ബലാത്സംഗം ചെയ്യപ്പെടുന്ന ആണുങ്ങള്‍

Posted on: July 4, 2013 6:00 am | Last updated: July 4, 2013 at 1:23 pm

പുരുഷന്മാര്‍ സ്ത്രീകളെ എന്ന പോലെ സ്ത്രീകള്‍ പുരുഷന്മാരേയും ബലാത്സംഗം ചെയ്യാറുണ്ട്. അപ്രകാരം ഇരയാക്കപ്പെടുന്ന പുരുഷന്‍ സ്ത്രീക്കെതിരെ ഏത് വകുപ്പനുസരിച്ചാണ് കേസ് കൊടുക്കേണ്ടത്? ആണിന് പെണ്ണിനേക്കാള്‍ കായിക ശേഷി കൂടുതലുള്ളതുകൊണ്ട് ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തുന്നു. പെണ്ണ് കൗശലപ്രയോഗങ്ങളുടെ കെണി ഒരുക്കി ആണിനെ വീഴ്ത്തുന്നു. രണ്ടും ബലാത്സംഗത്തിന്റെ പട്ടികയില്‍ പെടുത്തണം. രണ്ടിലും ദുരുപയോഗം ചെയ്യപ്പെടുന്നത് ദൈവം മനുഷ്യന് കനിഞ്ഞു നല്‍കിയിരിക്കുന്ന ലൈംഗികത എന്ന വരദാനത്തേയും അതിന്റെ സാധ്യതകളേയും തന്നെ. സ്വന്തം കിടപ്പറയിലേക്ക് പരപുരുഷനെ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചിട്ട് അതത്രയും ഒളിക്യാമറയില്‍ പകര്‍ത്തി താന്‍ ബലാത്സംഗത്തിനിരയായി എന്നൊരു പെണ്ണ് പറഞ്ഞാല്‍ അത് ശരിയാണോ?

jose-thettayil1ജോസഫ് സുന്ദരനും സുമുഖനുമായിരുന്നു.ജോസഫില്‍ പൊത്തീഫറിന്റെ ഭാര്യ കണ്ണുനട്ടിരുന്നു. അവള്‍ അവനോട് പറഞ്ഞു: നീ എന്നോടൊപ്പം ശയിക്കുക. ജോസഫ് വിസമ്മതിച്ചു. അയാള്‍ പറഞ്ഞു, ‘നിങ്ങളെന്റെ യജമാനന്റെ ഭാര്യാണല്ലോ. ഞാനെങ്ങനെ ഈ വലിയ അധര്‍മം ചെയ്യും?’ അവള്‍ ദിവസവും ജോസഫിനെ സമീപിച്ചിരുന്നെങ്കിലും അവളോടൊപ്പം ശയിക്കാനോ അവളുടെയടുത്ത് ഇരിക്കാനോ അയാള്‍ കൂട്ടാക്കിയില്ല. ഒരു ദിവസം ജോസഫ് വീട്ടിനുള്ളില്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവള്‍ അവന്റെ വസ്ത്രത്തില്‍ കടന്നു പിടിച്ചു. അവളോടൊപ്പം ശയിക്കുന്നതിനു നിര്‍ബന്ധിച്ചു. അവന്‍ കുതറി മാറി. വസ്ത്രം അവളുടെ കൈയില്‍ ആയി. അയാളതുപേക്ഷിച്ചിട്ട് പുറത്തേക്കോടിപ്പോയി. അവളുടെ ഭര്‍ത്താവ് വന്നപ്പോള്‍ അവള്‍ പറഞ്ഞു, ‘നിങ്ങള്‍ കൊണ്ടുവന്ന ഈ ഹീബ്രു അടിമ മറ്റാരും ഇല്ലാത്തപ്പോള്‍ എന്റെ അടുത്തു വന്നു എന്നെ ബലമായിപ്പിടിച്ച് അവനോടൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ എതിര്‍ത്ത് നിലവിളിച്ചപ്പോള്‍ അവന്റെ വസ്ത്രം അഴിഞ്ഞു പോയി. ഞാനിതാ അവന്റെ അതിക്രമത്തിന്റെ തെളിവായി അവനെന്റെയടുത്തുപേക്ഷിച്ച വസ്ത്രം സൂക്ഷിച്ചിരിക്കുന്നു’ എന്നു പറഞ്ഞു. ഇതു കേട്ട പോത്തിഫറിന്റെ കോപം ജ്വലിച്ചു. അയാള്‍ ജോസഫിനെ പിടിച്ചു ജയിലിലടച്ചു. (ബൈബിള്‍ ഉല്‍പ്പത്തി 39:7.23). നമ്മുടെ രാഷ്ട്രീയ രംഗത്തു നിന്നും ഏറ്റവും ഒടുവിലായി ലൈഗികാപവാദത്തില്‍ കുടുങ്ങിയ നേതാവിന്റെ പേരും ജോസഫ് തന്നെ- ജോസ് തെറ്റയില്‍. തെറ്റയിലിന്റെ തെറ്റിനെ മാധ്യമ ലോകം ആഘോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ബൈബിളിലെ ജോസഫിന്റെ കഥ ഓര്‍മ വന്നതുകൊണ്ടു മാത്രം അതിവിടെ ഉദ്ധരിച്ചതാണ്.

ഈജിപ്തിലെ പ്രഭു പൊത്തിഫറിന്റെ ഭാര്യ സുന്ദരനായ ജോസഫിനെ കെണിയിലകപ്പടുത്തുകയായിരുന്നു. ജോസഫിനെ ഒരു പ്രവാചകനായി ദൈവം മുന്‍കൂര്‍ നിശ്ചയിച്ചിരുന്നതുകൊണ്ടാകാം; അത്ഭുതകരമായി അദ്ദേഹം കുലടയായ ആ പ്രഭുപത്‌നിയില്‍ നിന്നെന്നതുപോലെ ഈജിപ്തിലെ തടവറയില്‍നിന്നും രക്ഷപ്പെട്ടത്. ഇതൊന്നുമില്ലാത്ത പാവം തെറ്റിയേലുമാര്‍ ഇത്തരം സ്ത്രീകളുടെ ആകര്‍ഷണ വലയത്തില്‍ പെട്ടുപോയാല്‍ പെട്ടതുതന്നെ. തെറ്റിയില്‍ കാര്യത്തിലെ ശരിതെറ്റുകള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയും വി എസ് അച്യുതാനന്ദനേയും പി സി ജോര്‍ജിനേയുമൊക്കെപ്പോലുള്ള സനാതന സദാചാരികള്‍ തീരുമാനിക്കട്ടെ. ആലോചിക്കേണ്ടത് മറ്റൊരു വിഷയമാണ്. മാധ്യമങ്ങള്‍ ഇടതടവില്ലാതെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നതും കേരളത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ കണ്ടുരസിച്ചുകൊണ്ടിരിക്കുന്നതുമായ വീഡിയോ ക്ലിപ്പിംഗിലെ ദൃശ്യങ്ങളില്‍ കാണുന്ന പുരുഷന്‍ ജോസ് തെറ്റയില്‍ തന്നെ ആണെന്നു വേണമെങ്കില്‍ സമ്മതിക്കാം. എങ്കില്‍ പോലും ഇതിലെവിടെയാണ് ബലാത്‌സംഗത്തിന് കേസെടുക്കാനുള്ള പഴുത്? സ്വന്തം വീട്ടിലെ കിടപ്പറയിലേക്ക് പരപുരുഷനെ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചിട്ട് അതത്രയും ഒളിക്യാമറയില്‍ പകര്‍ത്തി പരസ്യപ്പെടുത്തിയിട്ട് താന്‍ ബലാത്സംഗത്തിനിരയായി എന്നൊരു പെണ്ണ് പറഞ്ഞാല്‍ അതങ്ങു വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ പത്രം വായിക്കുകകയും ടി വി കാണുകയുമൊക്കെ ചെയ്യുന്ന സാധാരണ മലയാളികള്‍. തെറ്റയില്‍ ഒരു എം എല്‍ എ ആണെന്നല്ലാതെ അദ്ദേഹം ശ്രീബുദ്ധനോ ഉപഗുപ്തനോ ഒന്നുമല്ലല്ലോ. രക്തവും മാംസവും മജ്ജയുമൊക്കെയുള്ള ഒരു പച്ച മനുഷ്യനല്ലേ? സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി മലമുകളില്‍ കയറി നിന്ന് പ്രസംഗിക്കുന്ന സദാചാരികളും നിയമവിദ്ഗ്ധരും മറുപടി പറയേണ്ട ഒരു പ്രശ്‌നം തീര്‍ച്ചയായും ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.

പുരുഷന്മാര്‍ സ്ത്രീകളെ എന്ന പോലെ സ്ത്രീകള്‍ പുരുഷന്മാരേയും ബലാത്സംഗം ചെയ്യാറുണ്ട്. അപ്രകാരം ഇരയാക്കപ്പെടുന്ന പുരുഷന്മാര്‍ അത്തരം സ്ത്രീകള്‍ക്കെതിരെ ഏത് വകുപ്പനുസരിച്ചാണ് കേസ് കൊടുക്കേണ്ടത്? മനുഷ്യരുടെ ഏറ്റവും പ്രാകൃതമായ ഉപജീവനോപാധി വേട്ടയാടലും ഏറ്റവും പഴക്കം ചെന്ന തൊഴില്‍ വേശ്യാവൃത്തിയും ആണെന്ന് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. വേട്ടയാടലിനുള്ള ഒരെളുപ്പവഴി ഇരയെ കെണിയില്‍ അകപ്പെടുത്തുക എന്നതാണ്. ആണിന് പെണ്ണിനേക്കാള്‍ കായിക ശേഷി കൂടുതലുള്ളതുകൊണ്ട് ബലപ്രയോഗത്തിലൂടെ പെണ്ണിനെ കീഴ്‌പെടുത്തുന്നു. പെണ്ണ് കൗശലപ്രയോഗങ്ങളുടെ കെണി ഒരുക്കി ആണിനെ വീഴ്ത്തുന്നു. രണ്ടും ബലാത്സംഗത്തിന്റെ പട്ടികയില്‍ പെടുത്തണം. രണ്ടിലും ദുരുപയോഗം ചെയ്യപ്പെടുന്നത് ദൈവം മനുഷ്യന് കനിഞ്ഞു നല്‍കിയിരിക്കുന്ന ലൈംഗികത എന്ന വരദാനത്തേയും അതിന്റെ സാധ്യതകളേയും തന്നെ. സര്‍ഗാത്മകമായി സെക്‌സിനെ ഉപയോഗിക്കുകയല്ലാതെ ദുരുപയോഗപ്പെടുത്തുന്നത് ആണായാലും പെണ്ണായാലും ഒരു പോലെ ശിക്ഷാര്‍ഹമാണ്.

ജീവിതത്തിന്റെ ആയോധനക്കളരിയില്‍ പലപ്പോഴും ഇരകളാക്കപ്പെടുന്നത് പെണ്ണാകയാലും സെക്‌സ് മാത്രമല്ല അധികാരവും സമ്പത്തുമെല്ലാം ബലപ്രയോഗത്തിലൂടെ അധീനപ്പെടുത്തുന്നത് അധികവും ആണുങ്ങളായതുകൊണ്ടും പൊതുസമൂഹം പെണ്ണുങ്ങള്‍ക്ക് നേരെ കൂടുതല്‍ സഹതാപം പ്രകടിപ്പിക്കുന്നു എന്നത് സ്വാഭാവികം. എന്നാല്‍ ഈ സഹതാപ തരംഗത്തിന്റെ ആനുകൂല്യം അളവറ്റ തരത്തില്‍ മുതലെടുക്കലിന് വിധേയമാകുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ.
സ്വരക്ഷയെ കരുതി പെണ്ണുങ്ങള്‍ വസ്ത്രധാരണത്തിലും പെരുമാറ്റശൈലിയിലും ഒക്കെ അല്‍പ്പം കൂടി മിതത്വം എല്ലാ രംഗത്തും പാലിക്കണമെന്നു പറയുമ്പോള്‍ അതിനെ മതയാഥാസ്ഥിതികത്വത്തിന്റെ ജല്‍പ്പനമന്നു പരിഹസിക്കുകയും രാപകല്‍ ഭേദമന്യേ ആണും പെണ്ണും തോന്നിയപോലെ അഴിഞ്ഞാട്ടം നടത്തുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സമര്‍ഥിക്കുകയും ചെയ്യുന്ന നമ്മുടെ ബൂര്‍ഷ്വാ ലിബറലിസ്റ്റ് ആശയഗതിക്കാര്‍ മറുപടി പറയേണ്ട ഒട്ടേറെ വിഷയങ്ങള്‍ ഇതോടുബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വിവാഹമോചന കേസുകള്‍ അഭ്യസ്തവിദ്യരുടെ ഇടയില്‍ മറ്റെന്നത്തേക്കാളും അധികം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പൗരസ്ത്യ നാടുകളിലെ പാരമ്പര്യത്തില്‍ നിന്നുരുത്തിരിഞ്ഞു വന്ന ഇസ്‌ലാമിലെ ബഹുഭാര്യാത്വത്തെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുന്ന പാശ്ചാത്യ ക്രൈസ്തവ ലോകം ഏകപത്‌നി വ്രതത്തിലൂന്നിയ കുടുംബജീവിതത്തിന്റെ പവിത്രതയെക്കുറിച്ച് വാചാലരാകുന്നവരാണ്. പക്ഷേ, ഇന്നെന്താണ് പാശ്ചാത്യ സമൂഹത്തിന്റെ അവസ്ഥ ? ലൈംഗികതയുടെ എല്ലാ കാല്‍പ്പനിക പരിവേഷങ്ങളേയും തിരസ്‌കരിച്ചുകൊണ്ട് അതിനെ ഒരു തരം മൃഗസഹജമായ ഇണചേരലാക്കി തരംതാഴ്ത്തിയിരിക്കുന്നു.

ഫിക്ഷനുകളുടെയും മറ്റും സ്വാധീനം വഴി നമ്മുടെ സമൂഹവും അതിവേഗം പാശ്ചാത്യവത്കരണത്തിന് വശപ്പെട്ടുകഴിഞ്ഞു. കുടുംബത്തിന്റെ പവിത്രതയെക്കുറിച്ചു ഗിരിപ്രഭാഷണം നടത്തിയിരുന്നവര്‍ക്ക് ഇന്ന് കുടുംബ കാര്യങ്ങളെന്നാല്‍ പുറത്തു പറയാന്‍ കൊള്ളാത്തതാണെന്ന അര്‍ഥം കൈവന്നിരിക്കുന്നു. അതുകൊണ്ടാണല്ലോ നമ്മുടെ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹമോചന പ്രശ്‌നവുമായി ബന്ധപ്പെട്ട ഒരു കോടതി രേഖ നിയമസഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാവിനെ സ്പീക്കര്‍ തടഞ്ഞതും പരാമര്‍ശിച്ച കാര്യങ്ങള്‍ നിയമസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തതും. ഇത്ര പറയാനും കേള്‍ക്കാനും കൊള്ളാത്ത എന്താണാവോ ഈ വിഷയത്തില്‍ ഉള്ളത്? ഒരു വ്യക്തി മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവായിപ്പോയതുകൊണ്ടു മാത്രം അയാള്‍ക്കു നീതി തേടി കോടതിയെ സമീപിച്ചുകൂടെന്നുണ്ടോ? കോടതിയില്‍ എത്തുന്നതോടെ ഏതു സ്വകാര്യ പ്രശ്‌നവും രാജ്യത്തെ നിലവിലുള്ള നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി മാറുന്നു. അതത്രയും പൊതുതാത്പര്യം ഉണര്‍ത്തുന്ന രഹസ്യരഹിത വിഷയങ്ങളായി മാറുന്നു.
സ്വന്തം ജീവിതത്തില്‍ വഴിവിട്ട ശാരീരിക ബന്ധങ്ങളില്‍ താത്പര്യം പുലര്‍ത്തുന്ന പാശ്ചാത്യര്‍ പോലും അവരുടെ ഉത്തരവാദപ്പെട്ട വൈദികരും ഭരണാധികാരികളും ഒക്കെ കൃത്യമായ സദാചാരനിഷ്ഠ പുലര്‍ത്തണമെന്ന് ശഠിക്കുന്നവരാണ്. ലൈംഗിക വിഷയങ്ങളില്‍ ആണും പെണ്ണും ഒക്കെ ഏതുതരം വേലിചാട്ടങ്ങള്‍ക്കും മടിക്കാത്ത നാടാണ് മാര്‍പ്പാപ്പയുടെ സ്വന്തം നാടായ ഇറ്റലി. അവിടത്തെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലൂസ്‌കോണി എന്ന 76 വയസ്സുകാരന് അവിടുത്തെ കോടതി വിധിച്ചത് ഏഴ് വര്‍ഷത്തെ തടവുശിക്ഷയും പൊതുപ്രവര്‍ത്തനത്തിന് വിലക്കുമാണ്. പരാതിക്കാരി പരാതി പിന്‍വലിച്ചിട്ടും കോടതി വിട്ടില്ല. നമ്മുടെ നാട്ടിലാണെങ്കില്‍ തീര്‍ച്ചയായും ഒരു നീതിപീഠവും ഒരു മുന്‍പ്രധാനമന്ത്രിയെ ശിക്ഷിക്കാന്‍ പോയിട്ട് ന്യായമായ ഒരു വിചാരണ ചെയ്യാന്‍ പോലും തയ്യാറാകുമെന്നു തോന്നുന്നില്ല. അമേരിക്കന്‍ പ്രസിഡണ്ട് ക്ലിന്റന്റെ കസേര തെറിപ്പിച്ചത് സ്വന്തം ഓഫീസ് ജീവനക്കാരിയായ ഒരു യുവ സുന്ദരി ആയിരുന്നല്ലോ. നമ്മുടെ രാഷ്ട്രശില്‍പ്പി ജവഹര്‍ലാല്‍ നെഹ്‌റുവിന് ലേഡി മൗണ്ട്ബാറ്റനുമായുണ്ടായിരുന്ന അവിഹിത ബന്ധങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം ഒ മത്തായി ചിത്രങ്ങള്‍ സഹിതം പുസ്തകം പ്രസിദ്ധീകരിച്ചിട്ടും അതെല്ലാം മത്തായിച്ചന്റെ ക്രൂരകൃത്യങ്ങളെന്ന നിലയില്‍ നമ്മള്‍ ഇന്ത്യക്കാര്‍ അവഗണിച്ചു തള്ളുകയായിരുന്നു. ഭാവിപ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി കരീബിയന്‍ സുന്ദരിയുമൊത്തു കുമരകം കായലില്‍ ജലകേളി നടത്തിയതും സ്റ്റാര്‍ ഹോട്ടലില്‍ അന്തിയുറങ്ങിയതുമെല്ലാം ഇസഡ് കാറ്റഗറിക്കാര്‍ക്കു വേണ്ടി സജ്ജമാക്കിയിട്ടുള്ള സുരക്ഷാ ഭടന്മാരെ കാവല്‍ നിര്‍ത്തിക്കൊണ്ടായിരുന്നു. ഇവിടുത്തെ ഒരു സാധാരണ പൗരന്‍ ഇങ്ങനെ വല്ലതും ചെയ്തിരുന്നുവെങ്കില്‍ പോലീസ് പിടിച്ച് അകത്തിട്ട് അഴി എണ്ണിക്കുമായിരുന്നു. എം എല്‍ എ, മന്ത്രി, പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങള്‍ ഇവര്‍ക്കൊക്കെ ഏതു നിയമവും ലംഘിക്കുന്നതിന് സുരക്ഷാ സേനയുടെ സംരക്ഷണ സൗകര്യം ലഭിക്കും. അമേരിക്കയിലും ഇറ്റലിയിലും ഒക്കെ നേരെ തിരിച്ചാണ്. സാധാരണക്കാരന്‍ സന്മാര്‍ഗവും സദാചാരവും ഒന്നും കൃത്യമായി പാലിക്കണമെന്നില്ല. അധികാരസ്ഥാനങ്ങളോട് അടുപ്പമുള്ളവര്‍ വഴിവിട്ടു വല്ലതും ചെയ്താല്‍ വിവരം അറിയും. അതാണ് നമ്മളും പാശ്ചാത്യരും തമ്മിലുള്ള വ്യത്യാസം.ഈ വക കാര്യങ്ങളില്‍ നമ്മളും പാശ്ചാത്യരെ വെല്ലുന്ന തരത്തില്‍ മുന്നേറിക്കൊണ്ടാണിരിക്കുന്നത്. ഈ മുന്നേറ്റത്തിനംഗീകാരം നല്‍കുന്ന കോടതി വിധികളും ഒന്നിനുപിന്നാലെ മറ്റൊന്നായി വന്നുകൊണ്ടാണിരിക്കുന്നത്. ഈ ജൂണ്‍ 18ന് മദ്രാസ് ഹൈക്കോടതി ജഡ്ജി സി കണ്ണന്‍ നടത്തിയ ഒരു വിധിപ്രസ്താവം തന്നെ ഉദാഹരണം. ഇതു പ്രകാരം മാല, താലി, മോതിരം ഇവയുടെ കൈമാറ്റമോ മതാചാരപ്രകാരമുള്ള അഗ്നികുണ്ഠത്തെ പ്രദക്ഷിണം ചെയ്യലോ പ്രാര്‍ഥനയോ മണിയടിയോ കുന്തിരിക്കം പുകക്കലോ നാടടച്ചു വിളിച്ചു മൃഷ്ടാന്ന ഭോജനം നടത്തലോ എന്തിന് രജിസ്റ്ററാഫീസില്‍ നിന്നും ലഭിക്കുന്ന സാക്ഷ്യപത്രമോ ഒന്നും ദമ്പതികള്‍ വിവാഹിതരായി എന്നതിന്റെ തെളിവാകുന്നില്ല .
മദ്രാസ് ഹൈക്കോടതിയുടെ വീക്ഷണത്തില്‍ വിവാഹം സ്വര്‍ഗത്തിലോ പള്ളിയിലോ അമ്പലത്തിലോ രജിസ്ട്രറാഫീസിലോ ഒന്നുമല്ല നടക്കുന്നത്. പിന്നെയോ കിടപ്പുമുറിയിലാണ്. പ്രായപൂര്‍ത്തിയായ ആണും പെണ്ണും ഒരിക്കലെങ്കിലും ഉഭയസമ്മത പ്രകാരം ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അവരെ വിവാഹിതരായി കണക്കാക്കാമത്രെ. രണ്ട് വശത്തും മൂര്‍ച്ചയുള്ള ഒരു വാളാണീ വിധിപ്രസ്താവം. നിലവിലുള്ള കുടുംബബന്ധങ്ങളേയും വിവാഹം എന്ന സ്ഥാപനത്തിനുണ്ടെന്ന് കരുതപ്പെട്ടിരുന്ന പവിത്രതയെയുമൊക്കെ കാറ്റില്‍ പറത്താന്‍ പര്യാപ്തമായ ഒരു വിധിയാണിതെന്നത്രെ നിയമരംഗം നിരീക്ഷിക്കുന്ന വിദഗ്ധര്‍ വിലയിരുത്തുന്നത്. സക്കറിയയുടെ ഒരു പഴയ കഥയില്‍, രാത്രിയില്‍ തന്റെ മുറിയില്‍ ആരും അറിയാതെ കടന്നുവരാന്‍ കാമുകന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത നായികയുടെ സമീപമെത്തിയ നായകനോട് നായിക ചോദിക്കുന്ന ആദ്യത്തെ ചോദ്യം ‘നിരോധ് കൊണ്ടുവന്നിട്ടുണ്ടോ’ എന്നായിരുന്നു. ചോദ്യം കേട്ട നായകന്‍ ഞെട്ടിപ്പോയി. കാരണം അയാള്‍ക്കാകട്ടെ തന്റെ പ്രണയിനിയോടൊത്ത് കാല്‍പ്പനിക സല്ലാപത്തില്‍ മുഴുകുക എന്നതിനപ്പുറമുള്ള മറ്റു ദുഷ്ട ചിന്തകളൊന്നും ഇല്ലായിരുന്നു. ചോദ്യം കേട്ട മാത്രയില്‍ ഐസായിപ്പോയ നായകന്‍ ഒന്നും പറയാതെ വന്ന വഴിയില്‍ മടങ്ങിപ്പോയി. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത്തരം സന്ദര്‍ഭഭങ്ങളില്‍ നായിക നായകനോട് ചോദിക്കാനിടയുള്ള ചോദ്യം ക്യാമറ കൊണ്ടുവന്നിട്ടുണ്ടോ എന്നായിരിക്കും. എല്ലാത്തിനും ഒരു തെളിവ് വേണമല്ലോ!