ആശങ്കകള്‍ യാഥാര്‍ഥ്യമായി; ഈജിപ്ത് രാഷ്ട്രീയ അനിശ്ചിതത്വത്തില്‍

Posted on: July 5, 2013 1:24 am | Last updated: July 5, 2013 at 1:24 am

കൈറോ: മുല്ലപ്പൂ വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണമാറ്റ പരമ്പരക്ക് തുടര്‍ച്ചയുണ്ടാകില്ലെന്ന ആശങ്കകള്‍ അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്നതാണ് ഈജിപ്തിലെ പുതിയ സംഭവവികാസങ്ങളെന്ന് വിലയിരുത്തല്‍. എന്തിനെയാണോ ജനങ്ങള്‍ അവരുടെ സംഘടിത ശേഷി കൊണ്ട് തൂത്തെറിഞ്ഞത് അവയെല്ലാം തിരിച്ചുവരുന്നുവെന്നതാണ് യാഥാര്‍ഥ്യമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ടുണീഷ്യയിലെ ബിന്‍ അലിയെ പുറത്താക്കിയ ജനകീയ മുന്നേറ്റത്തില്‍ നിന്ന് പ്രചേദനമുള്‍ക്കൊണ്ടാണ് ഈജിപ്ഷ്യന്‍ ജനത തെരുവിലിറങ്ങിയത്. ഹുസ്‌നി മുബാറക്ക് അധികാര ഭ്രഷ്ടനാകുന്നതില്‍ കലാശിച്ച ഒന്നാം തഹ്‌രീര്‍ മുന്നേറ്റത്തിന് കൃത്യമായ നേതൃമുണ്ടായിരുന്നില്ല. ഒരു പ്രത്യേക സംഘടനയുടെ കൊടിയുടെ കീഴിലുമായിരുന്നില്ല അത്. ഇപ്പോള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്ന ബ്രദര്‍ഹുഡോ അതിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയോ തുടക്കത്തില്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നില്ല. അന്നും പ്രക്ഷോഭത്തിനൊടുവില്‍ അധികാരം ചെന്നെത്തിയത് മാര്‍ഷല്‍ തന്‍ത്വാവിയുടെ നേതൃത്വത്തില്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്‌സ് കൈകളിലാണ്.
അന്ന് സൈനിക ഭരണം തുടരുന്നതിനെതിരെ നടന്ന പ്രക്ഷോഭത്തിലും നേരിട്ടിറങ്ങാന്‍ ബ്രദര്‍ഹുഡ് മടിച്ച് നിന്നു. എന്നാല്‍, എല്ലാത്തിനും ഒടുവില്‍ നടന്ന പാര്‍ലിമെന്റ് തിരഞെടുപ്പിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വിജയം ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്കായിരുന്നു. വിപ്ലവ ഗ്രൂപ്പുകളിലെ അനൈക്യം അവര്‍ക്ക് തുണയായി.
ബ്രദര്‍ഹുഡ് നേതൃനിരയിലെ കോടീശ്വരനായ ഖൈറാത്ത് അല്‍ ശാത്തറിനെയായിരുന്നു പ്രസിഡന്റാകാന്‍ ആദ്യം ഇഖ്‌വാന്‍ നിയോഗിച്ചിരുന്നത്. നേരത്തേ ജയില്‍ ശിക്ഷ അനുഭവിച്ച അദ്ദേഹത്തിന് മത്സരിക്കുന്നതിന് നിയമപരമായ തടസ്സം വന്നതോടെയാണ് മുഹമ്മദ് മുര്‍സിക്ക് നറുക്കു വീണത്. അമേരിക്കയില്‍ പഠിച്ച് അമേരിക്കന്‍ സര്‍വകലാശാലയില്‍ ജോലി ചെയ്ത മുര്‍സിയെ മുന്‍നിരയിലേക്ക് കൊണ്ടു വരുന്നതില്‍ ഗ്രൂപ്പിനകത്ത് തന്നെ മുറുമുറുപ്പുണ്ടായിരുന്നു.
തകര്‍ന്ന ക്രമസമാധാന നില, കടുത്ത സാമ്പത്തിക മാന്ദ്യം, വിഭാഗീയ സ്പര്‍ധ, പണപ്പെരുപ്പം, വിദേശകാര്യ ബന്ധങ്ങളിലെ അനിശ്ചിതത്വം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് നടുവിലേക്കാണ് മുര്‍സി അധികാരമേറ്റെടുത്തു വന്നത്. ഇവയൊന്നും പരിഹരിക്കുന്നതില്‍ അദ്ദേഹം പൂര്‍ണമായി വിജയിച്ചില്ലെന്ന് മാത്രമല്ല, തന്റെ കസേരയുറപ്പിക്കാനുള്ള പരിഷ്‌കരണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്.
ഇറാനടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധത്തിന് ശ്രമിച്ചതിന്റെ മേന്മ ഇസ്‌റാഈലുമായി മുബാറക്ക് തുടര്‍ന്ന സമാധാന കരാര്‍ നിലനിര്‍ത്തുക വഴി ഇല്ലാതായി. ഐ എം എഫ് വായ്പക്കായി നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളും വിനയായി. പൊറുതി മുട്ടിയ ജനം തെരുവിലിറങ്ങുകയും സൈന്യം അധികാരം പിടിക്കുകയും പ്രസിഡന്റ് തടങ്കലിലാകുകയും ചെയ്യുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്.