ഇളവരശന്റെ മരണം തലക്ക് ഗുരുതര പരുക്കേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട

Posted on: July 7, 2013 1:43 am | Last updated: July 7, 2013 at 1:43 am

Ilavarasan_1507692gധര്‍മപുരി: ധര്‍മുപുരിയിലെ ദളിത് യുവാവ് ഇളവരശന്റെ മരണം തലക്കേറ്റ ഗുരുതര പരുക്ക് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കേസ് റെയില്‍വേ പോലീസില്‍ നിന്ന് ലോക്കല്‍ പോലീസിന് കൈമാറി. ധര്‍മപുരിയില്‍ മാസങ്ങള്‍ക്ക് മുമ്പ് ദളിത് കോളനികള്‍ അഗ്നിക്കിരയാക്കിയതിന് കാരണമായ മിശ്രവിവാഹത്തിലെ വരന്‍ ഇളവരശന്റെ മൃതദേഹം വ്യാഴാഴ്ച റെയില്‍വേ പാളത്തില്‍ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് തലക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് തെളിഞ്ഞത്. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന തരത്തിലുള്ള വിവരങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല. ചൊവ്വാഴ്ച വരെ മൃതദേഹം സംസ്‌കരിക്കരുതെന്നും പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തണമെന്നും റിപ്പോര്‍ട്ടിന്റെ കോപ്പി ഇളവരശന്റെ പിതാവിന് നല്‍കണമെന്നും കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
സംസ്ഥാന ഡി ജി പിയുടെ ഉത്തരവ് പ്രകാരമാണ് ലോക്കല്‍ പോലീസ് കേസ് ഏറ്റെടുത്തത്. ഹാരൂര്‍ ഡി എസ് പി. എം സമ്പത്ത് ആണ് അന്വേഷണ സംഘത്തിന്റെ തലവന്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങളും ഇളവരശന്റെ മാതാപിതാക്കളുടെ അഭിഭാഷകന് കൈമാറി. കേസ് രജിസ്റ്റര്‍ ചെയ്ത റെയില്‍വേ പോലീസ്, കഴിഞ്ഞ ദിവസം ധര്‍മപുരി സ്റ്റേഷന്‍ മാനേജര്‍ എസ് ജയപാലിനെയും കോയമ്പത്തൂര്‍- ലോകമാന്യതിലക് എക്‌സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റിനെയും വിളിപ്പിച്ചിരുന്നു.
ധര്‍മപുരിയല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളയിടങ്ങളില്‍ സായുധ സേനാംഗങ്ങളെ വിന്യസിച്ചു. ധര്‍മപുരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പരിസരത്തും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.