Connect with us

Articles

രഹസ്യങ്ങളുടെ താക്കോല്‍ ഭരണകൂടത്തിന്റെ കൈയില്‍

Published

|

Last Updated

“സെന്‍ട്രല്‍ മോനീറ്ററിംഗ് സിസ്റ്റം എന്ന പേരില്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ക്ക് ഇനി പൗരന്‍മാരുടെ സകല വിവരങ്ങളും ചോര്‍ത്താം. അതിന് ഔദ്യോഗിക മുദ്രണമുണ്ടാകും. സി ബി ഐ, ഇന്റലിജന്‍സ് ബ്യൂറോ, പോലീസ്, റോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ ടി ആര്‍ ഒ എന്നീ ഏജന്‍സികള്‍ക്കാണ് ഇതിന് ലൈസന്‍സ്. പൗരന്‍മാരുടെ വ്യക്തിപരമായ വിവരങ്ങളുടെ “360 ഡിഗ്രിയിലുള്ള” ചോര്‍ത്തലാണ് ഇതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചുകഴിഞ്ഞു. കേന്ദ്രത്തില്‍ മാത്രമല്ല, സംസ്ഥാനങ്ങളിലും ഇതിന് സംവിധാനം ഒരുക്കും. പൗരന്‍മാരെ അശേഷം വിശ്വാസമില്ലാത്ത 
നടപടിയാണ് ഇതെന്ന് അറിയാത്തവരല്ല ഇതിന്റെ പിന്നിലുള്ളവര്‍.പക്ഷേ…
 ഇനി മുതല്‍ നിങ്ങളുടെ എല്ലാ രഹസ്യങ്ങളും സുരക്ഷാ ഏജന്‍സികളുടെ പക്കല്‍ പരസ്യമായിരിക്കും. നിങ്ങളുടെ ഇടപെടലുകളും സംവേദനങ്ങളും മറ്റ് വ്യാപരങ്ങളും ഒരു മൂന്നാം കണ്ണ് കൂടി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഈ ബോധ്യത്തോടെയായിരിക്കണം ഇനിമുതല്‍ ഇന്ത്യക്കാര്‍ മൊബൈല്‍, ലാന്‍ഡ് ഫോണുകളിലൂടെ സംസാരിക്കേണ്ടതും സന്ദേശങ്ങള്‍ അയക്കേണ്ടതും സോഷ്യല്‍ നെറ്റ്‌വര്‍കിംഗ് സൈറ്റുകളില്‍ ഇടപെടേണ്ടതും. അഭൂതപൂര്‍വമായ വിവരം ചോര്‍ത്തല്‍ പദ്ധതിക്കാണ് അമേരിക്കക്ക് പിന്നാലെ ഇന്ത്യയും ഒരുമ്പെട്ടിറങ്ങുന്നത്.

സെന്‍ട്രല്‍ മോനിറ്ററിംഗ് സിസ്റ്റം എന്ന പേരില്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ക്ക് ഇനി പൗരന്‍മാരുടെ സകല വിവരങ്ങളും ചോര്‍ത്താം. അതിന് ഔദ്യോഗിക മുദ്രണമുണ്ടാകും. സി ബി ഐ, ഇന്റലിജന്‍സ് ബ്യൂറോ, പോലീസ്, റോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ ടി ആര്‍ ഒ എന്നീ ഏജന്‍സികള്‍ക്കാണ് ഇതിന് ലൈസന്‍സ്. പൗരന്‍മാരുടെ വ്യക്തിപരമായ വിവരങ്ങളുടെ “360 ഡിഗ്രിയിലുള്ള” ചോര്‍ത്തലാണ് ഇതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചുകഴിഞ്ഞു. കേന്ദ്രത്തില്‍ മാത്രമല്ല, സംസ്ഥാനങ്ങളിലും ഇതിന് സംവിധാനം ഒരുക്കും.
തീവ്രവാദികളുടെയും അധോലോക നായകരുടെയും അഴിമതിക്കാരുടെയും മറ്റ് ഛിദ്രശക്തികളുടെയും ശല്യം ഒഴിവാക്കുകയും അവരുടെ പദ്ധതികള്‍ തകര്‍ക്കുകയുമാണ് ലക്ഷ്യമായി പറയുന്നത്. പൗരന്‍മാരെ അശേഷം വിശ്വാസമില്ലാത്ത, ഭരണീയരുടെയും ഭരണാധികാരികളുടെയും ഇടയിലുള്ള മാനസിക ഐക്യത്തിന് മേല്‍ കന്മതില്‍ കെട്ടലാണ് ഇതെന്ന് അറിയാത്തവരല്ല ഇതിന്റെ പിന്നിലുള്ളവര്‍. രാഷ്ട്ര സുരക്ഷ ലാക്കാക്കിയുള്ള ചോര്‍ത്തലേ ഉണ്ടാകുള്ളുവെങ്കില്‍ അതിനെ ഇരു കൈയും നീട്ടി സ്വീകരിക്കുന്നു. ഇത്തരം വിവരം ചോര്‍ത്തലിലൂടെ നിരവധി നേട്ടങ്ങള്‍ കീശയിലാക്കാന്‍ ദേശീയ സുരക്ഷാ ഏജന്‍സികള്‍ക്കും പോലീസിനും സാധിച്ചിട്ടുണ്ട്. ഈയടുത്ത് രാജ്യത്തെ ഞെട്ടിച്ച ഐ പി എല്‍ വാതുവെപ്പും അനുബന്ധ പേക്കൂത്തുകളും വി വി ഐ പികളുടെ മറ്റ് മാനിയകളും പുറം ലോകമറിഞ്ഞത് ഡല്‍ഹി പോലീസിന്റെ ചോര്‍ത്തലിലൂടെയായിരുന്നു. അത് പ്രതിച്ഛായ മിനുക്കല്‍പ്പണിയുടെ തുടക്കമാണെന്നത് വേറെ കാര്യം. ഉദ്യോഗസ്ഥരെയും ഭരണ സംവിധാനങ്ങളെയും വിലക്കെടുത്ത് ടെലികോം കമ്പനികള്‍ക്കും മറ്റു സൈ്വരവിഹാരം നടത്താന്‍ അവസരമുണ്ടാക്കിയ നീരാ റാഡിയയെന്ന ഇടനിലക്കാരിയെ വെളിച്ചത്തുകൊണ്ടുവരാന്‍ സാധിച്ചതും തഥൈവ. ഇതോടൊപ്പം മറ്റ് നിരവധി കേസുകളില്‍, ലോക്കല്‍ കേസുകളില്‍ പോലും പോലീസ് ഇപ്പോള്‍ ആദ്യം ചെയ്യുന്നത് ഫോണ്‍ ചോര്‍ത്തലിന് അനുമതി വാങ്ങുകയാണ്. ചേലേമ്പ്ര ബേങ്ക് കവര്‍ച്ച ഉദാഹരണം.
എന്നാല്‍, ഫോണ്‍ ചോര്‍ത്തല്‍ വിട്ട് അത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലേക്ക് വരുമ്പോള്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള ഇടം നഷ്ടപ്പെടുകയാണ്. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഗൂഗിള്‍ പ്ലസിലൂടെയും മറ്റുമുള്ള ഇടപെടലുകള്‍ നിയന്ത്രിക്കപ്പെടുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് മേല്‍ കത്തിവെക്കലാണ്. സമാന്തര മാധ്യമ ധര്‍മം വഹിക്കുന്ന ഇവ തുറന്നിടുന്ന മണ്ഡലം ചെറുതല്ല. അഭിപ്രായങ്ങളും രോഷങ്ങളും നിലപാടുകളും അവതരിപ്പിക്കാനും ഖണ്ഡിക്കാനും അനുകൂലിക്കാനും പരമസ്വാതന്ത്ര്യമുള്ള ഇടമായാണ് ഈ സൈറ്റുകളെ പൗരന്‍മാര്‍ കാണുന്നത്. രാജ്യത്തെ വലിയൊരു വിഭാഗം യുവാക്കളും ഇതിന്റെ ഉപയോക്താക്കളുമാണ്. സര്‍ക്കാറിന്റെയും അധികാരികളുടെയും തല തിരിഞ്ഞ നിലപാടുകളെ പൊരിക്കുകയും ദുഷ്ടലാക്കോടെയുള്ള നിയമനിര്‍മാണങ്ങളെയും ജനദ്രോഹ ഭരണ സംവിധാനങ്ങളെയും എതിര്‍ക്കുകയും ചെയ്യുന്ന പ്രവണതകളെ രാജ്യദ്രോഹമെന്നും മത, സാമുദായിക മൈത്രിക്കും വിഘാതമാണെന്നും വിശേഷിപ്പിച്ച് നിയമ നടപടികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന ഒന്നായിത്തീരും പുതിയ ചോര്‍ത്തല്‍ സംവിധാനമെന്നതാണ് അതിന്റെ പ്രധാന ഭീഷണി. എല്ലാ രംഗത്തുമെന്ന പോലെ ഒരു പ്രത്യേക മത വിഭാഗത്തിനും അവരെ അനുകൂലിക്കുന്നവര്‍ക്കുമായിരിക്കും ഈ ഭീഷണി എന്ന് പ്രത്യേകം പറയേണ്ടതില്ല. ഇതുപ്രകാരം അഭിപ്രായസ്വാതന്ത്ര്യത്തിന് അമൂര്‍ത്ത കൂച്ചുവിലങ്ങായിത്തീരും ഇത്. ഉദാഹരണമായി മ്യാന്‍മറിലെയും അസമിലെയും വംശഹത്യകളുടെ ഫോട്ടോ ഇട്ട്, ഇത് ഏതോ രാജ്യത്ത് എന്നോ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നിരത്തിവെച്ചതാണെന്നും മുസ്‌ലിംകള്‍ വഞ്ചിതരാകരുതെന്നുമുള്ള നിയോഹിന്ദുത്വവാദികളുടെയും ഭൂരിപക്ഷ വര്‍ഗീയവാദികളുടെയും പോസ്റ്റുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇനി ന്യൂനപക്ഷ സമുദായങ്ങള്‍ പേടിയോടെയായിരിക്കും തുനിയുക. അതല്ലെങ്കിലും അങ്ങനെയാണല്ലോ. ന്യൂനപക്ഷവിരുദ്ധ ചലനങ്ങള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്നും നേരേ തിരിച്ചുള്ളവ ആവിഷ്‌കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യലാണെന്നും ഉള്ള സാമൂഹിക ക്രമത്തില്‍ ഇതൊക്കെ പരല്‍മീനാണ്. സിനിമയാണെങ്കിലും സാഹിത്യ സൃഷ്ടികളാണെങ്കിലും പൊതുയിടങ്ങളിലെ കൂടിച്ചേരലുകളാണെങ്കിലും ഈയൊരു പൊതുതത്വം രൂഢമൂലമായിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളെ സമീപിക്കുമ്പോള്‍ അത് പ്രീണനമായും നേരേ തിരിച്ചുള്ളവ അവകാശമായും ഒക്കെ വ്യാഖ്യാനിക്കന്ന പടുക്കള്‍ വിരാജിക്കുന്ന ഒരു കാലത്ത് ഇങ്ങനെയൊക്കെ നടക്കാനേ തരമുള്ളൂ.
കഴിഞ്ഞ വര്‍ഷം അസമില്‍ വംശഹത്യ നടന്നപ്പോള്‍ അതിനെതിരെ ഫേസ്ബുക്കിലും മറ്റും രോഷപ്രകടനം കണ്ട് പൊതുവെ “മിണ്ടാന്‍ മടിയുള്ള” പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തുറന്നടിച്ചത് മതസൗഹാര്‍ദത്തെ തകര്‍ക്കരുതെന്നായിരുന്നു. അസമില്‍ ബോഡോ തീവ്രവാദികള്‍ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് കൊന്നതിനെതിരെ ഒന്നും പറയാത്ത വിനീതവിധേയനാണ് ആ സമയത്ത് പൊട്ടിത്തെറിച്ചത്. ഗുജറാത്ത് വംശഹത്യ ഉപയോഗിച്ച് വോട്ട് ഉപകാരം മാത്രം തേടുന്ന അവസരത്തിലാണ്, കോണ്‍ഗ്രസ് ഭരിക്കുന്ന കേന്ദ്രം, കോണ്‍ഗ്രസ് ഭരിക്കുന്ന അസമിലെ വംശഹത്യയെ കുറിച്ച് കുറ്റകരമായ മൗനം അവലംബിച്ചത്. ആ സമയത്ത്, എസ് എം എസുകള്‍ അയക്കുന്നത് പോലും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. വല്ലാത്ത ജാഗ്രത!
പൗരന്‍മാരില്‍ ഈയൊരു അറച്ചുനില്‍ക്കല്‍, ഭയം സൃഷ്ടിക്കല്‍ തന്നെയാണ് ഇത്തരം സംവിധാനങ്ങളുടെ ഒന്നാമത്തെ പ്രത്യാഘാതം. അതുതന്നെയാണ് അധികാരികള്‍ ഇഷ്ടപ്പെടുന്നതും ലക്ഷ്യമിടുന്നതും. സോഷ്യല്‍ നെറ്റ്‌വര്‍കിംഗ് സൈറ്റുകളില്‍ തങ്ങളുടെ അഭിപ്രായം തുറന്നു പറയാന്‍ ഇപ്പോള്‍ത്തന്നെ ന്യൂനപക്ഷങ്ങള്‍ മടിക്കുന്നു. അതേസമയം, തങ്ങള്‍ക്കെതിരെയുള്ള എന്ത് ഭള്ളുകളും ചുമക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. നടേ സൂചിപ്പിച്ച ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭിന്ന മുഖങ്ങളാണിവയും. ഒരു വിഭാഗം മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യം സീമകളില്ലാതെ അനുഭവിക്കുകയും മറ്റൊന്ന് അതിന്റെ പേരില്‍ പഴി കേള്‍ക്കുകയും ചെയ്യുന്ന വൈരുധ്യാത്മകത ആഗോളതലത്തില്‍ മാത്രമല്ല ഇന്ത്യന്‍ സാഹചര്യത്തിലും സുലഭമാണ്.
ഭരണഘടന അനുവദിക്കുന്ന സ്വച്ഛന്ദവും സ്വതന്ത്രവുമായ അഭിപ്രായപ്രകടന സ്വാതന്ത്ര്യമില്ലെങ്കില്‍ തങ്ങളുടെ സംസാരവും ഇടപഴക്കവും മറ്റ് വ്യാപരങ്ങളും നിരന്തരം സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്ന നിലയിലാണെങ്കില്‍ ഒരു ജനാധിപത്യ സംവിധാനത്തിന്റെ അന്തഃസത്തയാണ് ചോദ്യം ചെയ്യപ്പെടുക. അതേത്തുടര്‍ന്ന് ഭരണഘടനയുടെ അപ്രമാദിത്വവും. ഏകാധിപത്യ പ്രത്യയശാസ്ത്രം വാഴുന്ന രാഷ്ട്രങ്ങളില്‍ നടക്കുന്ന പോലുള്ള ജീവിതപശ്ചാത്തലം ജനാധിപത്യ സംവിധാനത്തിനുണ്ടാകുന്നതിനോട് ഒരിക്കലും രാജിയാകാനാകില്ല.
ഫേസ്ബുക്ക്/ ട്വിറ്റര്‍ ഇടപെടലിനെ എല്ലാ സര്‍ക്കാറുകളും പേടിയോടെയാണ് കാണുന്നത്. സമാന്തര അഭിപ്രായപ്രകടന വേദിയാകുന്നത് തന്നെ കാരണം. അറബ് രാഷ്ട്രങ്ങളില്‍ നടന്ന ജനകീയ വിപ്ലവവും അതുണ്ടാക്കിയ പൊല്ലാപ്പുകളും എല്ലാ ഭരണകര്‍ത്താക്കളിലും അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. ഇതും വ്യാപക വിവര ചോരണത്തിന് ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കുന്നു. സംശയിക്കപ്പെടുന്നയാളുടെ വ്യവഹാരങ്ങള്‍ നിരീക്ഷിക്കപ്പെടുന്നതില്‍ ന്യായമുണ്ട്. അതേസമയം, എല്ലാവരെയും ഒരു പോലെ ഒരേ സംശയദൃഷ്ടിയോടെ നിരീക്ഷിക്കുന്നതാണ് പ്രശ്‌നമുണ്ടാക്കുക. അത്തരമൊരു സംവിധാനമാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നടത്താന്‍ പോകുന്നത്.
മറ്റൊന്ന്, ചോര്‍ത്തപ്പെടുന്ന വിവരങ്ങളുടെ തെറ്റായ ഉപയോഗമാണ്. രഹസ്യവിവരങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കാന്‍ കഴിവുള്ള അസാമാന്യ പ്രതിഭകള്‍ വാഴുന്ന ഇടമാണ് നമ്മുടെ രഹസ്യാന്വേഷണ മണ്ഡലം. ഭരണഘടന നല്‍കുന്ന അവകാശപ്രകാരം തല മറച്ച് വരുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍, തങ്ങളുടെ സ്ഥാപനത്തിന്റെ അന്തസ്സിന് വിഘാതമാണെന്ന ധാരണപുലര്‍ത്തുന്ന “പുരോഗമനവാദികള്‍” വിരാജിക്കുന്നയിടം. തങ്ങളുടെ യൂനിഫോമിന് ചേരുംപടി ചേര്‍ക്കാന്‍ തട്ടം ഇടരുതെന്ന് കര്‍ശനമായി നിര്‍ദേശിക്കുകയും സംശയത്താല്‍ ബേഗുകള്‍ പരിശോധിക്കുകയും ചെയ്യുന്ന, “തലയുടെ മുക്കാല്‍ ഭാഗവും തട്ടമിട്ട് മറച്ച” സിസ്റ്റര്‍മാരുടെ മുഷ്‌കിനെതിരെ പ്രതിഷേധിക്കാന്‍ വരുന്നവരെ രാജ്യദ്രോഹികളായി കാണണമെന്ന് ആഹ്വാനം ചെയ്യുന്ന രഹസ്യാന്വേഷണ പടുക്കളുള്ള സംസ്ഥാനമാണ് കേരളം പോലും. അതുപോലെ, ഒമ്പത് വര്‍ഷം മുമ്പ് അഹമ്മദാബാദിലെ തെരുവില്‍ നാല് ജീവനുകളെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അസാമാന്യ പ്രതിഭാത്വം കൊണ്ട് കശാപ്പ് ചെയ്യാനായത്. ഇശ്‌റത്ത് ജഹാനും മലയാളിയായ പ്രാണേഷ് പിള്ളയെന്ന ജാവീദ് ശൈഖും മറ്റ് രണ്ട് പേരുമാണ് അന്ന് പോലീസിന്റെ വെടിയുണ്ടകളേറ്റു വാങ്ങിയത്. ഇതിന് പിന്നില്‍, രഹസ്യാന്വേഷണ വിഭാഗത്തിന്റെ കരങ്ങളാണെന്നാണ് ദിനേന വന്നുകൊണ്ടിരിക്കന്ന വാര്‍ത്തകള്‍ കാണിക്കുന്നത്.
കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ കൊല്ലുന്ന തരത്തിലാകുകയാണ് നമ്മുടെ രഹസ്യാന്വേഷണ പരിഷ്‌കാരങ്ങള്‍. രാഷ്ട്ര സുരക്ഷക്ക് നിങ്ങള്‍ പ്രവര്‍ത്തിക്കണം. അതുപക്ഷേ പൗരന്‍മാരെ കൊല്ലാക്കൊല ചെയ്താകരുത്. അമേരിക്കയുടെ വാലാകാനാണ് ഭാവമെങ്കില്‍ സ്‌നോഡനുമാരും മാന്നിംഗുമാരും ഇവിടെ ഉയിര്‍ കൊള്ളുമെന്ന് മാത്രം പറയാം. ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണ് അമേരിക്കന്‍ ഭരണാധികാരികള്‍ ചെയ്യുന്നത്. സ്വാതന്ത്ര്യവും ഉദാര മനോഭാവവും മുഖമുദ്രയും ജീവിത മുദ്രാവാക്യവുമാണെന്ന് അവകാശപ്പെടുന്ന ഒരു രാഷ്ട്രക്രമത്തിലാണ് ഭരണാധികാരികള്‍ തന്നെ പൗരന്‍മാരുടെയും വിദേശികളുടെയും മറ്റും കിടപ്പറയിലേക്ക്/ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നത്. അതിന്റെ ടിപ്പണിയാകാനാണോ ഇന്ത്യയും ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 

---- facebook comment plugin here -----

Latest