സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ജലരേഖയായി; അട്ടപ്പാടിയില്‍ ശിശുമരണം വീണ്ടും

Posted on: July 4, 2013 12:55 am | Last updated: July 4, 2013 at 12:55 am

അഗളി: സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ജലരേഖയായി. അട്ടപ്പാടി യില്‍ ശിശുമരണം വീണ്ടും. ആനവായ് ഊരിലെ ഓമന-മുരുകന്‍ ദമ്പതികളുടെ നവജാത ശിശുവും പാലൂര്‍ ഊരിലെ ചിന്നന്റെ മകള്‍ ഭവാനി(ഏഴ്) എന്നിവരാണ് മരിച്ചത്. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് നവജാതശിശു മരിച്ചത്. ഭവാനി മരിച്ചത് യഥാസമയം ചികിത്സ കിട്ടാതെയും. കഴിഞ്ഞ 28നാണ് ഓമന മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ പ്രസവിച്ചത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മലദ്വാരം ഇല്ലാതിരുന്നതിനാല്‍ ഓപ്പറേഷന്‍ നടത്തിയെങ്കിലും ബുധനാഴ്ച രാവിലെ കുട്ടി മരിച്ചു.

കഴുത്തു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഭവാനിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. യാത്രാമദ്ധ്യേ മരിക്കുകയായിരുന്നു.
ഒരു മാസം മുമ്പ് വരെ അട്ടപ്പാടിയില്‍ നിന്നുള്ളവരെ പാലക്കാട്, തൃശൂര്‍ ആശുപത്രികളിലേക്കാണ് റഫര്‍ ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ എല്ലാ കേസും വളരെ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ്‌റഫര്‍ ചെയ്യുന്നത്. ഇവിടെ മെഡിക്കല്‍ ക്യാമ്പിന് എത്തിയ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ഇതെന്നാണ് പറയുന്നത്. എന്നാല്‍, ഇത് ആദിവാസികളെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. നവജാത ശിശുക്കളുടെ കൂട്ടമരണത്തിന് കാരണമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന് ചൊവ്വാഴ്ച പട്ടികവര്‍ഗ മന്ത്രി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ആദിവാസി കുട്ടികളുടെ മരണം.
ജയറാം രമേശ് ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാപും, മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയടക്കമുള്ളവര്‍ അട്ടപ്പാടിയിലെത്തുകയും ആദിവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുന്നതിന് ആശുപത്രികളില്‍ സൗകര്യം മെച്ചപ്പെടുത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അട്ടപ്പാടിയിലെ ആരോഗ്യ മേഖലയില്‍ എല്ലാം പഴയപടി തുടരുകയാണ്.
കോട്ടത്തറ െ്രെടബല്‍ ആശുപത്രിയില്‍ 28 ഡോക്ടര്‍മാരെ നിയമിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇവിടെ 15 ഡോക്ടര്‍മാരേയുള്ളൂ. പി എസ് സി വഴി നിയമനം ലഭിച്ച ഏഴു പേരും എന്‍ ആര്‍ എച്ച് എം വഴി താല്‍ക്കാലികമായി നിയമിച്ച എട്ടുപേരുമാണുള്ളത്. ഇതില്‍ മൂന്നു പേരെ മറ്റ് ആശുപത്രികളില്‍ നിന്ന് വിളിച്ചുവരുത്തിയവരാണ്. ആവശ്യമായ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കിലും പീഡിയാട്രീഷന്‍, ഗൈനക്കോളജി, ഓഫ്താല്‍മോളജി വിഭാഗത്തിലായി മൂന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്.
രണ്ടു വര്‍ഷം മുമ്പ് പൂട്ടിയ ഓപ്പറേഷന്‍ തിയറ്റര്‍ ഉടന്‍ തുറക്കുമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രഖ്യാപിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. ഗൈനക്കോളജിയുമായി ബന്ധപ്പെട്ട് മാത്രമാണ് സ്‌കാനിങ് റൂം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരെയും നിയമിച്ചിട്ടില്ല. ആവശ്യം വരുമ്പോള്‍ ആനക്കട്ടിയിലെ ഫാര്‍മസിസ്റ്റിനെ ഇങ്ങോട്ട് വിളിക്കുകയാണ് പതിവ്. ആശുപത്രിയില്‍ ശുചീകരണ ജീവനക്കാരുമില്ല.
ആനക്കട്ടി പി എച്ച് സിയിലുള്ള രണ്ട് ഡോക്ടര്‍മാരില്‍ ഒരാളെ കോട്ടത്തറയിലേക്കു വിട്ടിരിക്കുകയാണ്. ഷോളയൂര്‍ പി എച്ച് സിയിലെ മൂന്ന് പേരില്‍ ഒരാള്‍ കോട്ടത്തറയിലാണ്. ഇവിടെയും ഫാര്‍മസിസ്റ്റ് ഇല്ല.
ജീവനക്കാരുടെ എണ്ണത്തില്‍ രണ്ടുമാസം മുമ്പ് ഉണ്ടായിരുന്നതില്‍ നിന്ന് കാര്യമായ പുരോഗതിയൊന്നുമില്ല. ആശുപത്രികളുടെ പ്രവര്‍ത്തനവും അങ്ങനെ തന്നെ. പ്രത്യേക സാഹചര്യത്തില്‍ സൂപ്രണ്ടുമാരുടെ പേരില്‍ പ്രത്യേക ഫണ്ട് അനുവദിക്കുമെന്നറിയിച്ചിരുന്നെങ്കിലും ഒന്നും ഉണ്ടായില്ല. നിസാര കേസുകള്‍ പോലും ഇവിടെ നിന്ന് മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്. മുമ്പ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കാണ് എല്ലാ കേസുകളും റഫര്‍ ചെയ്തിരുന്നത്. എന്നാല്‍, അടുത്തിടെയായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് വിടുന്നത്.
കോട്ടത്തറയില്‍ സഹായത്തിന് ആവശ്യമായ എസ്ടി പ്രൊമോട്ടര്‍മാര്‍ പോലുമില്ല. പാലക്കാട് ജില്ലാ ആശുപത്രിയിലാവട്ടെ മൂന്ന് പ്രൊമോട്ടര്‍മാരുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലും മൂന്നുപേരുണ്ട്. അട്ടപ്പാടിയില്‍ ആദിവാസി കുഞ്ഞുങ്ങള്‍ മരിച്ച വീടുകളിലേക്ക് സര്‍ക്കാര്‍ ധനസഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. റേഷനരിപോലും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.