ബീഹാറില്‍ ബി ജെ പി നേതാവ് ജെ ഡി യുവില്‍ ചേര്‍ന്നു

Posted on: July 7, 2013 1:05 am | Last updated: July 7, 2013 at 1:06 am

പാറ്റ്‌ന: ബീഹാറില്‍ ബി ജെ പി നേതാവ് രാംജി ദാസ് ഋഷിദേവ് ഭരണകക്ഷിയായ ജെ ഡി യുവില്‍ ചേര്‍ന്നു. മുന്‍ മന്ത്രിയായ ഇദ്ദേഹംതന്റെ അനുയായികള്‍ക്കൊപ്പം അന്നെമാര്‍ഗ് വസതിയിലെത്തി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സാന്നിധ്യത്തിലാണ് ജെ ഡി യുവില്‍ ചേര്‍ന്നത്.
നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ ഡി യു- ബി ജെ പി സഖ്യം ബീഹാറില്‍ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിസഭയില്‍ രാംജിദാസ് ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഇദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചിരുന്നു. ജെ ഡി യു പ്രസിഡന്റ് ബാഷിസ്റ്റ് നാരായണ്‍ സിംഗ്, മഹാ ദളിത് കമ്മീഷന്‍ ചെയര്‍മാന്‍ ഉദയ് കുമാര്‍ മാഞ്ചി, പാര്‍ട്ടി എം പി. ആര്‍ സി പി സിംഗ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വരാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരകനായി തിരഞ്ഞെടുത്തിനെ ചോദ്യം ചെയ്താണ് മൂന്നാഴ്ച മുമ്പ് എന്‍ ഡി എയില്‍ നിന്ന് ജെ ഡി യു പുറത്തുപോയത്. കഴിഞ്ഞ 17 വര്‍ഷമായി ബി ജെ പിയും ജെ ഡി യും സഖ്യത്തിലായിരുന്നു.