. ഈ ഉദ്യോഗസ്ഥനെ 2005ല്‍ ഒന്നാം യു പി എ സര്‍ക്കാര്‍ പിന്‍വലിച്ച് മറ്റൊരുദ്യോഗസ്ഥനെ നിയമിച്ച ശേഷവും ഗുജറാത്തില്‍ നിന്ന് ഇത്തരം മുന്നറിയിപ്പ് റിപ്പോര്‍ട്ടുകളുണ്ടായി, ഏറ്റുമുട്ടല്‍ കൊലകളും. ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരില്‍ ചിലരെങ്കിലും വര്‍ഗീയമനസ്‌കരായി മാറിയതിന്റെ ഫലമാണ് ഇത്തരം ഏറ്റുമുട്ടല്‍ കൊലകളെന്ന് ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു. 2002ലെ നൃശംസമായ വംശഹത്യക്ക് ശേഷമാണ് ഇത്തരം ഏറ്റുമുട്ടലുകള്‍ അരങ്ങേറിയത് എന്നതും രാജ്യത്തിന്റെ ഇതര മേഖലകളില്‍ ഇത്തരം ആസൂത്രിത ഏറ്റുമുട്ടലുകളുണ്ടായില്ല എന്നതും കൂടി പരിഗണിക്കുമ്പോള്‍ തീവ്രഹിന്ദുത്വ അജന്‍ഡ, അതിന്റെ എല്ലാ ആസുരതയോടും കൂടി നടപ്പാക്കാന്‍ തക്ക ഭരണസംവിധാനമുണ്ടെന്ന തിരിച്ചറിവ് വര്‍ഗീയമനസ്‌കരായ ഉദ്യോഗസ്ഥര്‍ക്ക് എന്തും ചെയ്യാനുള്ള കരുത്ത് നല്‍കിയെന്ന് വേണം കരുതാന്‍.
സുഹ്‌റാബുദ്ദീന്‍ ശൈഖിനെ വെടിവെച്ചു കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയും ഭാര്യ കൗസര്‍ബിയെ കൊലപ്പെടുത്തി ശരീരം ചുട്ടെരിച്ച് ചാരം നദിയിലൊഴുക്കുകയും ചെയ്ത കേസില്‍ ആരോപണവിധേയനായ അമിത് ഷാ ഗുജറാത്തിലെ മുന്‍ മന്ത്രിയും നരേന്ദ്ര മോഡിയുടെ അടുത്ത അനുയായിയുമാണ്. ഈ കേസില്‍ സാക്ഷിയായിരുന്ന തുള്‍സി റാം പ്രജാപതിയെ കൊലപ്പെടുത്തി ഏറ്റുമുട്ടലായി ചിത്രീകരിച്ച കേസിലും അമിത് ഷാ ആരോപണവിധേയനാണ്. ഇശ്‌റത്ത് ജഹാന്‍ കേസിലും അമിത് ഷായുടെ പങ്ക് സംബന്ധിച്ച സംശയങ്ങള്‍ നിലനില്‍ക്കുന്നു. ഇശ്‌റത്തുള്‍പ്പെടെ നാല് പേരെ വെടിവെച്ച് കൊല്ലുന്നതിന് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണമെന്ന് രജീന്ദര്‍ കുമാര്‍, കൊലക്ക് നേതൃത്വം നല്‍കിയ ഐ പി എസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാരയോട് ആവശ്യപ്പെടുന്നത് കേട്ടുവെന്ന് ഗുജറാത്ത് പോലീസിലെ ഡിവൈ എസ് പി, കോടതി മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. “വെളുത്ത താടി”യുടെയും (നരേന്ദ്ര മോഡി) “കറുത്ത താടി”യുടെയും (അമിത് ഷാ) അനുമതി താന്‍ വാങ്ങിക്കൊള്ളാമെന്ന് ഡി ജി വന്‍സാര പറഞ്ഞതായും മൊഴിയില്‍ പറയുന്നു. ഇവരുടെ അനുമതി വാങ്ങിയെടുക്കാന്‍ പ്രയാസമില്ലെന്ന ധ്വനിയാണ് വന്‍സാരയുടെ വാക്കുകളിലുള്ളത്. വ്യാജ ഏറ്റുമുട്ടലുകളുടെ സൃഷ്ടി പതിവ് രീതിയായി മാറിയിരുന്നുവെന്നോ, അത്തരം സംഭവങ്ങളുടെ സൃഷ്ടിയാകാമെന്ന് താടിവേഷക്കാര്‍ നേരത്തെ തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നോ കരുതണം. നടന്നത് വ്യാജ ഏറ്റുമുട്ടലല്ല, മറിച്ച് ആക്രമണം നടത്താന്‍ പദ്ധതിയിട്ടെത്തിയവരെ തടയാന്‍ ശ്രമിച്ചപ്പോഴുണ്ടായ ഏറ്റുമുട്ടലാണെന്ന് നരേന്ദ്ര മോഡിയും മറ്റും ശക്തമായി വാദിക്കുന്നുണ്ട്. മോഡിയുടെയും ഷായുടെയും അനുമതി വാങ്ങിയെടുത്തുവെന്ന് ഉദ്യോഗസ്ഥന്‍ വെറുംവാക്ക് പറഞ്ഞതാണെങ്കില്‍, പദവിയും പാരിതോഷികവും ലാക്കാക്കി ഉദ്യോഗസ്ഥര്‍ നടത്തിയ ക്രൂരതയെ തള്ളിപ്പറഞ്ഞ് തടി കാക്കാന്‍ താടിക്കാര്‍ക്ക് എളുപ്പത്തില്‍ സാധിക്കുമായിരുന്നു. അതിനല്ല, നടന്നത് ഏറ്റുമുട്ടല്‍ തന്നെയെന്ന് സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
ഇത്രയൊക്കെയായിട്ടും കൃത്യമായ അന്വേഷണം നടത്തി, കുറ്റക്കാരെ കണ്ടെത്താനും അവരുടെ ഉദ്ദേശ്യം പുറത്തുകൊണ്ടുവരാനും ശ്രമമില്ലെന്നതാണ് ഖേദകരം. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ഏറെ മുമ്പ് തന്നെ ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് വ്യാജമായിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. അതേക്കുറിച്ച് അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ രജീന്ദര്‍ കുമാറിന്റെ പേര് പുറത്തുവന്നപ്പോള്‍ രജീന്ദറിനെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഐ ബിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിനെ സര്‍ക്കാര്‍ ഭയക്കുന്നുണ്ടാകാം. പക്ഷേ, ഐ ബിയിലെ ഉദ്യോഗസ്ഥരില്‍ ആരെങ്കിലും കൂട്ടക്കുരുതിക്ക് അരു നിന്നിട്ടുണ്ടെങ്കില്‍ അത് പരസ്യപ്പെടുത്തേണ്ട ബാധ്യത ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ സര്‍ക്കാറിനുണ്ട്. എന്നാല്‍ “”ഞങ്ങള്‍ വിവരം ശേഖരിച്ച് കൈമാറുക മാത്രമാണ് ചെയ്യുന്നതെ”ന്നും “അതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ വേട്ടയാടുന്നത് ശരിയല്ലെന്നു”മാണ് രാജ്യത്തെ ഇന്റലിജന്‍സ് ബ്യൂറോയുടെ ഡയറക്ടര്‍ ആസിഫ് ഇഖ്ബാല്‍ പറയുന്നത്. രഹസ്യമായി വിവരങ്ങള്‍ ശേഖരിക്കുക തന്നെയാണ് ഐ ബിയുടെ ജോലി. രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്ന് ജാഗ്രതയോടെ അന്വേഷിക്കുകയും കൃത്യമായ വിവരങ്ങള്‍ സര്‍ക്കാറിനും അതുവഴി ക്രമസമാധാനപാലന ഏജന്‍സികള്‍ക്കും ലഭ്യമാക്കി, ആക്രമണങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുകയുമാണ് വേണ്ടത്. അതാണോ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് എന്ന ചോദ്യമുയരുമ്പോള്‍ അത് അന്വേഷിക്കപ്പെടണം. ഏജന്‍സിയിലെ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുമെന്ന കാരണം പറഞ്ഞ് അത്തരമൊരന്വേഷണത്തെ തടയുന്നത് ഉചിതവുമല്ല.
ഇശ്‌റത്തിന്റെ ലശ്കറെ ത്വയ്യിബ ബന്ധത്തിന് തെളിവായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴിയാണ് ഐ ബി ചൂണ്ടിക്കാണിക്കുന്നത്. ഹെഡ്‌ലി ഇത്തരത്തിലൊരു മൊഴി നല്‍കിയിട്ടില്ലെന്ന് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഹെഡ്‌ലി അത്തരത്തിലൊരു മൊഴി നല്‍കിയിട്ടുണ്ടെന്ന് തന്നെ വിശ്വസിക്കുക. ലശ്കര്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്താലുടന്‍ വെടിവെച്ചു കൊന്ന് ഏറ്റുമുട്ടലായിചിത്രീകരിക്കുന്നതാണോ രാജ്യത്തെ രീതി എന്ന ചോദ്യം ഇവിടെ ഉയരും. അംജദ് അലി റാണയെയും സീഷന്‍ ജോഹറിനെയും കൊലപ്പെടുത്തുന്നതിന് ഒന്നര മാസത്തോളം മുമ്പ് കസ്റ്റഡിയിലെടുത്തതാണെന്ന് സി ബി ഐ പറയുന്നു. ഇവരെ നീതിന്യായ സംവിധാനത്തിന് മുന്നില്‍ക്കൊണ്ടുവന്ന്, വിചാരണ നടത്തി കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കാമായിരുന്നുവല്ലോ? അതിന് തയ്യാറാകാതിരുന്നത്, ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ മുന്നറിയിപ്പ് സന്ദേശം ആധികാരികമായിരുന്നില്ല എന്ന് തന്നെയാണ് തെളിയിക്കുന്നത്.
എന്തിനു വേണ്ടിയാണ് ഇത്തരം ഏറ്റുമുട്ടലുകള്‍ സംഘടിപ്പിക്കപ്പെട്ടത് എന്നതിനുള്ള ഉത്തരമാണ് ഏറ്റവും പ്രധാനം. സുഹ്‌റാബുദ്ദീന്‍ ശൈഖ് കേസില്‍, അമിത് ഷായുടെ ആശീര്‍വാദത്തോടെ നടന്നിരുന്ന വ്യവസായികളെയും മറ്റും ഭീഷണിപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ നടത്തിയ കൊലയെന്ന് വേണമെങ്കില്‍ വിശദീകരിക്കാം. സാദിഖ് ജമാല്‍, ഇശ്‌റത്ത് ജഹാന്‍ കേസുകളില്‍ അതല്ല സ്ഥിതി. വസ്തുത പുറത്തുവരേണ്ടത് വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരില്‍ നിന്നാണ്. താടിക്കാരുടെ അനുമതി വാങ്ങാന്‍ പ്രയാസമില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥരില്‍ നിന്നുമാണ്. ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച്, പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന നരേന്ദ്ര മോഡി, ലശ്കറെ ത്വയ്യിബക്കാരാല്‍ നിരന്തരം ലക്ഷ്യമാക്കപ്പെടുന്നയാളാണ് താനെന്ന് സ്ഥാപിക്കാനും അതുവഴി ഹിന്ദുത്വവാദികളില്‍ അഗ്രഗണ്യനാകാനും ശ്രമിച്ചതാണോ? അതോ “എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല, പക്ഷേ എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്” എന്ന ചൊല്ലിനെ “എല്ലാ മുസ്‌ലിംകളും ഭീകരവാദികളാണ്” എന്നതിലേക്ക് ചുരുക്കിയെഴുതാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ സംഘ്പരിവാര്‍ അറിഞ്ഞ് ആസൂത്രണം ചെയ്തതാണോ ഈ പദ്ധതി? മലേഗാവ്, അജ്മീര്‍, മക്ക മസ്ജിദ് സ്‌ഫോടനങ്ങളും സംഝോത എക്‌സ്പ്രസിലുണ്ടായ ആക്രമണവും ഹിന്ദുത്വ ഭീകരവാദികള്‍ നടത്തിയതാണെന്ന് കൂടി തെളിയുന്ന പശ്ചാത്തലത്തില്‍ ഏറ്റുമുട്ടലുകള്‍ക്ക് പിന്നിലെ വിശാല ഗൂഢാലോചന അന്വേഷിക്കേണ്ടത് തന്നെയാണ്.
ഭരണ സംവിധാനത്തിന്റെ എല്ലാ ഘടകങ്ങളിലും സംഘ്പരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റിയിരുന്നു എ ബി വാജ്പയി പ്രധാനമന്ത്രിയും എല്‍ കെ അഡ്വാനി ആഭ്യന്തര മന്ത്രിയുമായിരുന്ന കാലത്ത് എന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. സംഘ് അനുകൂലികളെ സുപ്രധാന സ്ഥാനങ്ങളില്‍ നിയോഗിച്ചതായും ആരോപണമുണ്ടായിരുന്നു. വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തിയുണ്ട്. യാഥാര്‍ഥ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക്, രാഷ്ട്രീയ ലാക്ക് നോക്കാതെ പിന്തുണ നല്‍കുമോ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്നതാണ് അറിയേണ്ടത്. അതോ ഇന്റലിജന്‍സിന്റെ മനോവീര്യം നിലനിര്‍ത്താനും വ്യാജ റിപ്പോര്‍ട്ടിനെ അധികരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ആഭ്യന്തര വകുപ്പിനെ സംരക്ഷിക്കാനും ശ്രമിച്ച് ഇക്കാലം വരെ തുടര്‍ന്ന മഹത്തായ ജനാധിപത്യത്തെ തുടരാന്‍ അനുവദിക്കുമോ എന്നും.

 

sankaranrajeev@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest