Connect with us

Malappuram

നന്നംമുക്കില്‍ കോണ്‍ഗ്രസും ലീഗും വഴി പിരിയുന്നു

Published

|

Last Updated

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ മുസ്‌ലിം ലീഗുമായി യാതൊരു സഖ്യവും വേണ്ടെന്ന് തീരുമാനിച്ചതായി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗ് അംഗവുമായ കെ വി അബ്ദുല്‍ഖാദറിനെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസിലെ ആറ് മെമ്പര്‍മാര്‍ അനുകൂലിച്ച് വോട്ടുചെയ്യാന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ ഇന്ദിരചന്ദ്രനെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ലീഗ് അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് പുറത്തായതിന് പ്രതികാരമായി ലീഗിലെ വൈസ് പ്രസിഡന്റിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും അടുത്ത പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണെങ്കില്‍ അത് ഇന്ദിരചന്ദ്രന്‍ തന്നെയായിരിക്കുമെന്നും ഈവിഷയത്തില്‍ കോണ്‍ഗ്രസിന് നേരത്തെയുണ്ടായിരുന്ന നിലപാടില്‍ നിന്നും യാതൊരു മാറ്റവുമുണ്ടാവില്ലെന്നും മണ്ഡലം പ്രസിഡന്റ് കെ മുളീധരന്‍ പറഞ്ഞു. ലീഗിന്റെ ജില്ലാ കമ്മിറ്റി സെക്രട്ടറിയുടെയും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും നിര്‍ദേശം മറികടന്ന് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ വോട്ട് ചെയ്യാന്‍ മെമ്പര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ ലീഗ് പഞ്ചായത്ത് കമ്മിറ്റിയെ എന്ത് അടിസ്ഥാനത്തിലാണ് വിശ്വസിക്കാന്‍ കൊള്ളുകയെന്നും ലീഗുമായി ഒന്നിച്ചുള്ള ഭരണം വേണ്ടെന്ന് മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായും നേതാക്കള്‍ പറഞ്ഞു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി ഒറ്റക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. നന്നംമുക്കില്‍ രൂപപ്പെട്ട കോണ്‍ഗ്രസ് ലീഗ് പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി ഉന്നത നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ നന്നംമുക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കടുത്ത നിലപാടുകള്‍ സ്വീകരിച്ചതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ കെ മുരളീധരന്‍, കെ ഖമറുദ്ധീന്‍, ദിനേശ്കുമാര്‍ കോട്ടേപ്പാട്ട്, ടി കെ രാജന്‍, എ സി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.