Connect with us

Kerala

പ്ലസ്‌വണ്‍ സീറ്റുകള്‍ പത്ത് ശതമാനം വര്‍ധിപ്പിക്കും

Published

|

Last Updated

തിരുവനന്തപുരം:ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ സീറ്റുകള്‍ പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എസ് എസ് എല്‍ സി കഴിഞ്ഞവര്‍ക്ക് കൂടുതല്‍ ഉപരിപഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണിത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്‍സ്യമര്‍ഫെഡിന് മാര്‍ക്കറ്റില്‍ ഇടപെടാന്‍ 25 കോടി രൂപ നല്‍കും. ഇതിനു പുറമേ എന്‍ സി ഡി സിയില്‍ നിന്ന് ഫണ്ട് ലഭ്യമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് ജാമ്യം നില്‍ക്കാന്‍ തീരുമാനിച്ചതായും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എന്നീ ഏജന്‍സികള്‍ക്ക് ഓണക്കാലത്ത് പരമാവധി പിന്തുണ നല്‍കി വിലക്കയറ്റം നിയന്ത്രിക്കും. 27 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് നാലാമത് ഗ്രേഡ് നല്‍കും. സിവില്‍ പോലീസ് ഓഫീസര്‍ ആയി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സമാന വിദ്യാഭ്യാസ യോഗ്യതയുള്ള മറ്റ് തസ്തികകളില്‍ ലഭിക്കുന്ന പ്രൊമോഷന്‍ സാധ്യത ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവില്‍ മൂന്ന് ഗ്രേഡുകളുള്ള ഇവര്‍ക്ക് 23 വര്‍ഷത്തിനു ശേഷമാണ് ആദ്യ പ്രൊമോഷന്‍ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാലാ പോളിടെക്‌നികില്‍ പുതിയ കോഴ്‌സ് അനുവദിച്ചതിനാല്‍ ആറ് പുതിയ തസ്തിക സൃഷ്ടിക്കും. ഹൈക്കോടതിയില്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ 13 പുതിയ തസ്തികകളും സൃഷ്ടിക്കും.
കാലവര്‍ഷക്കെടുതി മൂലം സംസ്ഥാനത്ത് കൃഷിനാശം സംഭവിച്ചവര്‍ക്കും മറ്റു നാശനഷ്ടം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കും. സംസ്ഥാനത്തുണ്ടായ മൊത്തം നഷ്ടം വിശദീകരിച്ച് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ബന്ധപ്പെട്ട മറ്റു മന്ത്രിമാര്‍ക്കും നിവേദനം നല്‍കും. കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നഷ്ടം കണക്കാക്കിയാകും നിവേദനം നല്‍കുക. യഥാര്‍ഥ നഷ്ടം ഇതിലും കൂടുതലാണ്.
കാലവര്‍ഷക്കെടുതി മൂലം ഏറ്റവും കൂടുതല്‍ നാശം നേരിട്ടത് ആലപ്പുഴ ജില്ലയിലാണ്. കേന്ദ്ര മന്ത്രിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, സംസ്ഥാന മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ പി മോഹനന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും കലക്ടറുടെ റിപ്പോര്‍ട്ടുകളും സര്‍ക്കാറിന് ലഭിച്ചു. ആലപ്പുഴയിലെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഇന്ന് ചേരുന്ന യോഗത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.