Connect with us

Editorial

റോഡുകളുടെ ഗതി

Published

|

Last Updated

കാലവര്‍ഷം തുടങ്ങി ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും സംസ്ഥാനത്ത് ഭൂരിഭാഗം റോഡുകളും പാതകളും തകര്‍ന്ന് തോടുകളോ ചെളിക്കുണ്ടുകളോ ആയ കാഴ്ചയാണ് നമുക്ക് മുമ്പില്‍. മഴ മൂലം ഗതാഗത പ്രശ്‌നം രൂക്ഷമാകുകയും സംസ്ഥാന പാതകളില്‍ പോലും വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന സ്ഥിതി തുടങ്ങുകയും ചെയ്തതോടെ വഴിതടസ്സവും ബുദ്ധിമുട്ടും നിത്യസംഭവമായിരിക്കയാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ള റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും ടാറിളകി അവ കുണ്ടും കുഴിയുമാകുന്നതുമൊക്കെ സ്വാഭാവികമായി കാണാമെങ്കിലും നഗരപ്രദേശങ്ങളിലെ ഉയര്‍ന്ന സ്ഥലങ്ങളിലും പ്രധാനപ്പെട്ട സംസ്ഥാന പാതകളിലും, പുതുതായി ടാറിംഗ് നടത്തിയ സ്ഥലങ്ങളില്‍ പോലും ടാറിളകി മെറ്റല്‍ നിരന്നും കുഴികള്‍ രൂപപ്പെട്ടും റോഡുകള്‍ ഗതാഗതത്തിനു പറ്റാത്തതായി മാറുമ്പോള്‍ റോഡ് നിര്‍മാണ രീതിയെലെ അശാസ്ത്രീയത പ്രകടമാകുകയാണ്.
പൊതുമരാമത്തു വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചു പൊതുവേ നല്ല അഭിപ്രായമാണ്. മഴക്കു മുമ്പ് സംസ്ഥാനത്തെ ഒട്ടുമിക്ക റോഡുകളും അറ്റകുറ്റപ്പണി നടത്തി പൂര്‍ണ ഗതാഗതയോഗ്യമാക്കിയിട്ടുമുണ്ട്. എന്നാല്‍ അറ്റകുറ്റപ്പണി നടത്തുകയോ പുതുക്കിപ്പണിയുകയോ ചെയ്യുന്ന റോഡുകള്‍ക്ക് അല്‍പ്പായുസ്സേയുള്ളൂവെന്നതാണ് ഏറെ സങ്കടകരം. കോണ്‍ട്രാക്ടര്‍മാര്‍ക്ക് റോഡ് നിര്‍മാണ കരാര്‍ നല്‍കിയ ശേഷം നിര്‍മാണം വിലയിരുത്താനോ പരിശോധിക്കാനോ കുറ്റമറ്റ സംവിധാനം ഇല്ലാത്തതിനെ തുടര്‍ന്ന് തത്കാലം തട്ടിക്കൂട്ടുന്ന പാച്ച് വര്‍ക്കുകളാണ് പലപ്പോഴും നടക്കുന്നത്. ദീര്‍ഘകാലം കേടുപാട് കൂടാതെ നിലനില്‍ക്കുന്ന റോഡ് നിര്‍മാണ രീതിയാണ് വികസിത രാജ്യങ്ങളില്‍ മാത്രമല്ല, വികസ്വര രാജ്യങ്ങളിലും പ്രയോഗിക്കുന്നത്. കേരളത്തില്‍ മിക്ക ദേശീയ പാതകളിലും ഇത്തരം നിര്‍മാണ രീതി അവലംബിച്ചുവരുന്നുണ്ട്. കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിക്കാവുന്ന റോഡുകള്‍ നിര്‍മിച്ചാല്‍ ദീര്‍ഘകാലം നിലനിര്‍ത്താനാകുമെന്ന് മാത്രമല്ല, പൊതുഖജനാവിന് ഇടക്കിടെയുണ്ടാവുന്ന ബാധ്യതകളൊഴിവാക്കാനുമാകും.
മുകള്‍ഭാഗം നല്ല ഉറപ്പോടെ ടാറിംഗ് നടത്തിയാലും അടിത്തട്ടിന് ഉറപ്പില്ലാത്ത സ്ഥലങ്ങളില്‍ റോഡ് പെട്ടെന്ന് പൊളിയാന്‍ സാധ്യതയേറെയാണ്. റോഡുകളുടെ അടിത്തട്ട് ഉറപ്പുള്ളതാക്കാന്‍ ഉപയോഗിക്കേണ്ട ടാര്‍രഹിത ബെഡ് മിക്‌സ് മെക്കാഡം പല സ്ഥലത്തും ഉപയോഗിക്കുന്നില്ലെന്നതാണ് വാസ്തവം. മെറ്റലും പാറപ്പൊടിയുമൊക്കെ ചേര്‍ത്ത മിശ്രിതം റോഡ് നിര്‍മാണത്തിന്റെ ആരംഭത്തില്‍ കുറച്ച് മേല്‍മണ്ണ് നീക്കിയ ശേഷമാണ് പാകേണ്ടത്. എന്നാല്‍ ഈ രീതിയില്‍ റോഡ് നിര്‍മിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, മണ്ണും മെറ്റലും വിതറി മുകളില്‍ ടാറിംഗ് നടത്തി റോഡ് നിര്‍മിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യുന്ന രീതിയാണ് കേരളത്തില്‍ പലയിടത്തും നടക്കുന്നത്. ഇങ്ങനെ നിര്‍മിക്കുന്ന റോഡുകള്‍ക്ക് മഴയെ തീരെ അതിജീവിക്കാനാകില്ലെന്നത് ആര്‍ക്കാണറിയാത്തത് !
ഭൂമിയുടെ നിരപ്പിനേക്കാള്‍ ഉയര്‍ന്നായിരിക്കണം റോഡിന്റെ കിടപ്പ് എന്ന അടിസ്ഥാന തത്വം കേരളത്തിലെ മിക്ക റോഡുകള്‍ക്കും ബാധകമായിട്ടില്ല. മഴക്കാലത്ത് ഇരുവശത്തുനിന്നുമുള്ള വെള്ളം താഴേക്കിറങ്ങി റോഡ് ചെളിക്കുളമാകുന്നു. പലേടത്തും വെള്ളമൊഴുകിപ്പോകാനുള്ള അഴുക്കു ചാല്‍ സൗകര്യവുമില്ല. മഴക്കാലത്ത് റോഡുകളിലെ കുഴിയടക്കുക ദുഷ്‌കരമാണെന്നതിനാല്‍ പൊളിഞ്ഞ റോഡുമായി വേനല്‍ വരെ തൃപ്തിപ്പെടേണ്ട യാത്രാദുരിതം ഏറെക്കാലം പേറേണ്ടിവരുന്നു. പരാതികള്‍ കൂടിയാല്‍ പിന്നെ ഓട്ടയടക്കലാണ്. എന്നാല്‍ റോഡ് അറ്റകുറ്റപ്പണി കൂടെ നിന്നു പരിശോധിക്കേണ്ട പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എത്താറില്ലെന്ന് മാത്രമല്ല, കോണ്‍ട്രാക്ട് പണി കണ്ണടച്ചു വിശ്വസിക്കുകയും ചെയ്യും. ഈ ഓട്ടയടക്കലിന് അല്‍പ്പായുസ്സ് മാത്രമാണുണ്ടാകുക.
സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് മികച്ച റോഡ് ജനങ്ങളുടെ അവകാശമാണെന്നും റോഡ് നിര്‍മാണത്തിനു ചുരുങ്ങിയത് രണ്ട് വര്‍ഷത്തെയെങ്കിലും ഗ്യാരണ്ടി നല്‍കണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കര്‍മപദ്ധതി തയാറാക്കണമെന്നു കോണ്‍ട്രാക്ടര്‍മാരുടെ സംഘടനയും ആവശ്യപ്പെട്ടതാണ്. അതിനാല്‍ റോഡുകള്‍ ഏറ്റവും പുതിയ ശാസ്ത്രീയ രീതിയില്‍ നിര്‍മിക്കുകയും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ അംഗീകൃത മാനദണ്ഡങ്ങളനുസരിച്ചു പുനരുദ്ധരിക്കുകയും വേണം.
ഉദ്യോഗസ്ഥരും ജനങ്ങളും ജനപ്രതിനിധികളും മനസ്സ് വെച്ചാല്‍ നല്ല റോഡുകള്‍ നമുക്ക് ലഭ്യമാക്കാനാകും. ഇതോടൊപ്പം വാഹനങ്ങളുടെ പെരുപ്പത്തിനനുസൃതമായി റോഡുകള്‍ ശാസ്ത്രീയമായി സംവിധാനിക്കുകയും ചെയ്താലേ ഇനി കേരളത്തിന് ഓടാനാകൂ.

Latest