Connect with us

Gulf

ദുബൈക്കും അബുദാബിക്കുമിടയില്‍ സ്വപ്‌ന സഞ്ചാരം 2017ല്‍

Published

|

Last Updated

ദുബൈ: രാജ്യം കാതോര്‍ത്തിരിക്കുന്ന തീവണ്ടിയുടെ ചൂളംവിളിക്ക് ഈ വര്‍ഷം അവസാനത്തോടെ തുടക്കമാവുമെങ്കിലും ദുബൈക്കും അബുദാബിക്കും ഇടയിലെ സ്വപ്‌ന സഞ്ചാരത്തിനു 2017വരെ കാക്കണം.

2009ല്‍ പ്രവര്‍ത്തനം തുടങ്ങിയ രാജ്യത്തെ ആദ്യ റെയില്‍വേ ലൈന്‍ പദ്ധതിയായ ഇത്തിഹാദ് റെയിലില്‍ പ്രഥമ തീവണ്ടി ഹബ്ശാനില്‍ നിന്ന് റുവൈസിലേക്ക് ഈ വര്‍ഷം അവസാനം ഓടിത്തുടങ്ങും. ഇതോടെ രാജ്യത്തിന്റെ നഗരങ്ങളിലും മണല്‍ക്കാടുകള്‍ നിറഞ്ഞ വഴികളിലും തീവണ്ടിയുടെ ചൂളംവിളി എത്തും. എന്നാല്‍ രാജ്യത്തിന്റെ തലസ്ഥാന നഗരവും മുഖ്യ വാണിജ്യ കേന്ദ്രവും തമ്മില്‍ ബന്ധിപ്പിക്കപ്പെടാന്‍ 2017 വരെ കാത്തിരിക്കണം. നിലവിലെ ഷെഡ്യൂള്‍ അനുസരിച്ചാണ് അഞ്ചുവര്‍ഷത്തിനകം ഈ പദ്ധതി യാഥാര്‍ഥ്യമാവുക. പദ്ധതി വേഗത്തില്‍ മുന്നേറുന്നതിനാല്‍ നിശ്ചിത സമയത്തിനു മുമ്പു തന്നെ പാതയില്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനും ഇടയുണ്ട്.
ഒന്നാം ഘട്ടത്തില്‍ വാഗണുകള്‍ എത്തുകയും മിര്‍ഫയിലെ സ്ലീപ്പര്‍ ഫാക്ടറി യുദ്ധാകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ദുബൈക്കും അബുദാബിക്കും ഇടയില്‍ തീവണ്ടി ചൂളംവിളിച്ചു തുടങ്ങുകയെന്ന് ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
2018 ആകുമ്പോഴേക്കും 1,200 കിലോമീറ്റര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. ഇതിനുള്ള പ്രവര്‍ത്തി അതിവേഗം നടന്നുവരികയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ വടക്കന്‍ എമിറേറ്റില്‍ വന്‍ പുരോഗതിയാവും സംഭവിക്കുക.
ഈ വര്‍ഷം ഏപ്രിലില്‍ പദ്ധതിക്കുള്ള ലോക്കോമോട്ടീവ് എഞ്ചിനുകള്‍ യു എ ഇയില്‍ എത്തിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുന്ന ഹബ്ശാന്‍-റുവൈസ് സര്‍വീസിനുള്ളതാണ് ഈ ലോക്കോമോട്ടീവുകള്‍ എന്ന് ഇത്തിഹാദ് റെയില്‍ കൊമേഴ്‌സ്യല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാദി മലക് വ്യക്തമാക്കി.
അതിബൃഹത്തായ ഇത്തിഹാദ് റെയില്‍ പദ്ധതിയിലെ നഴികക്കല്ലാണ് ഒന്നാം ഘട്ടവും ലോക്കമോട്ടീവിന്റെ വരവും. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ മധ്യപൗരസ്ത്യദേശത്തെ രാജ്യങ്ങളുമായും ഭാവിയില്‍ ഏഷ്യയുടെ വിവിധ ഭാഗങ്ങളുമായും യൂറോപ്പിനെ പോലും ബന്ധിപ്പിക്കാന്‍ ഉതകുന്നതാണ് പദ്ധതി.
രണ്ടാം ഘട്ട പദ്ധതിക്ക് 4,000 കോടി ദിര്‍ഹത്തോളമാണ് നീക്കിവെച്ചിരിക്കുന്നത്. ഈ ഘട്ടം പൂര്‍ത്തിയാവുന്നതോടെ ദുബൈയെ മാത്രമല്ല ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ, ഖോര്‍ഫുഖാന്‍ തുടങ്ങിയ മേഖലകളെയും തലസ്ഥാന നഗരമായ അബുദാബിയുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Latest