മസ്ജിദുകളും തമ്പുകളുമൊരുങ്ങി; നോമ്പുകാരെ വരവേല്‍ക്കാന്‍

Posted on: July 7, 2013 8:30 pm | Last updated: July 7, 2013 at 8:30 pm

ഷാര്‍ജ: പരിശുദ്ധ റമസാന്‍ അടുത്തതോടെ നോമ്പുകാരെ സ്വീകരിക്കാന്‍ മസ്ജിദുകളും ഇഫ്താര്‍ തമ്പുകളും ഒരുങ്ങി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നൂറുകണക്കിനു തമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. പള്ളികള്‍ക്കടുത്തും വഴിയോരങ്ങളിലുമാണ് പ്രധാനമായും തമ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ലേബര്‍ ക്യാമ്പുകള്‍ക്കും ബാച്ചിലേഴ്‌സ് താമസകേന്ദ്രങ്ങള്‍ക്കു സമീപവും തമ്പുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ദീര്‍ഘദൂര യാത്രക്കാര്‍ക്കും തുച്ഛവരുമാനക്കാരായ തൊഴിലാളികള്‍ക്കും ഏറെ ആശ്വാസകരമാണ് ഈ തമ്പുകള്‍.
ഫെഡറല്‍ ഔഖാഫ്, മന്ത്രാലയങ്ങള്‍, റെഡ് ക്രസന്റ് സൊസൈറ്റി തുടങ്ങിയ ജീവകാരുണ്യ സംഘടനകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരാണ് തമ്പുകള്‍ സ്ഥാപിക്കുന്നതില്‍ നേതൃത്വം വഹിക്കുന്നത്. സ്വദേശികളും വിദേശികളുമായ നൂറുകണക്കിനു പേരാണ് തമ്പുകളില്‍ നോമ്പ് തുറക്കെത്തുക. ഈത്തപ്പഴം, വെള്ളം, പഴച്ചാര്‍ എന്നിവക്കു പുറമെ പഴ വര്‍ഗങ്ങള്‍, ഹരീസ്, ബിരിയാണി, മോര് തുടങ്ങിയ വിഭവസമൃദ്ധമായ നോമ്പുതുറയാണ് തമ്പുകളില്‍ ലഭിക്കുക. നോമ്പുതുറക്കു പുറമേ ഭക്ഷ്യവസ്തുക്കള്‍ വീടുകളിലേക്ക് കൊണ്ടുപോകാനായി പാര്‍സലുകളും ചില തമ്പുകള്‍ ഒരുക്കുന്നുണ്ട്.
ചൂട് കൂടിയ സമയമായതിനാല്‍ എല്ലാ തമ്പുകളിലും ശീതീകരണി സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരെ ഒന്നിച്ചു നോമ്പ് തുറപ്പിക്കാനായി അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ വിശാലമായ സൗകര്യങ്ങളാണ് അധികൃതര്‍ സംവിധാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസ് ഉണ്ടാവും.
മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിനാളുകള്‍ക്ക് അനുഗ്രഹമാകുന്ന റമസാന്‍ ടെന്റുകളുടെ സുരക്ഷയും മറ്റും അധികൃതര്‍ കര്‍ശനമായി പരിശോധിക്കുന്നുണ്ട്. സിവില്‍ ഡിഫന്‍സിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത തമ്പുകള്‍ ഏതാനും ദിവസം മുമ്പ് അധികൃതര്‍ പൊളിച്ചു മാറ്റിയിരുന്നു.
അതേസമയം റമസാനിലെ പ്രത്യേക പ്രാര്‍ഥനകളായ തറാവീഹിനെയും മറ്റും വരവേല്‍ക്കാന്‍ രാജ്യത്തെ മസ്ജിദുകള്‍ ഒരുങ്ങിക്കഴിഞ്ഞു. റമസാനോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി മസ്ജിദുകള്‍ സ്ഥാപിക്കുകയും നിലവിലുള്ളവയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിരുന്നു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ അല്‍ ഖാസിമി എമിറേറ്റിലെ മസ്ജിദുകളില്‍ കാഴ്ചശക്തിയില്ലാത്തവര്‍ക്കായി ബ്രെയ്‌ലി ലിപിയിലുള്ള ഖുര്‍ആന്‍ ഏര്‍പ്പെടുത്തിയത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.