കാണ്ഡ കോശങ്ങളില്‍ നിന്ന് കരള്‍ മുകുളങ്ങള്‍ വികസിപ്പിച്ചെടുത്തു

Posted on: July 6, 2013 6:00 am | Last updated: July 5, 2013 at 11:35 pm

liver budsടോക്യോ: മനുഷ്യന്റെ കാണ്ഡ കോശങ്ങളുപയോഗിച്ച് കരള്‍ മുകുളങ്ങള്‍ (ലിവര്‍ ബഡ്‌സ്)വികസിപ്പിച്ചെടുത്തു. കൃത്രിമമായി കരള്‍ വികസിപ്പിച്ചെടുക്കുന്ന പരീക്ഷണങ്ങളിലെ നിര്‍ണായക കണ്ടെത്തലാണിത്. ജപ്പാനിലെ യോകോഹാമ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. മനുഷ്യ കരളിന്റെ വികാസം പ്രാപിച്ചിട്ടില്ലാത്ത രൂപമാണ് കരള്‍ മുകുളങ്ങള്‍.
ഭ്രൂണാവസ്ഥയില്‍ കണ്ടുവരുന്ന കരളിന്റെ ആദ്യ രൂപത്തിന് സമാനമാണിത്. ചുണ്ടെലികളില്‍ ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത കരള്‍ മുകുളങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. കരള്‍ വളരുകയും എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുകയും ചെയ്തു.
നേരത്തെയും ശാസ്ത്ര ലോകം കാണ്ഡകോശത്തില്‍ നിന്ന് കരള്‍ നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. ത്വക്ക്് കോശങ്ങളില്‍ നിന്ന് അവയവം നിര്‍മിക്കാനും ശ്രമം നടന്നിരുന്നു. ലബോറട്ടറിയില്‍ വളര്‍ത്തിയ കരള്‍ മുകുളം ചുണ്ടെലികളില്‍ നിക്ഷേപിക്കുകയായിരുന്നു. പെട്രി ഡിഷുകളില്‍ ആവശ്യമായ പോഷകങ്ങള്‍ നല്‍കിയാണ് കരള്‍ മുകുളങ്ങള്‍ വളര്‍ത്തിയെടുത്തത്. രക്തക്കുഴലിലെ കോശങ്ങളും മനുഷ്യന്റെ ബന്ധന കലകളും (കണക്ടീവ് ടിഷ്യൂ) ഇതോടൊപ്പം ഉപയോഗിച്ചു. കാണ്ഡകോശം ഉപയോഗിച്ച് മനുഷ്യ അവയവം സൃഷിടിച്ചെടുക്കുകയെന്ന ശ്രമത്തിന്റെ ഭാഗമാണ് ഗവേഷണം.