സ്മാര്‍ട് സിറ്റി:ആദ്യ കെട്ടിടത്തിന്റെ നിര്‍മാണം ആഗസ്റ്റ് ഒന്നിന്

Posted on: July 3, 2013 6:21 am | Last updated: July 2, 2013 at 11:24 pm

smart-city-kochi-logo-p1കൊച്ചി:പരിസ്ഥിതി, കെട്ടിട നിര്‍മാണ അനുമതികള്‍ ലഭ്യമായാല്‍ ആഗസ്റ്റ് ഒന്നിന് സ്മാര്‍ട് സിറ്റി പദ്ധതിയുടെ ആദ്യ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങുമെന്ന് സ്മാര്‍ട് സിറ്റി കമ്പനി വൈസ് ചെയര്‍മാനും ടീകോം ഗ്രൂപ്പ് സി ഇ ഒയുമായ അബ്ദുല്‍ ലത്വീഫ് അല്‍മുല്ലയും സ്മാര്‍ട് സിറ്റി എം ഡി ബാജു ജോര്‍ജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്മാര്‍ട് സിറ്റിയുടെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് അല്‍മുല്ല വ്യക്തമാക്കി. സ്മാര്‍ട് സിറ്റി പവലിയനില്‍ ഒന്നാം ഘട്ട പ്ലാന്‍ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതിക അംഗീകാരം ഈ മാസം ആറിന് നടക്കുന്ന ഹിയറിംഗോടെ ലഭിക്കും. അവസാന ഘട്ടത്തിലെ 14 ഏക്കര്‍ സ്ഥലത്തിന് സെസ് പദവി കിട്ടാത്തതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മുന്നിലുണ്ട്. എല്ലാം ഒത്തുകിട്ടിയ ശേഷം മാത്രം നിര്‍മാണം തുടങ്ങുകയെന്നത് പ്രായോഗികമല്ലെന്ന് ബാജു ജോര്‍ജ് വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ ഐ ടി ആവശ്യങ്ങള്‍ക്കു മാത്രമായി നിര്‍മിക്കുന്ന ആറര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഏകജാലകം വഴി പതിനഞ്ചിനകം കെട്ടിടത്തിന്റെ പ്ലാന്‍ സംബന്ധിച്ച് അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്്. അടുത്ത മാസം തന്നെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കും. നിര്‍മാണം തുടങ്ങി 22 മാസത്തിനുള്ളില്‍ ആദ്യ കെട്ടിടം പൂര്‍ത്തിയാകും. 88 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളും നാല് പാലങ്ങളും ഉള്‍പ്പെടുന്ന പദ്ധതി അഞ്ചര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സ്മാര്‍ട് സിറ്റിയിലേക്കുള്ള റോഡ് കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായും പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞുമായും അബ്ദുല്‍ ലത്വീഫ് അല്‍മുല്ല സംസാരിച്ചു. മഴയുടെ ശക്തി കുറഞ്ഞാല്‍ സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ടുള്ള എല്ലാ റോഡുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ആദ്യ കെട്ടിടത്തിന്റെ രൂപരേഖ അബ്ദുല്‍ ലത്വീഫ് അല്‍മുല്ല അനാച്ഛാദനം ചെയ്തു.
22 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആദ്യ ഘട്ടത്തിന്റെ ആറരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ രൂപരേഖയാണ് പുറത്തിറക്കിയത്. രൂപരേഖക്ക് സ്മാര്‍ട് സിറ്റി ബോര്‍ഡ് അനുമതി നല്‍കി. 170 കോടി രൂപയാണ് ആദ്യ കെട്ടിടത്തിന്റെ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷം ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള നാല് നിലകള്‍ പൂര്‍ണമായും ഐ ടി ആവശ്യത്തിനുപയോഗിക്കും. കെട്ടിടം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കുമെന്ന് രൂപരേഖ തയ്യാറാക്കിയ ബി പ്ലസ് എച്ച് ആര്‍ക്കിടെക്ട്‌സ് ഗ്ലോബല്‍ ഡയറക്ടര്‍ റോബര്‍ട്ട് മാര്‍ഷലും നിര്‍മാണ നിര്‍വഹണ ചുമതലയുള്ള സിനര്‍ജി പ്രോപര്‍ട്ടി ഡെവലപ്‌മെന്റ് സര്‍വീസസ് ഗ്ലോബല്‍ ചെയര്‍മാന്‍ സോങ്കി പ്രസാദും പറഞ്ഞു.
പരിസ്ഥിതി സൗഹൃദ നിര്‍മാണത്തിനുള്ള പ്ലാറ്റിനം റേറ്റിംഗിലാണ് നിര്‍മാണം. കെട്ടിടത്തില്‍ ഉപയോഗിക്കുന്ന വെള്ളം ഫഌഷിംഗ്, ജലസേചനം എന്നിവക്കായി പുനരുപയോഗിക്കും. വൈദ്യുതി ഉപഭോഗം കുറക്കുന്ന തരത്തിലാണ് നിര്‍മാണം. ഓരോ നാല്‍പ്പത് ചതുര ശ്രമീറ്ററിലും കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുണ്ടാകും