വിവിധ കേസുകളില്‍ ജാമ്യാപേക്ഷ തള്ളി

Posted on: July 3, 2013 1:12 pm | Last updated: July 3, 2013 at 1:12 pm

മഞ്ചേരി: നഗ്നഫോട്ടോ വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സഗം ചെയ്തുവെന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തളളി. കെ എസ് ആര്‍ ടി സി ജീവനക്കാരന്‍ തവനൂര്‍ ആതാളൂര്‍ തോട്ടിങ്ങല്‍പറമ്പില്‍ വേലായുധന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി പി കെ ഹനീഫ തള്ളിയത്. 2012 ഏപ്രില്‍ ഒന്നിനാണ് സംഭവം. ഭീഷണിപ്പെടുത്തി യുവതിയുടെ പടിഞ്ഞാറ്റുമുറിയിലുള്ള വീട്ടില്‍ വെച്ചും ഗുരുവായൂരിലെ ലോഡ്ജില്‍ കൊണ്ടുപോയും ബലാത്സഗം ചെയ്തുവെന്നാണ് പരാതി.
ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ല സെഷന്‍സ് കോടതി തള്ളി. തിരൂര്‍ ജില്ലാ ആശുപത്രി നഴ്‌സിംഗ് അസിസ്റ്റന്റ് ഒഴൂര്‍ പെരിക്കോട്ടില്‍ മുഹമ്മദ് ബഷീര്‍ (42)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി പി കെ ഹനീഫ തള്ളിയത്. 2013 ജൂണ്‍ 25നാണ് സംഭവം. മുറിവ് ഡ്രസ്സ് ചെയ്യുന്നതിനിടെ മാനഭംഗപ്പെടുത്തുകയും അശ്ലീല ചുവയോടെ സംസാരിച്ചതായും യുവതി തിരൂര്‍ സിഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതി ഒളിവിലാണ്.
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മൈസൂരില്‍ വെച്ച് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഇരുപത്തിയൊന്നുകാരന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി വീണ്ടും തള്ളി. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സൗത്ത് ചലിയന്‍ ഇബ്‌നുല്‍ മസ്ഹൂദ് (21)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞ മെയ് 10നാണ് സംഭവം.