Connect with us

Editorial

തിരഞ്ഞെടുപ്പ് പ്രകടനപത്രിക

Published

|

Last Updated

സമ്മതിദായകരെ കൈയിലെടുക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ അവയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ അക്കമിട്ട് നിരത്തുന്ന സാര്‍വത്രിക സൗജന്യങ്ങളും മോഹന വാഗ്ദാനങ്ങളും എന്നും ചര്‍ച്ചാവിഷയമായിട്ടുണ്ട്. വിരുദ്ധ മുന്നണികളിലുള്ളവര്‍ ഇക്കാര്യത്തില്‍ കടുത്ത മത്സരം തന്നെ നടത്തുമ്പോള്‍ അത് സൃഷ്ടിക്കുന്ന പൊലിമയിലും ആരവങ്ങളിലും അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ അതീവ ഗൗരവമര്‍ഹിക്കുന്നതാണ്. സമ്മതിദായകരെ സ്വാധീനിക്കാന്‍ ഏത് അടവും എടുത്ത് പ്രയോഗിക്കുന്ന രാഷ്ട്രീയക്കാര്‍ വാസ്തവത്തില്‍ ജനാധിപത്യത്തിന്റെ ഉരക്കല്ലായ ജനഹിതത്തിന്റെ വേരുകളിലാണ് മായം ചേര്‍ക്കുന്നത്. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിധിയെഴുത്തെന്ന മഹനീയ ജനാധിപത്യ സങ്കല്‍പ്പത്തെയാണ് പ്രകടനപത്രികകളിലെ കണ്‍കെട്ടു വിദ്യകള്‍ കൊണ്ട് തകിടം മറിക്കുന്നത്. സമ്മതിദായകര്‍ക്ക് മുമ്പാകെ പൊള്ളയായ വാഗ്ദാനങ്ങള്‍ അണിനിരത്തുന്നത് ഒരു തരം വഞ്ചനയാണെങ്കിലും നിലവിലുള്ള നിയമത്തിന്‍ കീഴില്‍ ഇത് അഴിമതിയുടെ നിര്‍വചനത്തില്‍ വരുന്നില്ല. ഈ അവസ്ഥ ഒഴിവാക്കാന്‍ പ്രകടനപത്രികകളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗരേഖകള്‍ ആവിഷ്‌കരിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. രാജ്യത്തെ മൂന്നില്‍ രണ്ട് ജനങ്ങള്‍ക്കും പ്രതിമാസം അഞ്ച് കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങള്‍ സൗജന്യ നിരക്കില്‍ ലഭ്യമാക്കാന്‍ ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ സുപ്രീം കോടതി നിരീക്ഷണത്തിന് പ്രാധാന്യമുണ്ട്. ദരിദ്രനാരായണന്മാരായ ജനകോടികള്‍ പട്ടിണിയില്‍ കഴിയുമ്പോള്‍ ലക്ഷക്കണക്കിന് ടണ്‍ ധാന്യങ്ങള്‍ (കേടുവന്നതിനാല്‍) കടലില്‍ തള്ളിയ നാടാണ് നമ്മുടെത്. പെരുച്ചാഴിയും കീടങ്ങളും നശിപ്പിക്കുന്ന ധാന്യത്തിനും കണക്കില്ല. ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സ് ഫലപ്രദമായി നടപ്പാക്കിയാല്‍ നല്ല കാര്യമെന്നതില്‍ സംശയമില്ല. രാജ്യത്തെ 81 കോടി ജനങ്ങള്‍ക്ക് ഗുണകരമായ ഈ പദ്ധതി തീര്‍ച്ചയായും ഒരു ഹിമാലയന്‍ ദൗത്യമാണ്. ഇതിന് സന്നദ്ധമായ യു പി എ സര്‍ക്കാറിനേയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനേയും ശ്ലാഘിക്കാതിരിക്കാന്‍ കഴിയില്ല.
പക്ഷേ, ഈ പദ്ധതിയുടെ കാര്യത്തില്‍ യു പി എയിലും സര്‍ക്കാറിന് പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കി അതിനെ താങ്ങിനിര്‍ത്തുന്ന സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവയിലും എല്ലാം നല്ലനിലയിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകദ്രോഹ നടപടിയെന്നാണ് സമാജ് വാദി പാര്‍ട്ടി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ജൂലൈ മൂന്നിന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയെങ്കിലും ജൂണ്‍ 13ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം പരിഗണിക്കാന്‍ പോലും ചില ഘടക കക്ഷികള്‍ വിസമ്മതിക്കുകയായിരുന്നു. പദ്ധതിയിലൂടെ ഏറ്റെടുക്കേണ്ടിവരുന്ന സാമ്പത്തിക ബാധ്യതയും രാഷ്ട്രീയ ഉത്തരവാദിത്വവും തന്നെയായിരിക്കണം ഇതിന് കാരണം.
ഇവിടെയാണ് ഭക്ഷ്യസുരക്ഷാ കാര്യത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് ഉദിച്ച അമിതാവേശത്തിന് പിന്നിലുള്ള വികാരം 2014ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പാണെന്ന് വ്യക്തമാകുന്നത്. 2009ല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടി ഉണ്ടായതും ബോധോദയമായിരുന്നില്ല, പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് സ്വാധീനിക്കാനായിരുന്നു. പ്രചാരണ ആയുധമാക്കാനായിരുന്നു. പദ്ധതി പ്രാവര്‍ത്തികമാക്കിയപ്പോള്‍ ഗുണം അനുഭവിച്ചത് ഉത്തരേന്ത്യയിലെ വന്‍കിട കൃഷിക്കാരും. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന് തന്നെ സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ലാപ്‌ടോപ്, ടി വി, ഗ്രൈന്‍ഡര്‍, മിക്‌സി, ഫാനുകള്‍, നാല് ഗ്രാം താലിപ്പതക്കം, സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങി ജനപ്രിയ നടപടികള്‍ പ്രഖ്യാപിക്കുന്നതും പുതിയ കാര്യങ്ങളല്ല. ഇന്ധന വിലവര്‍ധന, അവശ്യസാധന വിലക്കയറ്റം, നാണയപ്പെരുപ്പം, ആപത്കരമാം വിധമുള്ള ധന കമ്മി തുടങ്ങിയ കാതലായ പ്രശ്‌നങ്ങള്‍ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുന്നു. കോടികളുടെ കുംഭകോണങ്ങള്‍ വേറെയും. ഇത്തരുണത്തില്‍ വേണം ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സിനെ കാണാന്‍. തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നല്‍കിയ നിര്‍ദേശവും വെറുതെയല്ല.
രാജ്യത്തെ പ്രജകള്‍ പട്ടിണി കിടക്കാതെ കഴിയുന്നുവെന്നത് ഏതൊരു ഭരണകൂടത്തിനും അഭിമാനത്തിന് വക നല്‍കുന്നതാണ്. ഈ ദിശയിലുള്ള നീക്കത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും അഭിനന്ദനമര്‍ഹിക്കുന്നു. അതേസമയം തന്നെ, ലോകത്തിനാകെ മാതൃകാപരമെന്ന് യു എന്‍ വിശേഷിപ്പിച്ച സുപ്രധാനമായ ഈ നിയമനിര്‍മാണം പാര്‍ലിമെന്റിനെ വിശ്വാസത്തിലെടുത്തായിരുന്നെങ്കില്‍ അതിന്റെ മാറ്റ് പതിന്മടങ്ങ് വര്‍ധിക്കുമായിരുന്നു.

Latest