താദാത്മ്യം വേണ്ടത് ആള്‍ദൈവങ്ങളോടല്ല; സോണിയാ ഗാന്ധിയോട്

Posted on: July 5, 2013 1:21 am | Last updated: July 5, 2013 at 1:22 am

oommenchandi‘സോളാറു’മായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന രേഖാസഹിതമുള്ള വാര്‍ത്തകള്‍ ‘മാവേലിത്തമ്പുരാന്’ തുല്യമായ വ്യക്തിസംശുദ്ധതയോടെ നാട് വാഴുന്ന ഉമ്മന്‍ ചാണ്ടിക്കെതിരായ വെറും ആരോപണങ്ങളാണെന്നാണ് കോണ്‍ഗ്രസ് എ വിഭാഗം ഇപ്പോഴും ആണയിടുന്നത്. കള്ളവും ചതിയും എള്ളോളം പൊളിവചനവും കൂടാതെ നാട് വാഴുന്ന മാവേലിത്തമ്പുരാനാണ് ഉമ്മന്‍ ചാണ്ടി എന്ന് എ വിഭാഗം ഒഴിച്ച് മറ്റാരും ഇപ്പോള്‍ വിശ്വസിക്കുകയില്ല. ഒളിക്കാനും തേച്ചുമായ്ച്ചു കളയാനും യാതൊന്നുമില്ലാത്ത സുതാര്യ വ്യക്തിത്വമായിരുന്നു അദ്ദേഹമെങ്കില്‍ യാതൊരു വിവാദങ്ങള്‍ക്കും ഇട വരുത്താതെ തന്നെ രമേശ് ചെന്നിത്തലക്ക് ആഭ്യന്തര മന്ത്രി പദം നല്‍കാന്‍ തയ്യാറാകുമായിരുന്നു. എന്തുകൊണ്ടതിന് തയ്യാറായില്ല എന്നതിനു ന്യായയുക്തമായ ഒരു മറുപടിയും ഉമ്മന്‍ ചാണ്ടി ഇന്നോളം പറഞ്ഞിട്ടില്ല. ഉമ്മന്‍ ചാണ്ടി ഇപ്പോഴും സംസാരിക്കുന്നത്, സംരക്ഷിക്കാനായി അദ്ദേഹം വളരെ ശ്രമിച്ചിട്ടും രാജി വെച്ചൊഴിയേണ്ടിവന്ന കെ ബി ഗണേഷ് കുമാറിന്റെ ഭാഷയിലാണ്. ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ തനിക്കെതിരെ പറഞ്ഞതെല്ലാം കള്ളമാണെന്നും താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ഏതന്വേഷണവും നേരിടാമെന്നും രാജി വെക്കുന്നില്ലെന്നുമൊക്കെയായിരുന്നു ഗണേഷിന്റെ ഗീര്‍വാണങ്ങള്‍. എന്നിട്ടും ഗണേഷിനുണ്ടായത് കേരളം കണ്ടു. ‘ഞാനൊന്നുമറിഞ്ഞില്ല, പലരും എന്റെ രക്തത്തിന് ദാഹിക്കുന്നു’ എന്ന മട്ടിലാണ് ഉമ്മന്‍ ചാണ്ടിയുടെ സംസാര ശൈലി.

ഈ പശ്ചാത്തലത്തിലാണ് ‘എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞുകഴിഞ്ഞു’ എന്നവകാശപ്പെടുന്ന ഉമ്മന്‍ ചാണ്ടിയോട് അദ്ദേഹം ഉത്തരം പറയേണ്ട ചില ചോദ്യങ്ങള്‍ ചോദിക്കുന്നത്. സരിത എസ് നായരെപ്പറ്റി യാതൊരു മുന്നറിവും ഇല്ല എന്നു പറഞ്ഞ ഉമ്മന്‍ ചാണ്ടി തന്നെയാണ് ബിജു രാധാകൃഷ്ണനെ അയാളുടെ ‘കുടുംബപ്രശ്‌നം’ കേള്‍ക്കാനായി കണ്ടിരുന്നു എന്നു പറഞ്ഞത്. കുടുംബ പ്രശ്‌നത്തിലെ ‘കുടുംബം’ സരിതയും ‘പ്രശ്‌നം’ ഗണേഷും ആയിരുന്നു. അതിനാല്‍ സരിത എന്ന പേരെങ്കിലും കേള്‍ക്കാതെ ആ കുടുംബ പ്രശ്‌നം മനസ്സിലാക്കാന്‍ ആകുമായിരുന്നില്ല. എന്നിട്ടും സരിതയെപ്പറ്റി യാതൊന്നും അറിവില്ല എന്നു പറഞ്ഞത് എന്തിനായിരുന്നു?
സരിത, ഗണേഷ് ബാന്ധവം ആരംഭിക്കുന്നത് ‘ടീം സോളാര്‍’ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണെന്നും ബിജു രാധാകൃഷ്ണ്‍ പറയാതിരിക്കില്ല. എന്നിരിക്കെ ‘ടീം സോളാര്‍’ കമ്പനിക്ക് മന്ത്രിമാരുമായി ബന്ധമുണ്ടെന്ന കാര്യം ഉമ്മന്‍ ചാണ്ടി അറിഞ്ഞിട്ടേ ഇല്ല എന്ന് എന്തടിസ്ഥാനത്തിലാണ് വിശ്വസിക്കേണ്ടത്? ടീം സോളാര്‍ എന്നുച്ചരിക്കാതെ ‘ഒരു കമ്പനി’ എന്നു പറഞ്ഞുകൊണ്ടാണോ ബിജു ഉമ്മന്‍ ചാണ്ടിയോട് കുടുംബ പ്രശ്‌നം അവതരിപ്പിച്ചത്?
ടീം സോളാര്‍ സ്ഥാപിച്ച സൗരോര്‍ജ പാനലിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സബ്‌സിഡി ലഭിച്ചിട്ടുണ്ടെന്ന് മുന്‍ മന്ത്രി ഗണേഷ് കുമാറും, ‘ഈയിടെ അദ്ദേഹത്തിന്റെ അച്ഛനായിത്തീര്‍ന്ന’ ബാലകൃഷ്ണ പിള്ളയും രേഖകളോടെ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. അനര്‍ട്ടിന്റെ അംഗീകാരമില്ലാത്ത ടീം സോളാര്‍ സ്ഥാപിച്ച സൗരോര്‍ജ പാനലിന് സബ്‌സിഡി ലഭിച്ചത് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമൊന്നും അറിയാതെയാണോ? അതോ ഗണേഷ്‌കുമാര്‍ കള്ളം പറയുന്നോ?
സൂക്ഷിക്കേണ്ട വിധം ക്രിമിനല്‍ പശ്ചാത്തലമുള്ളവളാണ് സരിത എന്ന് മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ജീവനക്കാര്‍ ടെന്നി ജോപ്പനെപ്പോലും താക്കീത് ചെയ്തിരുന്നു എന്നിരിക്കേ ടെന്നി ജോപ്പനും സരിതയുമായുള്ള ബാന്ധവത്തെക്കുറിച്ച് ഒരു പോലീസുകാരനും ആര്‍ക്കും സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ള ജനകീയനായ മുഖ്യമന്ത്രിയോട് യാതൊരു മുന്നറിയിപ്പും നല്‍കിയില്ലേ?
ലൈംഗികാരോപിതനായ ഗിരീഷ് കുമാറിന്റെ പേര് മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ ഒപ്പം 2012ലെ മീഡിയാ ഡയരക്ടറിയില്‍ അച്ചടിച്ചുവന്നത് പബ്ലിക് റിലേഷന്‍സ് വകുപ്പിന് പറ്റിയ തെറ്റാണെന്ന് പറയുന്ന ഉമ്മന്‍ ചാണ്ടി, ഇത്തരം തെറ്റുകള്‍ പറ്റാവുന്ന വിധം അജാഗ്രതയോടെ എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്ന ഒരവസ്ഥയിലേക്ക് സ്വന്തം ഓഫീസ് വരെ എത്തിയതിന്റെ ഉത്തരവാദം ആരിലാണ് ചുമത്തുക?
ശാലു മേനോനും ബിജുവും തമ്മില്‍ ബാന്ധവം ഉണ്ടായിരിക്കേ, ആഭ്യന്തരമന്ത്രി തിരുവഞ്ചൂരും കേന്ദ്ര മന്ത്രി കൊടിക്കുന്നിലും ശാലുവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത് സത്യമാണെന്ന് ചീഫ് വിപ്പ് തന്നെ വ്യക്തമാക്കിയിരിക്കെ, ശാലു മേനോനെതിരെ സോളാര്‍ കുംഭകോണവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ ദുരൂഹതയുണ്ടെന്ന കാര്യം ഉമ്മന്‍ ചാണ്ടിക്ക് നിഷേധിക്കാനുകുമോ?
മന്ത്രിമാരും മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും വിശ്വസ്തരും സന്തതസഹചാരികളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ടീം സോളാര്‍ എന്ന സ്ഥാപനവുമായും സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരുമായും ശാലു മേനോന്‍ വഴിയായും അല്ലാതെയും ബന്ധപ്പെടാന്‍ ഇടവന്നത് യാതൊരു മുന്നറിവും ഇല്ലാതെയായിരുന്നു എന്നതിനര്‍ഥം ഉമ്മന്‍ ചാണ്ടി ഭരണമേറ്റെടുത്തതിനു ശേഷം ‘ഇന്റലിജന്‍സ്’ എന്നൊരു വിഭാഗമേ കേരളത്തില്‍ ഇല്ലാതായി എന്നാണോ?
ഇത്രയും ചോദ്യങ്ങള്‍ക്കെങ്കിലും ഭരണത്തലവന്‍ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി വ്യക്തമായ ഉത്തരങ്ങള്‍ ഇന്നാട്ടിലെ പൗരന്മാരോട് പറയേണ്ടതുണ്ട്. തട്ടിപ്പ് സംഘത്തിന് കയറി നിരങ്ങാവുന്ന ഒരിടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയതിന്റെ ധാര്‍മിക ഉത്തരവാദത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിക്ക് രക്ഷപ്പെടാനാകില്ല. അതിനാല്‍, അദ്ദേഹം ആ ഉത്തരവാദം ഏറ്റെടുക്കണം. എവിടെയോ സംഭവിച്ച തീവണ്ടി ദുരന്തത്തിന്റെ പേരില്‍ ധാര്‍മിക ഉത്തരവാദം ഏറ്റെടുത്ത് റെയില്‍വേ മന്ത്രിപദം രാജിവെച്ച ലാല്‍ബഹദൂര്‍ ശാസ്ത്രിയും തന്റെ പേരും പദവിയും ഉപയോഗിച്ച് മരുമകന്‍ നടത്തിയ അഴിമതിയുടെ പേരില്‍ കേന്ദ്ര മന്ത്രിപദം രാജിവെച്ചൊഴിയേണ്ടിവന്ന പവന്‍കുമാര്‍ ബന്‍സലും കോണ്‍ഗ്രസുകാരാണ്.
പ്രതിപക്ഷത്തിന്റെ അന്യായമായ ഒരാരോപണത്തെപ്പോലും ജനാധിപത്യ മര്യാദയോടെ കണക്കിലെടുത്ത് പ്രധാനമന്ത്രി പദവി വേണ്ടെന്നുവെച്ച ത്യാഗധനയാണ് സോണിയാ ഗാന്ധി. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കെ പാര്‍ട്ടിയുടെ അനിഷേധ്യ നേതാവും ലോക്‌സഭായിലേക്ക് ജനങ്ങള്‍ തിരഞ്ഞെടുത്തയച്ച പ്രതിനിധിയും ഒക്കെയായിരുന്നിട്ടും ‘വിദേശ വനിത സ്വദേശം വാഴേണ്ട’ എന്ന ബി ജെ പിയുടെ വിമര്‍ശം കണക്കിലെടുത്ത് പ്രധാനമന്ത്രിയാകേണ്ട എന്നു തീരുമാനിക്കാനുള്ള ജനാധിപത്യ മര്യാദ സോണിയാ ഗാന്ധി കാണിച്ചു.
യു എന്‍ ആദരിച്ച വള്ളിക്കാവിലെ സുധാമണി എന്ന അമൃതാനന്ദമയി മുതല്‍ പ്ലാച്ചിമട സ്‌നേഹം ചാരിറ്റിബിള്‍ ട്രസ്റ്റ് ഉടമ സുനില്‍ ദാസ് വരെയുള്ള ആള്‍ദൈവങ്ങളുടെ ദുരൂഹ നിലവാരത്തിലേക്ക് യു എന്‍ പുരസ്‌കാരം കൊണ്ട് താനും എത്തിപ്പെട്ടെന്ന് ഉമ്മന്‍ ചാണ്ടി കരുതുന്നത് അദ്ദേഹത്തിന് വിനാശകരമായിരിക്കും. യാതൊരു ജനാധിപത്യ മര്യാദയുമില്ലാത്ത ഏകാധിപത്യ പ്രകൃതക്കാരായ ആള്‍ദൈവങ്ങളോടോ അവരുടെ ഭക്തജനങ്ങള്‍ എന്ന സ്തുതി പാഠകര്‍ക്കു സമാനരായ കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാരോടോ അല്ല മറിച്ച്, പ്രതിപക്ഷവിമര്‍ശം കണക്കിലെടുത്ത് പ്രധാനമന്ത്രി പദം ത്യജിച്ച സോണിയാ ഗാന്ധി എന്ന ജനാധിപത്യ മര്യാദയുള്ള രാഷ്ട്രീയ നേതാവിനോടാണ് ഉമ്മന്‍ ചാണ്ടി താദാത്മ്യപ്പെടേണ്ടത്.
അദ്ദേഹത്തിന്റെ രാഷ്ട്രീയം സുഭദ്രമാകാനും കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അലങ്കോലമാകാതിരിക്കാനും അതാണ് നന്നായിരിക്കുക.