കൊടുവള്ളിയില്‍ പത്ത് മുതല്‍ ട്രാഫിക് പരിഷ്‌കരണം

Posted on: July 3, 2013 12:56 pm | Last updated: July 3, 2013 at 12:56 pm

കൊടുവള്ളി: അങ്ങാടിയില്‍ പത്ത് മുതല്‍ പുതിയ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റസിയ ഇബ്‌റാഹീമിന്റെ അധ്യക്ഷതയില്‍ ട്രാഫിക് പരിഷ്‌കരണ സബ് കമ്മിറ്റി തീരുമാനിച്ചു. മുസ്‌ലിം യത്തീംഖാന മുതല്‍ താഴെ കൊടുവള്ളി പഴയ സബ് രജിസ്ട്രാര്‍ ഓഫീസ് വരെയുള്ള ദേശീയപാത 212 പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ല. കടകളിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ 20 മിനുട്ടില്‍ കൂടുതല്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്യരുത്. മാര്‍ക്കറ്റ് റോഡിലും വാഹനങ്ങള്‍ പാര്‍ക്കിംഗ് പാടില്ല. സിറാജ് ബൈപ്പാസ് റോഡില്‍ സ്റ്റേഡിയം റോഡ് വരെ ബൈക്കുകള്‍ പാര്‍ക്ക് ചെയ്യാം. അവിടെ നിന്ന് താഴെ സിറാജ് ബൈപ്പാസ് റോഡില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ബൈക്കിന് പത്ത് രൂപയും മറ്റ് വാഹനങ്ങള്‍ക്ക് 30 രൂപയും പാര്‍ക്കിംഗ് ഫീസ് നല്‍കണം.
ദീര്‍ഘദൂരമുള്‍പ്പെടെയുള്ള മുഴുവന്‍ ബസുകളും സ്റ്റാന്‍ഡില്‍ നിന്ന് മാത്രമെ യാത്രക്കാരെ കയറ്റാനും ഇറക്കാനും പാടുള്ളൂ. സര്‍ക്കാര്‍ ഓഫീസ് വാഹനങ്ങള്‍ ഒഴികെയുള്ള മറ്റ് വാഹനങ്ങള്‍ സ്റ്റാന്‍ഡില്‍ കയറ്റാന്‍ പാടില്ല. ദേശീയപാതയില്‍ നടപ്പാത കൈയേറ്റം, നടപ്പാതയിലുള്ള പാര്‍ക്കിംഗ് ബോര്‍ഡ് വെക്കല്‍, കച്ചവടക്കാര്‍ പന്തല്‍ നിര്‍മിക്കല്‍, പൊതുമരാമത്ത് റോഡിലേക്കുള്ള മേല്‍ക്കൂര കെട്ടല്‍, കമാനം നിര്‍മിക്കല്‍ എന്നിവ നിരോധിക്കും. ഇത്തരം കൈയേറ്റങ്ങള്‍ പത്തിനകം നീക്കം ചെയ്യണം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുര്‍റസാഖ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ സുനില്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഒ ജെ ജോസഫ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നജീബ്, നാഷനല്‍ ഹൈവേ എ ഇ. ബാബു, എ പി മജീദ്, അശ്‌റഫ് വാവാട്, കെ സുരേന്ദ്രന്‍, എം അബ്ദുല്‍ ഖാദര്‍, ഒ കെ നജീബ്, ഒ പി റസാഖ് സംസാരിച്ചു.