Connect with us

Malappuram

കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് രാജിവെക്കും

Published

|

Last Updated

കാളികാവ്: ചോക്കാട് ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് പദവിയെ ചൊല്ലി കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ തീരുമാനമായില്ല. ഭരണ സമിതിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് സ്ഥാനങ്ങള്‍ രാജിവെക്കും.

മുസ്‌ലിം ലീഗിന്റെ അംഗം കെ അബ്ദുല്‍ഹമീദ് കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനം രാജിവെക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുന്നണി ബന്ധം വിടാനും ഇന്നലെ ചേര്‍ന്ന ചോക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടേയും പാര്‍ലമെന്ററി പാര്‍ട്ടിയുടേയും സംയുക്തയോഗത്തില്‍ തീരുമാനിച്ചത്.
ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഗ്രാമപഞ്ചായത്ത് ബോര്‍ഡ് യോഗം ചേരും. ഭരണ പ്രതിസന്ധി മറികടക്കാനും അടിയന്തിരമായി നടപ്പിലാക്കേണ്ട വികസനപ്രവര്‍ത്തനങ്ങളും മറ്റും ചര്‍ച്ചചെയ്യുന്നതിനുമാണ് യോഗം വിളിച്ചിട്ടുള്ളതെന്ന് പ്രസിഡന്റ് പറഞ്ഞു. ബോര്‍ഡ് യോഗത്തിന് മുമ്പ് 10.30 ന് തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ പദവികള്‍ രാജിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ വൈസ്പ്രസിഡന്റ് അന്നമ്മാ മാത്യുവും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പദവിയില്‍ നിന്ന് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനും രാജിവെക്കുകയും മുന്നണി ബന്ധം വിട്ട് പുറത്തേക്ക് വരാനുമാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഇന്നലെ രാത്രി നടന്ന അടിയന്തിര യോഗത്തില്‍ രാജിക്കത്തുകള്‍ പാര്‍ട്ടിക്ക് എഴുതി നല്‍കിയിട്ടുമുണ്ട്.
കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനെ ഐക്യകണ്‌ഠ്യേനെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഇദ്ദേഹമായിരിക്കും. 2005ല്‍ പ്രസിഡന്റ് പദവി ഏറ്റെടുത്ത കോണ്‍ഗ്രസ് കാലാവധി കഴിഞ്ഞിട്ടും സ്ഥാനം രാജിവെച്ചില്ലെന്ന ലീഗിന്റെ വാദം കോണ്‍ഗ്രസ് തള്ളി. ലീഗില്‍ പ്രസിഡന്റാകാന്‍ യോഗ്യതയുള്ള വനിത സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചത് ലീഗ് നേതാവായ പി ഖാലിദ് മാസ്റ്ററാണെന്നും ഇത് മറച്ച്‌വെച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് ലീഗ് ചെയ്യുന്നത്. എടക്കര, മൂത്തേടം പഞ്ചയത്തുകളിലെ അവസ്ഥ ചോക്കാടും ഉണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ പാര്‍ട്ടിയുടെ ആത്മാഭിമാനം സംരക്ഷിച്ച് കൊണ്ട് വേണ്ടി വന്നാല്‍ മുന്നണിവിടാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മധുജോസഫ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ എ പി അബു, ഇ പി ഹൈദ്രു, യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബി കെ മുജീബ്, മണ്ഡലം സെക്രട്ടറിമാരായ കെ രാമകൃഷ്ണന്‍, എന്‍ രവീന്ദ്രന്‍, എ പി രാജന്‍ എന്നിവര്‍ സംസാരിച്ചു.