നിതീഷ് പാഠം പഠിക്കും: മോഡി

Posted on: July 7, 2013 1:39 am | Last updated: July 7, 2013 at 1:39 am

NARENDRA_MODI__1421345gപാറ്റ്‌ന: ബി ജെ പിയെ വഞ്ചിച്ചതിന് ബീഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ പാഠം പഠിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ബീഹാറിലെ പാര്‍ട്ടി പ്രവര്‍ത്തകരെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു മോഡി. ഹൈടെക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് 1,500 ഓളം പാര്‍ട്ടി പ്രവര്‍ത്തകരുമായി മോഡി സംവദിച്ചത്. പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള പ്രവര്‍ത്തകര്‍ മോഡിയുടെ പ്രസംഗം കേട്ടു.
ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തണമെന്ന് പ്രവര്‍ത്തകരോട് മോഡി ആഹ്വാനം ചെയ്തു. ജെ ഡി യു സഖ്യം വിട്ടതോടെ ബീഹാറില്‍ ബി ജെ പി ഇത്തവണ ഒറ്റക്കാണ് ജനവിധി തേടുന്നത്. വൈകിട്ട് ആറ് മുതല്‍ ഏഴ് വരെയാണ് മോഡി പ്രവര്‍ത്തകരോട് ടെലികോണ്‍ഫറന്‍സിംഗ് നടത്തിയതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മംഗല്‍ പാണ്ഡെ പറഞ്ഞു.
ആദ്യ ഗ്രൂപ്പില്‍ ജില്ലാ ഭാരവാഹികളും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. രണ്ടാം ഘട്ടത്തില്‍ ജില്ലാ, ബ്ലോക്ക് പ്രസിഡന്റുമാരും പഞ്ചായത്ത് അംഗങ്ങളുമാണ് പങ്കെടുത്തത്.