സോളാര്‍ തട്ടിപ്പ്: ഫിറോസിന്റെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

Posted on: July 2, 2013 8:48 am | Last updated: July 2, 2013 at 8:57 am

firozതിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിയായതിനെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായ പി ആര്‍ ഡി ഡയറക്ടര്‍ എ. ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തിരുവനന്തപുരം ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാര്‍ ഇന്നു വിധി പറയും. കേസിലെ മൂന്നാം പ്രതിയായ ഇദ്ദേഹത്തിന് ഈ അവസരത്തില്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

സോളാര്‍ തട്ടിപ്പില്‍ ഫിറോസും പങ്കാളിയായിട്ടുണ്ടെന്നും തട്ടിപ്പിനു കൂട്ടുനിന്നതിന് അഞ്ചുലക്ഷം രൂപയും കാറും ബിജു ഫിറോസിനു പാരിതോഷികമായി നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

എന്നാല്‍ തട്ടിപ്പിനിരയായി എന്നു ബോധ്യമായ ഉടന്‍ 2009 ഡിസംബറില്‍ത്തന്നെ പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയെന്നും നടപടികള്‍ ഉണ്ടാകാത്തതിനാല്‍ 2010 ജനുവരി 15 ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയെന്നും കോടതി ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ കോളജ് പോലീസിനെ ചുമതലപ്പെടുത്തിയെന്നും ഫിറോസിന്റെ അഭിഭാഷകന്‍ പറഞ്ഞു.