കൗണ്‍സില്‍ അനുമതിയില്ലാതെ പദ്ധതികള്‍; മലപ്പുറം നഗരസഭയില്‍ പ്രതിപക്ഷ ബഹളം

Posted on: July 7, 2013 7:09 am | Last updated: July 7, 2013 at 7:09 am

മലപ്പുറം: നഗരസഭാ കൗണ്‍സിലിനെ അറിയിക്കാതെ പദ്ധതികള്‍ക്ക് ചെയര്‍മാന്‍ അനുവാദം നല്‍കുന്നെന്ന് ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ പ്രസവ ശുശ്രൂഷ ബ്ലോക്കിലെ വൈദ്യുതീകരണത്തിന് മുന്‍കൂര്‍ അനുമതി നല്കിയതുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷ ബഹളം.
പദ്ധതിക്ക് അനുമതി നല്‍കിയതിനുശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ചെയര്‍മാന്‍ കൗണ്‍സിലിന്റെ അംഗീകാരം തേടിയത്. ഇത് അധികാര ദുര്‍ വിനിയോഗമാണെന്ന് പ്രതിപക്ഷനേതാവ് പാലോളി കുഞ്ഞിമുഹമ്മദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ അനുവദിച്ച തുക നഷ്ടപ്പെടാതിരിക്കാനാണ് കൗണ്‍സിമലിന്റെ അനുമതിക്ക് കാത്തുനില്‍ക്കാതെ ടെന്‍ഡര്‍ അംഗീകരിച്ചതെന്ന് ചെയര്‍മാന്‍ കെ പി മുസ്തഫ പറഞ്ഞു. മേല്‍മുറി പ്രിയദര്‍ശിനി കോളജ് റോഡ് ആസ്തി രജിസ്റ്ററില്‍ ചേര്‍ത്ത് തുടര്‍ നടപടികളെടുക്കാന്‍ യോഗം അനുമതി നല്‍കി. പെരുമ്പറമ്പ് കരിക്കാപ്പറമ്പ് റോഡ് ടാറിംഗ് പ്രവര്‍ികള്‍ക്ക് സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ കോച്ചീരിക്കുഴി കുട്ടശ്ശേരി വളപ്പ് റോഡിലേക്ക് മാറ്റും. രാസവളം, കീടനാശിനി എന്നിവ വാങ്ങിയതില്‍ നടപടിക്രമങ്ങളില്‍ പാലിച്ചില്ലെന്ന വിമര്‍ശനത്തിനും ജൈവവളം വിതരണത്തില്‍ അധിക സബ്‌സിഡി നല്‍കി അഞ്ച് ലക്ഷത്തോളം രൂപ അധികം ചിലവഴിച്ചതിലും കൃഷി ഓഫീസര്‍ മറുപടി തന്നിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു.