മുസ്ഹഫുമായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ രൂക്ഷ വിമര്‍ശം

Posted on: July 2, 2013 11:32 pm | Last updated: July 2, 2013 at 11:32 pm

ed-husicസിഡ്‌നി: ആസ്‌ത്രേലിയയില്‍ പ്രധാനമന്ത്രിയുടെ പാര്‍ലിമെന്ററി സെക്രട്ടറിയും മന്ത്രിയുമായ ഇദ് ഹൂസിക് മുസ്ഹഫ് പിടിച്ച് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ വിമര്‍ശം. ആസ്‌ത്രേലിയയില്‍ ആദ്യമായി മന്ത്രിപദത്തിലെത്തുന്ന മുസ്‌ലിം പ്രതിനിധിയാണ് സത്യ പ്രതിജ്ഞക്കിടെ വിവാദത്തിലകപ്പെട്ടത്. ബൈബിളിന് പകരമാണ് അദ്ദേഹം ഖുര്‍ആന്‍ എടുത്ത് പ്രതിജ്ഞ ചെയ്തത്.
മുസ്ഹഫ് കൊണ്ട് സത്യം ചെയ്യുന്ന ആസ്‌ത്രേലിയയിലെ ആദ്യത്തെ മുസ്‌ലിം പാര്‍ലിമെന്ററി സെക്രട്ടറിയാണ് ഹൂസിക്. ഹൂസിക് മുസ്ഹഫ് പിടിച്ച് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ വിവിധ രാഷ്ട്രീയ നേതാക്കളും പ്രതിനിധികളും രംഗത്തെത്തി. എന്നാല്‍, പ്രതിപക്ഷ നേതാവ് ടോണി അബോട്ട് ഹൂസികിന് അനുകൂലമായ പ്രസ്താവനയാണ് നടത്തിയത്.
ഹൂസിക്കിന്റെ അവകാശത്തെയും സത്യപ്രതിജ്ഞയെയും ബഹുമാനിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. ആസ്‌ത്രേലിയന്‍ സമൂഹത്തിന് ദുഃഖത്തിന്റെ ദിനമാണെന്നാണ് കമ്മ്യൂണിറ്റി റിലേഷന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ സ്റ്റെപാന്‍ കര്‍ക്യാശറിയന്‍ പ്രതിഷേധിച്ചത്.
ഫെയ്‌സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഹൂസിക്കിന് അനുകൂലവും പ്രതികൂലവുമായി നിരവധി കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ദേവഗ്രന്ഥം ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ആസ്‌ത്രേലിയന്‍ ഭരണഘടന അനുസരിച്ചുള്ള രീതി. ആദ്യമായി മുസ്‌ലിം പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇതുവരെ ഉപയോഗിച്ച ബൈബിളിന് പകരം ഖുര്‍ആന്‍ ഉപയോഗിച്ചത് നിയമ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.