വേങ്ങരയില്‍ ലീഗ്-കോണ്‍ഗ്രസ് പോര്‌

Posted on: July 7, 2013 7:12 am | Last updated: July 7, 2013 at 7:12 am

വേങ്ങര: നിയോജക മണ്ഡലത്തില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസ് ഔദ്യോഗിക വിഭാഗവും തമ്മിലുള്ള പോര് രൂക്ഷം. വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കൊണ്‍ഗ്രസ് അംഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തി.
മണ്ഡലത്തില്‍ ഉള്‍പ്പെട്ട കണ്ണമംഗലം ഗ്രാമ പഞ്ചായത്തില്‍ ഐ എ വൈ ഗുണഭോക്തൃ ലിസ്റ്റില്‍ ലീഗ് നേതൃത്വം അഴിമതി കാണിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വരികയും കോണ്‍ഗ്രസ് അംഗമായ കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ലീഗ് അംഗങ്ങള്‍ അവിശ്വാസം കൊണ്ടുവരികയും ഇതെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗമായ വൈസ് പ്രസിഡന്റ് ഇ പി സുബൈദ രാജിവെക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ഇരു പാര്‍ട്ടികളുടെയും വൈര്യമാണ് വേങ്ങര ഗ്രാമ പഞ്ചായത്തിനെയും ബാധിച്ചത്. കണ്ണമംഗലം-വേങ്ങര ഗ്രാമ പഞ്ചായത്തുകള്‍ പ്രവര്‍ത്തന പരിധിയായ വേങ്ങര സര്‍വീസ് സഹകരണ ബേങ്കിലും ഇരുപാര്‍ട്ടികളും സ്ഥാനമാനങ്ങളെ ചൊല്ലി ഭിന്നത നില നിന്നിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന ബേങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഔദ്യോഗിക വിഭാഗവും മുസ്‌ലിം ലീഗും നേര്‍ക്ക് നേര്‍ മത്സരിക്കുകയും കോണ്‍ഗ്രസ് ഔദ്യോഗിക വിഭാഗവുമായി ഇടഞ്ഞ് നില്‍ക്കുന്ന വിശാല ഐ ഗ്രൂപ്പുമായി സഖ്യമുണ്ടാക്കി മുഴുവന്‍ സീറ്റിലും വിജയിക്കുകയും ചെയ്തിരുന്നു. വിജയാഹ്ലാദത്തെ തുടര്‍ന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ കോണ്‍ഗ്രസ് മണ്ഡലം നേതൃത്വത്തിനും ആര്യാടന്‍ മുഹമ്മദിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു. കൂടാതെ വേങ്ങര സര്‍ക്കാര്‍ കോളജ് പ്രശ്‌നത്തില്‍ പൊതു വികാരം മാനിച്ച് പ്രാദേശിക ലീഗ് നേതാക്കളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് സമര രംഗത്തിറങ്ങുകയും സി പി എമ്മിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച കോളജ് സംരക്ഷണ സമിതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സജീവമായി പങ്കെടുക്കുന്നതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇരു പാര്‍ട്ടികളും തമ്മിലുള്ള വൈര്യം മൂത്തതോടെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നാളെ വിശദീകരണ പൊതുയോഗവും ശക്തി പ്രകടനവും നടത്തുന്നുണ്ട്. അതേ സമയം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയില്‍ കോണ്‍ഗ്രസ് കൈയാളുന്ന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് യൂത്ത് ലീഗ് വേങ്ങര ടൗണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാല്‍ അവിശ്വാസം കൊണ്ടുവന്ന് കോണ്‍ഗ്രസ് അംഗമായ വൈസ് പ്രസിഡന്റ് പി പി സഫീര്‍ ബാബുവിനെ പുറത്താക്കി ഔദ്യോഗിക കോണ്‍ഗ്രസുമായി ഭിന്നിച്ച് നില്‍ക്കുന്ന വിശാല ഐ ഗ്രൂപ്പ് അംഗത്തെ വൈസ് പ്രസിഡന്റാക്കാനും ലീഗിനുള്ളില്‍ കരുക്കള്‍ നീക്കുന്നുണ്ട്.
എന്നാല്‍ അവിശ്വാസ പ്രമേയം വരും മുന്‍പെ സഫീര്‍ ബാബു രാജിവെക്കാനും നീക്കമുണ്ട്. വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും സി പി എമ്മുമായി അടവ് നയത്തിലൂടെ കോണ്‍ഗ്രസ് മത്സരിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ നടത്തുന്നതായി ശ്രുതിയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് വിശാല ഐ ഗ്രൂപ്പ് രംഗത്ത് വന്നിട്ടുണ്ട്.