Connect with us

Editorial

രാമക്ഷേത്ര നിര്‍മാണം ഒരു പുകമറയാണ്

Published

|

Last Updated

ദേശീയ രാഷ്ട്രീയത്തില്‍ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബി ജെ പി 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവസാന തുറുപ്പ് ശീട്ടെന്നോണം രാമക്ഷേത്ര നിര്‍മാണം പുറത്തെടുത്തിരിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വലംകൈയും യു പി ബി ജെ പിയുടെ ചുമതലക്കാരനുമായ അമിത് ഷായാണ് അയോധ്യയിലെത്തി ക്ഷേത്രം സാധ്യമാക്കാന്‍ ബി ജെ പി കിണഞ്ഞുപരിശ്രമിക്കും എന്ന് പ്രഖ്യാപിച്ചത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി വോട്ടുകളുടെ എണ്ണം കൂട്ടുക എന്ന പഴയ അജന്‍ഡയാണ് ഇതിന് പിന്നിലെന്ന് സാമാന്യ ബുദ്ധികൊണ്ട് തന്നെ കണ്ടെത്താകുന്നതേയുള്ളൂ.
തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കുമ്പോള്‍ എന്തിനാണ് ബി ജെ പി വീണ്ടും രാമക്ഷേത്ര നിര്‍മാണം മുന്നോട്ടുവെക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പി നേരിടുന്ന പുതിയ വെല്ലുവിളികള്‍ തന്നെയാണ് പാര്‍ട്ടിയെ രാമക്ഷേത്ര നിര്‍മാണത്തിലേക്ക് വീണ്ടും വലിച്ചിഴക്കുന്നത്. മോഡിയെ ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ മുഖ്യ റോളിലേക്ക് കൊണ്ടുവന്നതോടെയാണ് ബി ജെ പിക്കുള്ളില്‍ ചില പൊട്ടിത്തെറികള്‍ ഉണ്ടായത്. ഇതിന്റെ അനന്തര ഫലമെന്നോണം ദീര്‍ഘകാലമായി ബി ജെ പിയുടെ സഖ്യകക്ഷിയായിരുന്ന ജെ ഡി(യു) മുന്നണിയെ മൊഴിചൊല്ലി പുറത്തുപോയി. ഇതിനേക്കാള്‍ മാരകമായിരുന്നു അഡ്വാനിയുടെ രാജിവെക്കലും തുടര്‍ന്നുള്ള ഒച്ചപ്പാടുകളും. ബി ജെ പിക്കുള്ളില്‍ ചൂടുപിടിച്ച ശീതസമരങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് “ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു” എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി ബി ഐ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മോഡിയെ വധിക്കാനെത്തിയവരെന്ന വ്യാജേന നിരപരാധികളെ നടുറോഡിലിട്ട് അരുംകൊല ചെയ്യുകയായിരുന്നു ഗുജറാത്ത് പോലീസെന്ന് സി ബി ഐ കണ്ടെത്തി. രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചോരപുരണ്ട കൈകള്‍ ഇതിന് പിന്നിലുണ്ടെന്ന് സി ബി ഐക്ക് വ്യക്തമാകുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ അവിടെ നിന്നും മുന്നോട്ടുപോയി. ഇപ്പോള്‍ കൊല ചെയ്തവരില്‍ നിന്ന് കൊല ചെയ്യിച്ചവരിലേക്കും അന്വേഷണം നീളുമെന്നും ചില കറുത്ത താടിക്കാരും വെളുത്ത താടിക്കാരും സംശയത്തിന്റെ നിഴലിലുണ്ടെന്നും സൂചനകള്‍ ലഭിക്കുകയും ചെയ്തു. ഇത്തരത്തിലൊരു സന്ദിഗ്ധ ഘട്ടത്തിലാണ് പാര്‍ട്ടിയുടെ രാമക്ഷേത്ര നിര്‍മാണ അജന്‍ഡ പുറത്തുചാടുന്നത്. ഹിന്ദുത്വം കൊണ്ടും അരുംകൊലകൊണ്ടും വര്‍ഗീയത തലക്ക് പിടിച്ച കുറച്ച് പേരെ മാത്രമേ കൂടെ പിടിച്ചുനിര്‍ത്താന്‍ കഴിയൂ എന്നും തിരഞ്ഞെടുപ്പിനെ നേരിടാന്‍ കൈയില്‍ ഒന്നുമില്ലെന്നും തിരിച്ചറിഞ്ഞതോടെയാണ് രാമക്ഷേത്രം പാര്‍ട്ടി പൊടിതട്ടിയെടുക്കുന്നത്.
വരാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പി വര്‍ഗീയ അജന്‍ഡ പുറത്തെടുക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പെട്ട് രാജിവെക്കേണ്ടി വരികയും ജയിലഴി എണ്ണേണ്ടി വരികയും ജാമ്യത്തിലിറങ്ങി നെഞ്ച് വിരിച്ച് നടക്കുകയും ചെയ്യുന്ന അമിത് ഷായെ യു പിയില്‍ ബി ജെ പിയുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരകനാക്കിയതും പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതും ഇതിന്റെ ആദ്യ പടിയായിരുന്നു. സി ബി ഐയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാണ് ഷായെ അധികം വൈകാതെ പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയാക്കിയതെന്ന് വ്യക്തമാണ്. 1990കളുടെ തുടക്കത്തില്‍ യു പിയില്‍ ബി ജെ പി നേട്ടമുണ്ടാക്കിയത് രാമക്ഷേത്ര നിര്‍മാണത്തിന്റെ പുകമറയിലായിരുന്നു. യു പിയില്‍ ആധിപത്യം നേടിയാല്‍ കേന്ദ്രത്തിലേക്കുള്ള വഴി എളുപ്പമാകുമെന്ന് നിരവധി പാര്‍ട്ടികള്‍ക്ക് തിരിച്ചറിവുണ്ടായതും അതിന് ശേഷമാണ്. തങ്ങളുടെ പഴയ ശക്തികേന്ദ്രത്തിലെ ആ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ തികച്ചും വര്‍ഗീയ അജന്‍ഡ മാത്രം ലക്ഷ്യം വെച്ച് അമിത് ഷായെ യു പിയുടെ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയായുരുന്നു ബി ജെ പി. ഇതിന്റെ അനുബന്ധമായാണ് ബാബരി മസ്ജിദ് തകര്‍ത്ത് താത്കാലികമായി കെട്ടിയുണ്ടാക്കിയ ക്ഷേത്രത്തില്‍ വിവാദപുരുഷന്‍ സന്ദര്‍ശനം നടത്തുന്നതും രാമക്ഷേത്രം കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്‌നമാണെന്ന് തട്ടിവിട്ടതും. തുടക്കത്തില്‍ വികസനവും അഴിമതിവിരുദ്ധതയുമാണ് തങ്ങളുടെ മുഖ്യ തിരഞ്ഞെടുപ്പ് അജന്‍ഡ എന്ന് വീരവാദം മുഴക്കിയ പാര്‍ട്ടി അതുകൊണ്ട് മാത്രം തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ കഴിയില്ലെന്ന് തിരിച്ചറിവ് നേടുന്നതോടെ കളം മാറി കളിക്കുകയാണെന്ന് സാരം. യു പിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 40 ലും മികച്ച പ്രകടനം കാഴ്ചവെക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് പാര്‍ട്ടി രാമക്ഷേത്ര നിര്‍മാണം മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്.
എന്തൊക്കെ വര്‍ഗീയ അജന്‍ഡകള്‍ കളിച്ചാലും തിരിച്ചറിവ് നേടിയവരാണ് യു പിയിലെ ജനങ്ങള്‍ എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി ബി ജെ പിക്ക് മറുപടി നല്‍കിയിരിക്കുന്നത്. അതായത്, കാര്യങ്ങള്‍ ബി ജെ പിയുടെ നിയന്ത്രണത്തില്‍ നിന്ന് വഴുതിമാറിക്കൊണ്ടേയിരിക്കുന്നു എന്നര്‍ഥം. മോഡിയെ മാത്രം മുന്നില്‍ വെച്ച് തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നതിലെ വിഡ്ഢിത്തം തിരിച്ചറിഞ്ഞ് പാര്‍ട്ടി രാമക്ഷേത്ര നിര്‍മാണം കൂടി മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും യു പിയില്‍ നിലവിലെ സാഹചര്യത്തില്‍ വര്‍ഗീയ അജന്‍ഡ സാധാരണ വോട്ടര്‍മാരില്‍ സ്വാധീനം നേടാനിടയില്ല. കാരണം ഇന്ത്യയിലാകമാനം ന്യൂനപക്ഷ, മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണം സംഭവിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വികസനത്തിന്റെ മറവില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ബി ജെ പിയുടെ നിലപാട് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും യു പി നിരാകരിച്ചതാണ്. ഏതാനും സീറ്റുകള്‍ക്കോ തുച്ഛമായ വോട്ടുകള്‍ക്കോ വേണ്ടി രാഷ്ട്രീയ രംഗം കലുഷിതമാക്കാനും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുമുള്ള ഒളിയജന്‍ഡ പുറത്തെടുക്കുന്ന ബി ജെ പി നേതൃത്വം, കാലത്തിനനുസരിച്ച് മാറിയിട്ടില്ലെന്നാണ് ബോധ്യപ്പെടുത്തുന്നത്. ജനങ്ങളെ വിഭജിക്കാനും മതത്തിന്റെയും വര്‍ഗീയതയുടെയും പേരില്‍ ചേരിതിരിവുണ്ടാക്കാനുമുള്ള ബി ജെ പിയുടെയും മോഡിയുടെയും അജന്‍ഡ ഇന്ത്യയിലെ ജനാധിപത്യ സമൂഹം തള്ളിക്കളയും.

Latest