Connect with us

Editorial

ഈജിപ്തില്‍ സമാധാനം പുലരട്ടെ

Published

|

Last Updated

മുല്ലപ്പൂ വിപ്ലവത്തിലൂടെ ലോകശ്രദ്ധ നേടിയ ഈജിപ്തിലെ തഹ്‌രീര്‍ ചത്വരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലോകവ്യാപകമായി തുടര്‍ന്നുവരുന്ന ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ ഒരു വര്‍ഷം മുമ്പാണ് മുല്ലപ്പൂ വിപ്ലവമെന്ന പേരില്‍ യുവാക്കള്‍ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിന്റെ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ഭരണത്തിന് അവസാനം കുറിച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച മുഹമ്മദ് മുര്‍സി, അധികാരത്തില്‍ ആണ്ട് തികക്കുന്ന വേളയിലാണ് മറ്റൊരു വിപ്ലവത്തിന് തഹ്‌രീര്‍ ചത്വരം വീണ്ടും സാക്ഷിയാകുന്നത്. 1928ല്‍ ഈജിപ്തില്‍ നിലവില്‍ വരുകയും മുബാറക് കാലഘട്ടത്തില്‍ ശക്തി പ്രാപിക്കുകയും ചെയ്ത മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ രൂപം, ഫ്രീഡം ആന്‍ഡ് ജസ്റ്റീസ് പാര്‍ട്ടിയുടെ നേതാവായാണ് മുര്‍സി അധികാരത്തിലെത്തിയത്. ഭരണത്തിന്റെ തുടക്കത്തില്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങളില്‍ നിന്ന് പിറകോട്ടുപോയെന്നും സ്വേച്ഛാധിപത്യപരമായി പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നുവെന്നുമുള്ള ആരോപണങ്ങള്‍ പ്രക്ഷോഭകര്‍ മുര്‍സിക്കെതിരെ ഉന്നയിക്കുന്നു. മുര്‍സിയുടെ രാജിക്കൊപ്പം പാര്‍ലിമെന്റ് പിരിച്ചുവിടണമെന്നും തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നുമാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. എന്നാല്‍ ഈ ആവശ്യം തള്ളിക്കളഞ്ഞ മുര്‍സി, ഭരണഘടന പുനഃപരിശോധിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഏറ്റവും താഴേക്കിടയില്‍ വരെ സ്വാധീനമുള്ള തംറദ്(ദി റിബല്‍) സംഘടനയാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അതേസമയം, നിയമപരമായി അധികാരത്തിലെത്തിയ മുര്‍സിയെ ഏതുവിധേയനെയും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മുര്‍സി അനുകൂല പാര്‍ട്ടിയും രംഗത്തെത്തിയതോടെ ഈജിപ്ത് വീണ്ടും സംഘര്‍ഷ കാലത്തിലേക്കുള്ള തിരിച്ചുപോക്കിലാണെന്നു ഭീതി പരക്കുന്നുണ്ട്.
മുര്‍സിയുടെ അധികാരപ്രവേശം സംഭവബഹുലമായിരുന്നു. രാജ്യചരിത്രത്തിലെ ആദ്യ സ്വതന്ത്ര്യ തിരഞ്ഞെടുപ്പെന്ന് വിശേഷിപ്പിക്കപ്പെട്ട വോട്ടെടുപ്പിലൂടെയാണ് ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവായ അദ്ദേഹം കസേരയുറപ്പിച്ചത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ സാമ്പത്തിക, സുരക്ഷാ കാര്യങ്ങളില്‍ എടുത്തുപറയാവുന്ന ഒരു നേട്ടവും നടപ്പാക്കിയില്ലെന്ന ആരോപണം അദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്നു. നീതിന്യായ വ്യവസ്ഥ, പോലീസ്, മാധ്യമങ്ങള്‍, കലാകാരന്‍മാര്‍ തുടങ്ങിയ സുപ്രധാന വിഭാഗങ്ങളെ സ്വാധീനിക്കാനോ അവരിലൂടെ അധികാര വികേന്ദ്രീകരണം നടപ്പാക്കാനോ ശ്രമിച്ചില്ല, പ്രസിഡന്റും ബ്രദര്‍ഹുഡും ചേര്‍ന്ന് ജനാധിപത്യം നടപ്പാക്കുന്നതിന് പകരം അധികാര കേന്ദ്രീകരണത്തിനും പ്രധാന മേഖലകളിലെല്ലാം കുത്തകയുറപ്പിക്കാനും ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങളും പ്രക്ഷോഭകര്‍ ഉന്നയിക്കുന്നു. മുര്‍സി അധികാരത്തിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാകവെ, 4,900 സമരങ്ങള്‍ക്കും ദേശവ്യാപകമായി 22 പ്രതിഷേധ പരിപാടികള്‍ക്കും രാജ്യം സാക്ഷിയായി. മുരടിപ്പ് ബാധിച്ച സാമ്പത്തിക രംഗം ലക്ഷക്കണക്കിന് പാവപ്പെട്ടവരെ ദുരിതത്തലാക്കിയതോടൊപ്പം ഈജിപ്ഷ്യന്‍ പൗണ്ടിന്റെ മൂല്യം പത്ത് ശതമാനം ഇടിഞ്ഞതും മുര്‍സിക്ക് പ്രതികൂല ഘടകങ്ങളായി. ഇടത് കക്ഷികളും ലിബറലിസ്റ്റുകളും മതേതരവാദികളും ഒന്നിച്ചുനിന്ന് ബ്രദര്‍ഹുഡ് നേതാവിനെതിരെ ജനക്കൂട്ടത്തെ നയിക്കുന്നതാണ് ഏറ്റവും ഒടുവിലത്തെ വിശേഷം. ബ്രദര്‍ഹുഡ് ആസ്ഥാനത്തിന് തീവെച്ചതും ദേശവ്യാപകമായ കലാപത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതും പോരാട്ടങ്ങള്‍ അവസനാനിച്ചിട്ടില്ലെന്ന് ഹുസ്‌നി മുബാറക്കിനെതിരെ മുല്ലപ്പൂ പ്രക്ഷോഭ രംഗത്തുണ്ടായിരുന്ന അല്‍ബറാദി പ്രഖ്യാപിച്ചതും കഴിഞ്ഞ ദിവസമാണ്.
തലസ്ഥാനമായ കൈറോ, അലക്‌സാണ്ട്രിയ, പോര്‍ട്ട് സെയ്ദ്, സൂയസ് തുടങ്ങിയ വന്‍ നഗരങ്ങളിലും മുര്‍സിവിരുദ്ധ പ്രക്ഷോഭം കൊടുമ്പിരികൊണ്ടു. പ്രക്ഷോഭം ഇരുകൂട്ടരും തമ്മിലുള്ള കലാപത്തിലേക്ക് വഴിമാറാനുള്ള സാഹചര്യം കണക്കിലെടുത്ത് യുദ്ധവിമാനങ്ങളടക്കം കനത്ത സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ആഭ്യന്തര കലാപത്തിലേക്ക് രാജ്യം വഴുതിവീഴാതിരിക്കാന്‍ സൈന്യം ശക്തമായി ഇടപെടുമെന്ന് പ്രതിരോധ മന്ത്രി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസി മുന്നറിയിപ്പ് നല്‍കിയത് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഗൗരവാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
മുര്‍സിയുടെ നിലപാടിനോട് യോജിച്ചും വിയോജിച്ചും നിരവധി മാധ്യമങ്ങള്‍ രംഗത്തെത്തിയതും ശ്രദ്ധിക്കപ്പെടേണ്ടതുതന്നെയാണ്. സ്വകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ബ്രദര്‍ഹുഡിന്റെ വൃത്തത്തിനകത്തായതിനാല്‍ ഇവര്‍ക്ക് ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ കഴിയില്ലെന്നും അതേസമയം, അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ഈജിപ്തുകാരുടെ ജീവന്‍ നല്‍കാന്‍ വരെ ഭരണകൂടം തയ്യാറാകുമെന്നും കരുതുന്നു. മുര്‍സി അധികാരത്തിലെത്തുമ്പോഴുണ്ടായിരുന്ന 78 ശതമാനം ജനപിന്തുണ 32 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
ഒരു സംഘര്‍ഷത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചുവടുമാറുകയാണ് ഇപ്പോള്‍ ഈജിപ്ത്. ജനാധിപത്യ ബോധം ഉള്ളിലേറ്റിയ ഒരു ജനതയുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ ആര് കരിനിഴല്‍ വീഴ്ത്തിയാലും അധിക കാലം പിടിച്ചുനില്‍ക്കാനാകില്ല. തുടരെത്തുടരെയുള്ള രക്തച്ചൊരിച്ചിലുകള്‍ക്ക് അറുതി വരുത്താന്‍ ജനാധിപത്യത്തെ തോളിലേറ്റിയവര്‍ ഇപ്പോള്‍ അതിന്റെ പേരില്‍ തന്നെ അധികാരത്തിലേറിയവര്‍ക്കെതിരെ വാളോങ്ങുന്നതില്‍ ചില സൂചനകളുണ്ട്. അത് തിരിച്ചറിഞ്ഞ് സമാധാനത്തിന്റെയും യഥാര്‍ഥ ജനാധിപത്യത്തിന്റെയും പാതയിലേക്ക് തിരിച്ചുവരുന്നതായിരിക്കും ഈജിപ്തിന് ഗുണകരം. രക്തച്ചൊരിച്ചിലുകള്‍ക്ക് പകരം ഇരുകൂട്ടരും കൂടിയിരുന്ന് ചര്‍ച്ചകള്‍ നടത്തുകയാണ് വേണ്ടതെന്ന ഒബാമയുടെ നിലപാട് ഈ വിഷയത്തില്‍ വളരെ ശരിയാണ്.

 

 

Latest