Connect with us

International

ഈജിപ്തില്‍ സംഘര്‍ഷം രൂക്ഷം; മരണം 37 ആയി

Published

|

Last Updated

കൈറോ: ഈജിപ്തില്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഏറ്റുമുട്ടലില്‍ കലാശിച്ചു. മുര്‍സിയെ അനുകൂലിക്കുന്ന ബ്രദര്‍ഹുഡ് പ്രക്ഷോഭകരും തംറദ് (ദി റിബല്‍) പ്രസ്ഥാനത്തിന്റെ അണികളും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്നവരുടെ എണ്ണം മുപ്പത് കവിഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, രാജ്യത്തിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ആണവോര്‍ജ്ജ ഏജന്‍സി മുന്‍ തലവനും സമാധാന നൊബേല്‍ ജേതാവുമായ മുഹമ്മദ് അല്‍ ബറാദിയെ നിയമിക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പട്ടാള ഭരണം അവസാനിപ്പിച്ച് മുര്‍സിയെ വീണ്ടും പ്രസിഡന്റ് പദത്തിലെത്തിക്കണമെന്നാണ് ബ്രദര്‍ഹുഡ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. പട്ടാളത്തിന്റെ നിയന്ത്രണത്തില്‍ കഴിയുന്ന മുര്‍സിയെ കുറിച്ചുള്ള വിവരങ്ങള്‍ അട്ടിമറി നടന്നതിന് ശേഷം ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല.
മുര്‍സിയെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചുവെന്ന് കരുതുന്ന റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ കൈറോയിലെ ആസ്ഥാനത്തിന് സമീപം മുര്‍സി അനുയായികള്‍ തമ്പടിച്ചിട്ടുണ്ട്. ഇവരെ പ്രതിരോധിക്കാന്‍ ശക്തമായ സൈനിക സന്നാഹവും അവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രക്ഷോഭം അക്രമാസക്തമായാല്‍ നിറയൊഴിക്കുമെന്ന് സൈനിക വക്താക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ മുര്‍സിക്ക് അധികാരം തിരിച്ച് നല്‍കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബ്രദര്‍ഹുഡ് നേതാക്കളും അണികളും. കൈറോ നഗരം മുര്‍സി അനുയായികളാലും പ്രതികൂലികളാലും നിറഞ്ഞിരിക്കുകന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ കൈറോയിലും സമീപ നഗരമായ അലക്‌സാന്‍ഡ്രിയയിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. ആക്രമണങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ബ്രദര്‍ഹുഡിന്റെ നേതാക്കള്‍ക്ക് നേരെ വ്യാപകമായ അറസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബ്രദര്‍ഹുഡ് പാര്‍ട്ടിയുടെ ഉപനേതാവ് ഖൈറാത്ത് അശ്ശത്തറിനെ ശനിയാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയും അക്രമാസക്തമായ പ്രകടനങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തുവെന്നാണ് ഖൈറാത്തിന് മേല്‍ ചുമത്തിയ കുറ്റം. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ പ്രക്ഷോഭകരെ അനുവദിക്കില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൈനിക മേധാവികള്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി. ഈജിപ്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.