സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ ജയിലില്‍; മോചനത്തുക നല്‍കിയാല്‍ ഇടപെടാമെന്ന് അധികൃതര്‍

Posted on: July 3, 2013 6:00 am | Last updated: July 2, 2013 at 11:26 pm

മലപ്പുറം:സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ ജയിലില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികളെ വിദേശകാര്യ മന്ത്രാലയം കൈയൊഴിയുന്നു. മോചനത്തിന് ഇറാന്‍ ആവശ്യപ്പെടുന്ന തുക ബന്ധുക്കള്‍ നല്‍കുമെന്ന് ഉറപ്പ് വരുത്തിയാല്‍ ജയിലില്‍ അകപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാമെന്നാണ് വിദേശകാര്യ വകുപ്പിന്റെ നിലപാട്. സഊദി അറേബ്യയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള 21 ഇന്ത്യക്കാരെയാണ് കഴിഞ്ഞ ഡിസംബറില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടികൂടിയത്.

താനൂര്‍ പുതിയ കടപ്പുറം ചക്കാച്ചിന്റെപുരക്കല്‍ മുഹമ്മദ് കാസിം (45), താനൂര്‍ ഒസ്സാന്‍ ബീച്ച് കുട്ട്യാമൂന്റെപുരക്കല്‍ കോയ (25), പരപ്പനങ്ങാടി സ്വദേശി വളപ്പില്‍ അബ്ദുല്ലക്കോയ (45) എന്നീ മലയാളികളാണ് ഇവരിലുള്ളത്. സഊദി അറേബ്യയിലെ അല്‍ജുബൈലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു ഇവര്‍. ഇവരെ മോചിപ്പിക്കുന്നതിനായി അയ്യായിരം ഡോളര്‍ വീതം കെട്ടിവെക്കണമെന്നാണ് ഇറാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മോചനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചപ്പോഴാണ് തുക കെട്ടിവെക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളികളായ ഇവരുടെ കുടുംബങ്ങള്‍ക്ക് ഇത്രയും വലിയ തുക കണ്ടെത്താന്‍ പ്രയാസമാണ്.
കാണാതായവരില്‍ പത്തൊമ്പത് പേരുടെ വിവരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിട്ടുള്ളത്. ഇവരില്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ മണ്ഡലത്തിലുള്ളവരും ഉള്‍പ്പെടും. കെ എം സി സിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായവര്‍ ഇറാനിലെ അബൂദാന്‍ ജയിലില്‍ കഴിയുന്നുണ്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.
ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഇന്ത്യന്‍ എംബസി എന്നിവിടങ്ങളിലെല്ലാം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. പ്രവാസി ക്ഷേമനിധിയിലുള്ള തുക ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് ശ്രമിക്കണമെന്നാണ് കെ എം സി സി ഭാരവാഹികളുടെ ആവശ്യം. വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടി, മത്സ്യബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, കെ എം സി സി ഭാരവാഹികളായ ഉസ്മാന്‍ ഒട്ടുമ്മല്‍, റാഫി കൂട്ടായി, മുഹമ്മദലി താനൂര്‍, നിസാര്‍, യൂനുസ്, സിദ്ദീഖ് താനൂര്‍, കെ ടി റസാഖ്, ജയിലിലകപ്പെട്ടവരുടെ ബന്ധുക്കള്‍ പങ്കെടുത്തു.