Connect with us

Malappuram

വൃക്ക നല്‍കാന്‍ സഹോദരി തയ്യാറായിട്ടും ചികിത്സക്ക് പണമില്ലാതെ യുവാവ്

Published

|

Last Updated

തിരൂരങ്ങാടി: സഹോദരി വൃക്കനല്‍കാന്‍ തയ്യാറായിട്ടും പണമില്ലാത്തതിനാല്‍ വൃക്ക മാറ്റിവെക്കാനാകാതെ യുവാവ് കഷ്ടപ്പെടുന്നു. മമ്പുറം തൊട്ടശ്ശേരി സിദ്ദീഖ്(26) ആണ് ഒരു വര്‍ഷമായി രണ്ട് വൃക്കകളും തകരാറിലായി ചികിത്സ തേടുന്നത്. തൊട്ടശ്ശേരി കുഞ്ഞിമുഹമ്മദിന്റെ 12 മക്കളില്‍ അഞ്ചാമത്തെ മകനാണ് സിദ്ദീഖ്. ഭാര്യയും ഒരുവയസുള്ള ഒരുകുഞ്ഞുമുണ്ട്. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍. കൂലിപ്പണിക്കാരനായ പിതാവ് മകന്റെ ചികിത്സക്കായി വന്‍തുക ചെലവഴിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ്. കുഞ്ഞി മുഹമ്മദിന് ഏഴ് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമാണുള്ളത്. രണ്ട് പെണ്‍കുട്ടികളുടെ വിവാഹം കഴിയുകയും മറ്റൊരാള്‍ വിവാഹ മോചിതയായി വീട്ടില്‍ കഴിയുകയുമാണ്. വിവാഹ പ്രായമെത്തിയ രണ്ട് പെണ്‍കുട്ടികളുമുണ്ട്. ആണ്‍മക്കളില്‍ രണ്ട്‌പേര്‍ മമ്പുറത്ത് ഒരുപെട്ടിക്കട നടത്തുകയാണ്. അഞ്ച്‌പേര്‍ വിദ്യാര്‍ഥികളാണ്. ഇത്രയും ബാധ്യതയുള്ള പിതാവിന് മകന്റെ ചികിത്സക്ക് പണം കണ്ടെത്താനാകുന്നില്ല. വൃക്കമാറ്റി വെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. വൃക്കനല്‍കാന്‍ സഹോദരി തയ്യാറാണ്. പക്ഷെ വൃക്ക മാറ്റിവെക്കാന്‍ 13ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ ഡയാലീസിന് തന്നെ ആഴ്ചയില്‍ ആറായിരം രൂപയാണ് ചിലവ് വരുന്നത്. ചികിത്സക്കും കുടുംബം പോറ്റാനും കഴിയാതെ ഈ പിതാവ് ദുരിതം പേറുകയാണ്. ഇതേതുടര്‍ന്ന് മമ്പുറം നിവാസികള്‍ സിദ്ദീഖിന്റെ ചികിത്സക്കായി സിപി റശീദ് ഹാജി ചെയര്‍മാനും എം വി കലാം കണ്‍വീനറും എം ടി മൂസ വൈസ്‌ചെയര്‍മാനുമായി സഹായ കമ്മിറ്റി രൂപത്കരിച്ചിട്ടുണ്ട്. സൗത്ത്ഇന്ത്യന്‍ ബേങ്കിന്റെ ചെമ്മാട് ബ്രാഞ്ചില്‍ 0393053000010075 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

 

Latest