Connect with us

Palakkad

നാശ നഷ്ടം വിതച്ച് മഴ കനക്കുന്നു

Published

|

Last Updated

പാലക്കാട്: കനത്തമഴയിലും കാറ്റിലും ജില്ലയില്‍ വന്‍ നാശനഷ്ടം. 24 മണിക്കൂറിനുളളില്‍ 16.903 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ദുരന്തനിവാരണവിഭാഗം അറിയിച്ചു. ഈ സമയത്തിനുളളില്‍ 61.78 മില്ലി മീറ്റര്‍ ഴ ലഭിച്ചു.

വിളനാശം 28.1 ഹെക്ടര്‍ രേഖപ്പെടുത്തി. ജില്ലയില്‍ ഒരു വീട് പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും നശിച്ചു. പൂര്‍ണമായി നശിച്ച വീടിന് ഒരു ലക്ഷം രൂപയും ഭാഗികമായി നശിച്ച 21 വീടുകള്‍ക്ക് 4.433 ലക്ഷം രൂപയും നഷ്ടം കണക്കാക്കി. മൊത്തം 5.433 ലക്ഷം രൂപയുടെ നഷ്ടം വീടുകള്‍ക്കുണ്ടായി.
പലയിടത്തും മരങ്ങള്‍ വീണ് വൈദ്യുതി മുടങ്ങി. പാലക്കാട് നഗരത്തിലെ ശകുന്തളജംഗ്ഷന്‍, ജി ബി റോഡ്, ടി ബി, കോളജ് റോഡ് എന്നിവയെല്ലാം വെള്ളത്തിലാണ്. ഈ റോഡുകളില്‍ വാഹനഗതാഗതവും കാല്‍നടയാത്രയും ദുസ്സഹമായി. മുണ്ടൂര്‍ ഐ ആര്‍ ടി സി യില്‍ 48 .5 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. മലമ്പുഴയില്‍ 46. 6 മില്ലിമീറ്റര്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പട്ടാമ്പിയിലാണ്, 48.6 മില്ലിമീറ്റര്‍. ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, ഷൊര്‍ണ്ണൂര്‍, ആലത്തൂര്‍, വടക്കഞ്ചേരി എന്നിവിടങ്ങളില്‍ മഴകനത്തു പെയ്യുകയാണ്. അട്ടപ്പാടി, നെല്ലിയാമ്പതി പ്രദേശങ്ങളില്‍ ശക്തമായി തുടരുന്ന മഴ ഉരുള്‍ പൊട്ടല്‍ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. പലയിടത്തും മലയിടിഞ്ഞ് ഗതാഗതം മുടങ്ങി. പുഴകളും തോടുകളും നിറഞ്ഞ് കവിയുകയാണ്.
ഭാരതപ്പുഴയില്‍ വെള്ളംപാലത്തിനൊപ്പം എത്തി. യാക്കര, ഗായത്രി, കല്‍പ്പാത്തി പുഴകളും കരകവിഞ്ഞു.
ചിറ്റൂര്‍: വടകരപ്പതിയില്‍ ചുഴലിക്കാറ്റില്‍ 52 വീടുകള്‍ തകര്‍ന്നു. .കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ഓടുകള്‍ പറന്നും മേല്‍ക്കൂരകള്‍ തകര്‍ന്നുമാണ് വീടുകള്‍ക്ക് നാശമുണ്ടായത്. ഇതില്‍ നാലുപേരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
“ചുഴലി നാശംവിതച്ച സ്ഥലം ജില്ലാ കലക്ടര്‍ അലി അസ്ഗര്‍ പാഷയും സംഘവും സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക്ഭക്ഷണവും വസ്ത്രവും നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. കൂടാതെ 20 കുടുംബങ്ങള്‍ക്ക് 2000 രൂപ ധനസഹായവും പ്രഖ്യാപിച്ചു. കോഴിപ്പാറ ചിന്നപ്പന്‍, തോമയാര്‍, മാര്‍ട്ടിന്‍,മുത്താല്‍ എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ബുധനാഴ്ച വൈകുന്നേരം 5.45നാണ് ചുഴലി വീശിയത്.
കോഴിപ്പാറ, മാരിയമ്മന്‍ സ്ട്രീറ്റ് എരുമക്കാരനൂര്‍ എന്നിവിടങ്ങളില്‍ വീടുകള്‍ക്ക് സമീപത്തെ നിരവധി സ്ഥലങ്ങളില്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണുകിടക്കുകയാണ്. ഇന്നലെ വൈകുന്നേരം വരേയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
ചിറ്റൂര്‍ തഹസില്‍ദാര്‍ വിജയകുമാര്‍, കോഴിപ്പാറ വില്ലേജ് ഓഫീസര്‍ പുരുഷോത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടന്നുവരികയാണ്. വീടുകള്‍ നശിച്ച പതിനഞ്ചു കുടുംബങ്ങളില്‍പെട്ട 75 പേരെ കോഴിപ്പാറ ഗവ യു പി സ്‌കൂളില്‍ താമസ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം വീടുകള്‍ തകര്‍ന്ന കുടുംബങ്ങളിലുള്ളവര്‍ക്ക്”ഭക്ഷണപൊതികള്‍ വിതരണം ചെയ്തു. ഇന്നും ഭക്ഷണവിതരണത്തിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വില്ലേജ് ഓഫീസര്‍ പുരുഷോത്തമന്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് കലക്ടറും ഉദ്യോഗസ്ഥ സംഘവും കോഴിപ്പാറ സ്‌കൂളിലെത്തിയത്. ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ ആശ്വസിപ്പിക്കുകയും സഹായവാഗ്ദാനങ്ങളും നല്‍കി.
ഇന്നലെ പ്രദേശത്ത് കനത്തമഴ പെയ്തതിനാല്‍ വീടുകളുടെ അറ്റകുറ്റപ്പണികളും നടത്താനായില്ല. രണ്ടുമിനുട്ടോളമാണ് ചുഴലികാറ്റ് വീശിയതെന്ന് നാട്ടുകാര്‍ പറയുന്നു. ചുഴലിക്കാറ്റ് നാശംവിതച്ച സ്ഥലത്ത് സന്നദ്ധ സംഘടനാ പ്രതിനിധികളെത്തി വീടുകള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
വടക്കഞ്ചേരി: കനത്തമഴയെ തുടര്‍ന്ന് അഞ്ചു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
മംഗലം ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റിമീറ്റോളം ഉയര്‍ത്തിയതിനാലാണ് പുഴയോരത്ത് താമസിക്കുന്ന അഞ്ചു വീടുകളിലെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്. മംഗലംഡാം പാറശ്ശേരി പൂപറമ്പില്‍ നാലു കുടുംബങ്ങളെയും കിഴക്കഞ്ചേരി കവളപ്പാടം കൂട്ടില്‍മൊക്കില്‍ ഒരു കുടുംബത്തെയുമാണ് മാറ്റി പാര്‍പ്പിച്ചത്.
മംഗലം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്നാണ് ആറ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പരമാവധി സംഭരണ ശേഷിയില്‍ 40 സെ മീ വരെ ഉയര്‍ത്തേണ്ടതായി വന്നു. മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. വടക്കഞ്ചേരി മേഖലയിലെ ചില സ്‌കൂളുകള്‍ക്ക് അധികൃതര്‍ അവധിനല്‍കിയിരുന്നു.

Latest