ജൊകോവിച് ഫൈനലില്‍

Posted on: July 6, 2013 6:00 am | Last updated: July 6, 2013 at 7:29 am

jocovicലണ്ടന്‍: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ നൊവാക് ജൊകോവിച് വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍. അഞ്ച്‌സെറ്റ് നീണ്ട പോരില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയെ കീഴടക്കി. സ്‌കോര്‍ : 7-5. 4-6, 7-6(7-2), 6-7 (6-8), 6-3. അഞ്ച് മണിക്കൂര്‍ നീണ്ട പോരാട്ടം വിംബിള്‍ഡണ്‍ സെമി ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതായി. ഇന്ന് വനിതാ ഫൈനലില്‍ ലിസിക്കിയും മരിയന്‍ ബര്‍തോളിയും ഏറ്റുമുട്ടും.

ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു

വിംബിള്‍ഡണിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. പുരുഷ ഡബിള്‍സില്‍ വ്യത്യസ്ത താരങ്ങള്‍ക്കൊപ്പം സെമിഫൈനലിലെത്തി പ്രതീക്ഷയേകിയ രോഹന്‍ ബൊപണ്ണയും ലിയാണ്ടര്‍ പെയ്‌സും പുറത്തായി.
ഫ്രഞ്ച് താരം എഡ്വോര്‍ഡ് റോജര്‍-വാസെലിനൊപ്പം സെമി വരെ കുതിച്ച രോഹന്‍ ബൊപണ്ണക്ക് അമേരിക്കയുടെ ബ്രയാന്‍ സഹോദരന്‍മാര്‍ക്ക് മുന്നില്‍ കാലിടറി. ബോബ്-മൈക് ബ്രയാന്‍ സഖ്യം അഞ്ച് സെറ്റ് നീണ്ട പോരില്‍ ഇന്തോ-ഫ്രഞ്ച് സഖ്യത്തെ കീഴടക്കുകയായിരുന്നു. സ്‌കോര്‍: 6-7 (4-7), 6-4, 6-3, 5-7, 6-3. രണ്ട് മണിക്കൂര്‍ 48 മിനുട്ട് നേരം നീണ്ടു മത്സരം. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ പലവട്ടം ചാമ്പ്യന്‍മാരായ ബോബും മൈക്കും പരിചയ സമ്പത്തിന്റെ മുന്‍തൂക്കത്തിലാണ് ഇന്തോ-ഫ്രഞ്ച് സഖ്യത്തിന്റെ വെല്ലുവിളി അതിജീവിച്ചത്. വിജയം നിര്‍ണയിക്കുന്ന അവസാന സെറ്റില്‍ 3-0ന് ലീഡെടുത്ത അമേരിക്കന്‍ സഖ്യത്തിനെതിരെ ബൊപണ്ണ-റോജര്‍ സഖ്യം ശക്തമായി തിരിച്ചുവരവ് നടത്തിയത് ആവേശം വിതറി. ഒടുവില്‍ 6-3ന് ബ്രയാന്‍ സഖ്യം ഫൈനല്‍ ഉറപ്പിച്ചു. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ ബൊപണ്ണ ആദ്യമായിട്ടാണ് സെമിയിലെത്തുന്നത്.
മിക്‌സഡ് ഡബിള്‍സിലും ബൊപണ്ണ പുറത്തായി. ചൈനയുടെ ജി സെംഗിനൊപ്പം ക്വാര്‍ട്ടറിലാണ് ബൊപണ്ണ പോരാട്ടം അവസാനിപ്പിച്ചത്. ഹോളണ്ടിന്റെ ജീന്‍-ജുലിയന്‍ റോയര്‍- റഷ്യയുടെ വെറ ദുഷെവിന സഖ്യത്തോട് 6-3, 3-6, 6-3ന് പരാജയപ്പെട്ടു.ലിയാണ്ടര്‍ പെയ്‌സ്- ചെക് റിപബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക് സഖ്യം ഇവാ ഡോഡിഗ് (ക്രൊയേഷ്യ)-മാര്‍സലോ മെലോ (ബ്രസീല്‍) സഖ്യത്തോട് സെമിയില്‍ പരാജയപ്പെട്ടു. 3-6, 6-4, 6-1, 3-6, 6-3നായിരുന്നു തോല്‍വി.