കഥാകാരനെ അടുത്തറിയാന്‍ അവര്‍ ബേപ്പൂര്‍ സുല്‍ത്താന്റെ വീട്ടിലെത്തി

Posted on: July 7, 2013 7:02 am | Last updated: July 7, 2013 at 7:02 am

മുക്കം: വായിച്ചും കേട്ടും മനസ്സിലാക്കിയ ബേപ്പൂര്‍ സുല്‍ത്താന്റെ വീട്ടില്‍ അവരെത്തി. സൗത്ത് കൊടിയത്തൂര്‍ എ യു പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ബഷീറിന്റെ വൈലാലില്‍ വീട്ടിലെത്തിയത്.
ബഷീര്‍ ചിത്രങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്ന ഗ്രാമഫോണും ചാരുകസേരയും കണ്ണടയും താമ്ര പത്രങ്ങളും കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ഫാബി ബഷീറുമായും മക്കളായ ഷാഹിനയുമായും അനീസ ്ബഷീറുമായും കുട്ടികള്‍ കൂടിക്കാഴ്ച നടത്തി.
വൈലാലില്‍ വീട്ടില്‍ അനുസ്മരണ ചടങ്ങിനെത്തിയ സാഹിത്യകാരന്മാരെ പരിചയപ്പെടാനും സാധിച്ചു. സ്‌കൂളില്‍ നടന്ന ബഷീര്‍ കഥകളുടെ ആസ്വാദനകുറിപ്പ് മത്സരത്തിലും ക്വിസ് മത്സരത്തിലും വിജയികളായ എന്‍ കെ അശ്വിന്‍, റജിയ കൊല്ലേനി, ഫാത്വിമ ജഹാന, ദില്‍ഷ സലാം എന്നിവര്‍ക്ക് ബഷീര്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു. കെ മുഹമ്മദ് നാദിര്‍, ബഷീര്‍മാല ചൊല്ലിക്കേള്‍പ്പിച്ചു. അധ്യാപകരായ മജീദ് പൂതൊടി, പി അബ്ദുസ്സലാം, പി സി മുജീബ് റഹ്മാന്‍, പി മുഹമ്മദ്, എന്‍ കെ ദിനേശ് നേതൃത്വം നല്‍കി.