തിരുവഞ്ചൂര്‍ സരിതയെ ഫോണില്‍ വിളിച്ചതായി തെളിഞ്ഞു

Posted on: July 4, 2013 10:49 am | Last updated: July 4, 2013 at 6:30 pm

saritha-thiruvanchurതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്തായി.  മെയ് 23ന് തിരുവഞ്ചൂര്‍ സരിതയെ വിളിച്ചു സംസാരിച്ചത് 19 സെക്കന്റാണ്.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തിരുവഞ്ചൂര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും സരിത ഫോണില്‍ വിളിച്ചു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചത് പോലെ 168 സെക്കന്റല്ല, 19 സെക്കന്റ് മാത്രമാണ് അവരുമായി സംസാരിച്ചതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. പോലീസ് അന്വേഷണം നടക്കുമ്പോള്‍ സരിത എസ് നായരുമായി ആഭ്യന്തരമന്ത്രി ഫോണില്‍ സംസാരിച്ചുവെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.  തന്റെ പ്രതിച്ഛായ മോശമാകുമെന്ന് കരുതിയാണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നത്. ഞാനൊരു പാവപ്പെട്ട കുടുംബത്തില്‍ നിന്നും വന്നയാളാണ്. സത്യത്തിന്റെ വഴിയില്‍ നിന്ന് ഇക്കാലം വരെയും വ്യതിചലിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.  ശാലുമേനോനുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ താന്‍ പകച്ച് പോയെന്നും. അത് കൊണ്ടാണ് ഫോണ്‍ വിളിച്ച കാര്യം മറച്ച് വെച്ചതെന്നും തിരുവഞ്ചൂര്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സരിത വിളിച്ചുവെന്ന് പല മന്ത്രിമാരും പരസ്യമായി സമ്മതിച്ചപ്പോള്‍ തിരുവഞ്ചൂര്‍ മൗനം തുടരുകയായിരുന്നു.  എന്നാല്‍ ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവന്നതോടെ തിരുവഞ്ചൂര്‍ വെട്ടിലായി.  തന്നെ സരിത വിളിച്ചത് ഓര്‍മ്മയില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.