Connect with us

Malappuram

നന്നംമുക്കില്‍ വൈസ് പ്രസിഡന്റിനെതിരെയും അവിശ്വാസ പ്രമേയം

Published

|

Last Updated

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി അബ്ദുല്‍ഖാദറിനെതിരെ സി പി എം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. പെരുമ്പടപ്പ് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ മുമ്പാകെയാണ് നോട്ടീസ് നല്‍കിയത്. നന്നംമുക്കിലെ ഭരണ മുന്നണിയായ യു ഡി എഫില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ രൂപപ്പെട്ട പ്രശ്‌നങ്ങളെതുടര്‍ന്നാണ് സി പി എം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ ഇന്ദിരചന്ദ്രനെതിരെ കഴിഞ്ഞയാഴ്ച സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലീഗ് അംഗങ്ങളുടെപിന്തുണയോടെ പാസാകുകയും പ്രസിഡന്റ് പുറത്താകുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലെ പ്രസിഡന്റിനെതിരെ ലീഗ് വോട്ടുചെയ്തതോടെ സമീപ പഞ്ചായത്തുകളിലും പ്രശ്‌നങ്ങള്‍ രൂപപ്പെടുകയും യു ഡി എഫ് സംവിധാനം തകരുകയും ചെയ്തിരുന്നു. സമീപ പഞ്ചായത്തായ ആലങ്കോട് ലീഗിലെ പ്രസിഡന്റായ ഷാനവാസ് വട്ടത്തൂരിനുള്ള പിന്തുണ കോണ്‍ഗ്രസിലെ അംഗങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആലങ്കോട് പഞ്ചായത്തില്‍ പ്രതിപക്ഷ കക്ഷിയായ സി പി എം അവിശ്വാത്തിന് നോട്ടീസ് നല്‍കുകയും ഈമാസം 15ന് അവിശ്വസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുകയും ചെയ്യും.
നന്നംമുക്കില്‍ രൂപപ്പെട്ട കോണ്‍ഗ്രസ് ലീഗ് പ്രശ്‌നം സമീപ പഞ്ചായത്തുകളിലേക്കും പടര്‍ന്നതോടെ ഉന്നത നേതൃത്വം ഇടപെടുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ നന്നംമുക്കില്‍ ലീഗിലെ വൈസ് പ്രസിഡന്റിനെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍. ഇതിന് മുന്‍പായി കോണ്‍ഗ്രസ് ലീഗ് പ്രശ്‌നങ്ങള്‍ പരിഹരിച്ചാലും ലീഗിന്റെ നടപടിക്ക് അതേനാണയത്തില്‍ മറുപടി നല്‍കിയില്ലെങ്കില്‍ അണികളെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. അല്ലാത്തപക്ഷം അവിശ്വസപ്രമേയത്തിന് മുന്‍പായി വൈസ് പ്രസിഡന്റ് രാജിവെക്കണമെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നുണ്ട്.

---- facebook comment plugin here -----

Latest