വര്‍ഗീസ് വധക്കേസില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ഗ്രോ വാസുവെന്ന് ലക്ഷ്മണ

Posted on: July 6, 2013 6:51 am | Last updated: July 5, 2013 at 11:52 pm

തിരുവനന്തപുരം: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ തന്നെ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇതിന് പിന്നില്‍ ഗ്രോ വാസുവാണെന്നും മുന്‍ ഐ ജി. കെ ലക്ഷ്മണ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കെ ലക്ഷ്മണ ജയില്‍മോചിതനായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
നക്‌സല്‍ വര്‍ഗീസിനെ കൊല്ലാന്‍ താന്‍ ഉത്തരവിട്ടിരുന്നില്ല. സംഭവസ്ഥലത്ത് താനുണ്ടായിരുന്നില്ല. എന്നാല്‍ ഇതുസംബന്ധിച്ച സി ബി ഐ കോടതി വിധിയില്‍ ദുരൂഹതയുണ്ട്. വര്‍ഗീസിനെ കൊല്ലാനായതില്‍ രാമചന്ദ്രന്‍ നായരും ഹനീഫയും അഭിമാനിച്ചിരുന്നു. മാത്രമല്ല ഇതിന്റെ പേരില്‍ ഇരുവര്‍ക്കും സ്ഥാനക്കയറ്റവും ലഭിച്ചിരുന്നു. കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുന്‍ നക്‌സല്‍ നേതാവായിരുന്ന ഗ്രോ വാസുവാണ്. അതിനാല്‍ കേസില്‍ പുനരന്വേഷണം വേണമെന്നും ലക്ഷ്മണ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ ആറ് മണിയോടെയാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ലക്ഷ്മണ മോചിതനായത്. 75 വയസ്സ്് കഴിഞ്ഞ തടവുകാരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് ലക്ഷ്്മണ അടക്കം നാല് പ്രതികളുടെ മോചനത്തിന് വഴിതുറന്നത്.
79 വയസ്സുള്ള ലക്ഷ്മണയെക്കൂടാതെ കറുപ്പസ്വാമി (82), ഗോപിനാഥന്‍ (82), ശ്രീധരന്‍ (81) എന്നിവരാണ് മോചിപ്പിക്കപ്പെടുന്ന മറ്റു തടവുകാര്‍.
നക്‌സലൈറ്റ് നേതാവായിരുന്ന വര്‍ഗീസിനെ വ്യാജ ഏറ്റുമുട്ടലിലൂടെ ലക്ഷ്മണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വധിച്ചതെന്ന് വര്‍ഗീസിനെ വെടിവച്ച കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വന്നതും ലക്ഷ്മണക്ക് തടവ് ശിക്ഷ ലഭിച്ചതും. എന്നാല്‍ വിചാരണ നടക്കുന്നതിനിടെ രാമചന്ദ്രന്‍ നായര്‍ മരിച്ചു.