മാപ്പിംഗ് മലബാര്‍ സെമിനാര്‍ ഇന്ന്

Posted on: July 6, 2013 6:57 am | Last updated: July 5, 2013 at 10:57 pm

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മലബാറിന്റെ വികസന സാധ്യതകള്‍ക്ക് പുത്തന്‍പ്രതീക്ഷയേകുന്ന മാപ്പിംഗ് മലബാര്‍ സെമിനാര്‍ ഇന്ന് നടക്കും. കേരളത്തിലും വിദേശത്തുമുള്ള വന്‍കിട വ്യവസായികളും സംസ്ഥാന സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ ബോര്‍ഡ് ചെയര്‍മാന്‍മാരുമടക്കമുള്ള സെമിനാറില്‍ മലബാറിലെ വ്യവസായ വികസന സാധ്യതകളും പരിമിതികളും വിശദമായി ചര്‍ച്ച ചെയ്യും.
മലബാറിന്റെ വ്യവസായ മേഖലയില്‍ കാര്യമായ നിക്ഷേപം കൊണ്ടുവരാന്‍ കഴിവുള്ള വ്യവസായികള്‍ക്ക് മലബാറിന്റെ വ്യവസായ വികസനത്തെ സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് അവതരിപ്പിക്കാനും അവസരം നല്‍കും. പിന്നീട് ഇവ പുസ്തകമാക്കി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സമര്‍പ്പിക്കും. ഹോട്ടല്‍ ഗേറ്റ്‌വേയില്‍ രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് അവസാനിക്കുന്ന സെമിനാര്‍ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. എം കെ മുനീര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. കേരളത്തിലെ വിവിധ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടനകളുടെ പ്രതിനിധികള്‍, കേരളത്തിലെയും വിദേശത്തു നിന്നുള്ള വിവിധ വ്യവസായായ സ്ഥാപനങ്ങളുടേയും സെമിനാറില്‍ പങ്കെടുക്കും.