Connect with us

Kerala

മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് യോഗം ഇന്ന് കോഴിക്കോട്ട്‌

Published

|

Last Updated

കോഴിക്കോട്:കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും ലീഗ്‌വിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് അണികള്‍ക്കിടയില്‍ പ്രതിഷേധം കത്തി നില്‍ക്കെ പാര്‍ട്ടിയുടെ നിര്‍ണായക സെക്രട്ടേറിയറ്റ് ഇന്ന് കോഴിക്കോട്ട് ചേരുന്നു. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള അകല്‍ച്ചയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ വിവാദ പ്രസ്താവന തിരുത്തി ചെന്നിത്തല രണ്ട് തവണ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രശ്‌നം ഇതുകൊണ്ട് തീരില്ലെന്നാണ് ലീഗിലെ ചില നേതാക്കള്‍ പറയുന്നത്. ലീഗിനെ നിരന്തരമായി കുറ്റപ്പെടുത്തുകയും വര്‍ഗീയമായി ചിത്രീകരിക്കുകയും ചെയ്യുന്നത് ചില കോണ്‍ഗ്രസ് നേതാക്കള്‍ അജന്‍ഡയായി സ്വീകരിച്ചിരിക്കുകയാണെന്ന് ആര്യാടന്‍ മുഹമ്മദ്, കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍, വി ഡി സതീശന്‍ എന്നിവരുടെ പേരെടുത്ത് ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. നിരന്തര ആക്രമണമുണ്ടാകുന്നതിനാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്ന് ഒരു ഉറപ്പ് ലഭിക്കുന്നതു വരെ പൂര്‍ണ തോതില്‍ സഹകരിക്കേണ്ടെന്നാണ് ലീഗ് നിലപാട്. ഇത്തരത്തിലുള്ള ഒരു തീരുമാനമായിരിക്കും ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പുറത്തുവരുക.

മുന്നണിയുടെ മര്യാദകള്‍ ലംഘിച്ച് തങ്ങളെ നിരന്തരം ആക്രമിക്കുന്നത് അംഗീകരിച്ച് കൊടുക്കേണ്ടെന്നാണ് പാര്‍ട്ടി നേതാക്കളുടെയും അഭിപ്രായം. 28 അംഗ സെക്രട്ടേറിയറ്റില്‍ ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബശീര്‍ അടക്കം ഭൂരിഭാഗം അംഗങ്ങളും കടുത്ത തീരുമാനങ്ങള്‍ വേണമെന്ന അഭിപ്രായക്കാരാണ്. ഭൂരിഭാഗം ജില്ലാ കമ്മിറ്റികള്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലാ കമ്മിറ്റി മന്ത്രിസഭയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് നേതൃത്വത്തോടാവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന് മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കുന്നതിനോട് യോജിപ്പില്ല. ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദമാണിതിന് പിന്നില്‍. ലീഗിന്റെ ഭാഗത്ത് നിന്ന് കടുത്ത നടപടി കൂടി ഉണ്ടായാല്‍ സോളാര്‍ വിഷയത്തില്‍ പ്രതിരോധത്തിലായ മുഖ്യമന്ത്രിക്ക് അത് താങ്ങാനാകുന്നതിന് അപ്പുറമാണ്. ഉമ്മന്‍ ചാണ്ടിയും പി പി തങ്കച്ചനും മുന്‍കൈ എടുത്ത് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുമായും ലീഗ് നേതാക്കളുമായും നടത്തിയ ചര്‍ച്ച ഇതിന്റെ ഭാഗമാണ്.
കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒളിപ്പോരിന് ഹൈക്കമാന്‍ഡ് തടയിട്ടാല്‍ പ്രശ്‌നം തീരുമെന്ന് കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനം ഉണ്ടാകില്ലെന്ന് ഉമ്മന്‍ ചാണ്ടിക്ക് കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കി. ഇതിനാല്‍ മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതില്ലെന്ന അഭിപ്രായമാകും കുഞ്ഞാലിക്കുട്ടി വിഭാഗം ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉന്നയിക്കുക.
എന്നാല്‍ അഞ്ചാം മന്ത്രി വിവാദത്തില്‍ കടുംപിടിത്തം വേണ്ടെന്ന കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ മൃദുസമീപനം പാര്‍ട്ടിയില്‍ നടപ്പായിരുന്നില്ല. ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രിസ്ഥാനം കിട്ടിയേ തീരുവെന്ന ഭുരിഭാഗം സെക്രട്ടേറിയറ്റ് അംഗങ്ങളുടെ അഭിപ്രായമാണ് പിന്നീട് പാര്‍ട്ടി തീരുമാനമായി മാറിയത്. ഇത് നേടിയെടുക്കുകയും ചെയ്തു. ഇപ്പോഴത്തെ വിഷയത്തില്‍ ഭുരിഭാഗം സെക്രട്ടേറിയറ്റ് അംഗങ്ങളും പാര്‍ട്ടി ജില്ലാ കമ്മിറ്റികളും കോണ്‍ഗ്രസ് നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്ന ഒരേ അഭിപ്രായത്തിലാണുള്ളത്. താഴെക്കിടയില്‍ അണികളിലും എതിര്‍പ്പ് രൂക്ഷമാണ്. പാര്‍ട്ടിയുടെ അഭിമാനം പണയംവെക്കേണ്ടെന്നാണ് പാര്‍ട്ടി നേതാക്കളുടെ പക്ഷം. ഇതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ പി കെ കുഞ്ഞാലിക്കുട്ടിയും കെ പി എ മജീദും പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണപരിഹാരമായിട്ടില്ലെന്ന് പറഞ്ഞത്. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചക്ക് വലിയ പ്രസക്തിയില്ലെന്നാണ് ലീഗിന്റെ ഒരു സംസ്ഥാന നേതാവ് സിറാജിനോട് പ്രതികരിച്ചത്. ലീഗിന് പറയാനുള്ള കാര്യം ഇന്ന് കോഴിക്കോട് ലീഗ്ഹൗസില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകുമെന്നും ഇദ്ദേഹം പറഞ്ഞു. രമേശുമായി നടത്തിയ ചര്‍ച്ചയുടെ വിശദാശംങ്ങള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ കെ പി എ മജീദ് വിശദീകരിക്കും.

Latest