കാര്‍ഷിക വായ്പ: സഹകരണ ബേങ്കുകളുടെത് കുപ്രചാരണം

Posted on: July 4, 2013 12:35 am | Last updated: July 4, 2013 at 12:35 am

കല്‍പ്പറ്റ: കാര്‍ഷിക വായ്പാ വിതരണം നിര്‍ത്തിവെച്ചതുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ നടത്തുന്നത് കുപ്രചാരണം. നബാര്‍ഡിന്റെ വിലക്കുള്ളതിനാല്‍ അനുവദിക്കാനാവില്ലെന്നാണ് പലിശ കുറഞ്ഞ കാര്‍ഷിക വായ്പയ്ക്ക് സമീപിക്കുന്നവരോട് ബാങ്ക് അധികൃതര്‍ പറയുന്നത്. നബാര്‍ഡ് ഫണ്ട് അനുവദിക്കാത്തതിനാല്‍ സംസ്ഥാന സഹകരണ ബാങ്ക് കാര്‍ഷിക വായ്പ നല്‍കുന്നതിനു കീഴ്ത്തട്ടിലുള്ള സംഘങ്ങള്‍ക്ക് തുക ലഭ്യമാക്കുന്നില്ലെന്ന് അവര്‍ വിശദീകരിക്കുന്നുമുണ്ട്. എന്നാല്‍ കാര്‍ഷിക വായ്പയും കിസാന്‍ ക്രഡിറ്റ് കാര്‍ഡും നല്‍കുന്നതില്‍ പ്രാഥമിക സംഘങ്ങളെ വിലക്കി നബാര്‍ഡ് ഉത്തരവായിട്ടില്ലെന്ന് ജില്ലാ വികസന മാനേജര്‍ എന്‍.എസ്. സജികുമാര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് എല്ലാ ബാങ്കുകള്‍ക്കും ഹ്രസ്വകാല കാര്‍ഷിക വായ്പ നല്‍കാന്‍ ബാധ്യതയുണ്ട്. രാജ്യത്ത് സുരക്ഷിതവും സുസ്ഥിരവുമായ സാമ്പത്തിക വിനിമയ സമ്പ്രദായം നടപ്പിലാക്കേണ്ടത് റിസര്‍വ് ബാങ്കിന്റെ ഉത്തരവാദിത്തമാണ്.
റിസര്‍വ് ബാങ്കിന്റെ വിനിമയ സംവിധാനം വഴി മാത്രമേ എ.ടി.എം പോലുള്ള സാങ്കേതിക വിദ്യകള്‍ പ്രാവര്‍ത്തികമാക്കാനാകൂ. വിനിമയ സംവിധാനത്തില്‍ അംഗങ്ങളാകുന്ന എല്ലാ ബാങ്കുകളും റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.
വയനാട്ടില്‍ എല്ലാ ബാങ്കുകളുംകൂടി നല്‍കിയിരിക്കുന്ന കാര്‍ഷിക വായ്പ 1546 കോടി രൂപയാണ്. ഇതി ല്‍ 824 കോടി രൂപ സഹകരണ ബാങ്കുകള്‍ അനുവദിച്ചതാണ്. 2012-13ല്‍ ജില്ലയില്‍ ആകെ അനുവദിച്ച കിസാന്‍ ക്രഡിറ്റ് കാര്‍ഡുകളില്‍ 20788 എണ്ണം സഹകരണ ബാങ്കുകളില്‍നിന്നുള്ളതാണ്. സഹകരണ സംഘങ്ങളുടെ പ്രാധാന്യവും ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയില്‍ അവയുടെ പങ്കും കണക്കിലെടുത്ത് നബാര്‍ഡ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ദേശീയ വിനിമയ സംവിധാനത്തില്‍ സഹകരണ ബാങ്കുകളെ അംഗങ്ങളാക്കുന്നതിനു നബാര്‍ഡ് കൊണ്ടുവന്ന കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ അവയില്‍ ഒന്നാണ്. 2013 സെപ്റ്റംബര്‍ 30 ഓടെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ സഹകരണ ബാങ്കുകളും കോര്‍ ബാങ്കിംഗ് ശ്രൃംഖലയുടെ ഭാഗമാകും. സഹകരണ ബാങ്കുകള്‍ക്ക് വരുന്ന ഡിസംബറോടെ സഹകരണ ബാങ്കുകള്‍ക്ക് മറ്റു ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഇടപാടുകാര്‍ക്ക് ലഭ്യമാക്കാന്‍ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ ഉതകും-സജികുമാര്‍ പറഞ്ഞു.
അതിനിടെ, നബര്‍ഡ് വിലക്കുണ്ടെന്നും മറ്റും പറഞ്ഞ് സഹകരണ ബാങ്കുകള്‍ കാര്‍ഷിക വായ്പ നിഷേധിക്കുന്നത് കര്‍ഷകര്‍ക്ക് കടുത്ത പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. ജില്ലാ സഹകരണ ബാങ്കിന്റെ ഒരു ശാഖയിലും കാര്‍ഷിക വായ്പ അനുവദിക്കുന്നില്ല. ഭൂമി ഈടുവാങ്ങി 15 ശതമാനത്തിനും അതിനു മുകളിലുമുള്ള പലിശനിരക്കില്‍ കാര്‍ഷികേതര വായ്പകളാണ് ജില്ലാ ബാങ്ക് ശാഖകള്‍ അനുവദിക്കുന്നത്. പ്രാഥമിക വായ്പാസംഘങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രാഥമിക സംഘങ്ങള്‍ വര്‍ഷങ്ങളായി നിര്‍ത്തിവെച്ചിരിക്കയാണ് കുറഞ്ഞ പലിശയ്ക്കുള്ള കാര്‍ഷിക വായ്പാ വിതരണം. ഉയര്‍ന്ന നിരക്കില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് കുറഞ്ഞ നിരക്കില്‍ കാര്‍ഷിക വായ്പ അനുവദിക്കുന്ന ഇടപാട് ‘മുതലാകില്ലെന്നാണ്’ പ്രാഥമിക വായ്പാ സംഘങ്ങളുടെ നിലപാട്.