Connect with us

Kozhikode

സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ പകുതി വിജയം; ഒരു കുഞ്ഞ് മരിച്ചു

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്താന്‍ നടത്തിയ ശസ്ത്രക്രിയ പാതി വിജയം. ഇരട്ടകളില്‍ ഒരാള്‍ മരണപ്പെട്ടുവെങ്കിലും മറ്റൊരു കുട്ടി മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ വെന്റിലേറ്ററില്‍ കഴിയുകയാണ്. നട്ടെല്ലും ഹൃദയഭാഗങ്ങളും പരസ്പരം ഒട്ടിച്ചേര്‍ന്ന അവസ്ഥയില്‍ ഈ മാസം 21നാണ് മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ വള്ളുവങ്ങാട് വടക്കാങ്ങര സുകുമാരന്റെ ഭാര്യ സുചിത്രക്കാണ് കന്നി പ്രസവത്തില്‍ സയാമീസ് ഇരട്ടകള്‍ പിറന്നത്.

തുടര്‍ന്ന് മെഡിക്കല്‍കോളജ് മാതൃ ശിശു സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടികള്‍ നവജാത ശിശുക്കള്‍ക്കായുള്ള തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഇരു കുട്ടികള്‍ക്കും അള്‍ട്രാസൗണ്ട് , എം ആര്‍ ഐ സ്‌കാനിംഗുകള്‍ നടത്തിയ ശേഷം ഒരു കുട്ടിക്ക് കുടല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ശേഷം മുലപ്പാലും കൊടുത്തു തുടങ്ങി. ഇന്നലെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്കു ശേഷം മരണപ്പെട്ട കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വിധിയെഴുതിയിരുന്നു. ഹൃദയഭാഗങ്ങളും നട്ടെല്ലും ഇരുകുട്ടികളുടേതും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ശസ്ത്രക്രിയ ഇരു കുട്ടികള്‍ക്കും പ്രയാസമാണെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍, ബന്ധുക്കളുടെ നിര്‍ബന്ധം പരിഗണിച്ചാണ് ഇന്നലെ ശസ്ത്രക്രിയ നടത്തിയത്. മെഡിക്കല്‍കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ മണിക്കൂറുകളോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ദൗത്യം പൂര്‍ത്തിയാക്കാനായത്. സയാമീസ് ഇരട്ടകളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ പാതി വിജയിച്ചത് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിക്ക് മികവ് സമ്മാനിച്ചിരിക്കുകയാണ്.

Latest