കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

Posted on: June 30, 2013 8:47 am | Last updated: June 30, 2013 at 8:47 am
SHARE

കല്‍പ്പറ്റ: കല്‍പ്പറ്റ- ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ റൂട്ടുമാറി ഓടുന്നത് നാട്ടുകാര്‍ എതിര്‍ത്തു. ഇതേ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ ഇന്നലെ ഈ റൂട്ടില്‍ നടത്തിയ മിന്നല്‍ പണിമുടക്ക് ആയിരക്കണക്കിന് യാത്രക്കാരെ വലച്ചു. ഇന്നലെ രാവിലെ 11.30 ഓടെ മുട്ടില്‍ എടപ്പെട്ടിയിലാണ് പണിമുടക്കിനാധാരമായ സംഭവവികാസങ്ങള്‍ ഉണ്ടായത്. പ്രശ്‌നം പരിഹരിക്കാന്‍ ആരം ബസുടമകളെ ചര്‍ച്ചക്കു വിളിച്ചിട്ടില്ല. തന്‍മൂലം ഇന്നും സമരം തുടരുമെന്ന സൂചനയാണ് ബസ് ജീവനക്കാരും ഉടമകളും നല്‍കുന്നത്.
ബത്തേരിയിലേക്കു പോകുന്ന ബസുകളും തിരിച്ചു വരുന്ന ബസുകളും ദേശീയപാതയില്‍ നിന്നു തിരിഞ്ഞ് എടപ്പെട്ടി- മുട്ടില്‍ വിവേകാനന്ദ ആശുപത്രി -മുട്ടില്‍ വഴിയാണ് സര്‍വീസ് നടത്തേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെ.എസ്.ആര്‍.ടി.സിയുടെ ബസ് സര്‍വീസുകളുടെ പരീിക്ഷണാര്‍ഥമാണ് സ്വകാര്യ ബസുകള്‍ക്ക് ദേശീയപാതകളില്‍ നിന്നു മാറി നിശ്ചിത ഇടവേളകളില്‍ വേറെ റൂട്ട് അനുവദിച്ചിരിക്കുന്നത്. ഈ റൂട്ടിലുടെ സര്‍വീസ് നടത്തുന്നതിനു പകരം വര്‍ഷങ്ങളായി ദേശീയപാതയിലൂടെയാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. അജിത്കുമാര്‍ വയനാട് ആര്‍.ടി.ഒയായി ചാര്‍ജെടുത്ത് നിയമം കര്‍ക്കശമായി നടപ്പാക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതനുസരിച്ച് സ്വകാര്യ ബസുകള്‍ റൂട്ടുമാറി ഓടുന്നത് തടയാന്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ മുട്ടില്‍ എടപ്പെട്ടിയിലെത്തി. ആര്‍.ടി.ഒയെ കണ്ട് സ്വകാര്യ ബസുകള്‍ എടപ്പെട്ടി-മുട്ടില്‍ റൂട്ടിലൂടെ സര്‍വീസ് ആരംഭിച്ചു. ആര്‍.ടി.ഒ പോയിക്കഴിഞ്ഞപ്പോള്‍ സ്വകാര്യ ബസുകള്‍ വീണ്ടും ദേശീയപാതയിലൂടെ സര്‍വീസ് ആരംഭിച്ചു. ആര്‍.ടി.ഒ ഉള്ളപ്പോള്‍ മാത്രമല്ല, എല്ലാ സമയവും നിയമപ്രകാരമുള്ള റൂട്ടിലൂടെ ഓടണമെന്ന് ആവശ്യപ്പെട്ട് എടപ്പെട്ടിയില്‍ നാട്ടുകാര്‍ സംഘടിച്ചതോടെയാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നിറുത്തിയത്.
ദേശീയപാതയിലൂടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതിനെ നാട്ടുകാര്‍ തടഞ്ഞു. ബസ് സമരത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ വലഞ്ഞു. ബത്തേരി റൂട്ടിലെ ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ബസ് പണിമുടക്ക് മുതലെടുക്കാന്‍ ടാക്‌സി ജീപ്പുകളും രംഗത്തെത്തിയിരുന്നു. എടപ്പെട്ടി- പാറക്കല്‍ റോഡിന് വീതി കുറവാണെന്നും റോഡ് തകര്‍ന്നു കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസുകള്‍ ഇതുവഴി ഓടാന്‍ മടിച്ചിരുന്നത്. മുമ്പ് ബസുകള്‍ക്ക് സൈഡു കൊടുക്കാന്‍ പോലും ഈ റോഡിന് വീതിയില്ലായിരുന്നു. നിലവില്‍ ഈ റോഡ് നവീകരിച്ച് വീതി കുറഞ്ഞ ഭാഗങ്ങളില്‍ വീതി കൂട്ടിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഫിറ്റ്‌നസും നല്‍കിയിട്ടുണ്ട്.
70 ലക്ഷം രൂപയാണ് നവീകരണത്തിനായി ചെലവഴിച്ചത്. ഈ റൂട്ടിലെ ഒരു പാലം പുതുക്കിപണിയുകയും ചെയ്തു. എന്നിട്ടും സ്വകാര്യ ബസുകള്‍ അവര്‍ക്ക് അനുവദിക്കപ്പെട്ട റൂട്ടിലൂടെ സര്‍വീസ് നടത്താത്തത് അംഗീകരിക്കാനാവില്ലെന്ന് മുട്ടില്‍- അമ്പുകുത്തി പൗരസമിതി പറയുന്നു.
ഇതിനിടെ ചില സ്വകാര്യ ബസുടമകള്‍ പ്രദേശവാസികളായ ചിലര്‍ക്ക് പണം നല്‍കി സ്വാധീനിച്ച് എടപ്പെട്ടി വഴി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തരുതെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ടെന്നും പൗരസമിതി ആരോപിച്ചു. ബസുകള്‍ ഓടിയാല്‍ റോഡ് തകരുമെന്നും കുട്ടികള്‍ക്ക് ഭീഷണിയാണെന്നുമാണ് നിവേദനത്തിലെ ഉള്ളടക്കം. റൂട്ടുമാറി ഓട്ടം തടയാന്‍ എടപ്പെട്ടിയില്‍ ട്രാഫിക് പോലീസിനെ നിയോഗിച്ചില്ലെങ്കില്‍ ആര്‍.ടി.ഒ ഓഫീസ് പിക്കറ്റിംഗും മറ്റു സമരപരിപാടികളും ആരംഭിക്കുമെന്ന് പൗരസമിതി മുന്നറിയിപ്പു നല്‍കി.
എന്നാല്‍, എടപ്പെട്ടി- വിവേകാനന്ദ ആശുപത്രി റോഡിലൂടെ ഓടാന്‍ തയാറാണെന്നും പക്ഷെ, അതിന് നാട്ടുകാര്‍ സമ്മതിക്കില്ലെന്നുമായിരുന്നു ചില ബസുടമകളുടെ പ്രതികരണം. നിരന്തരം ബസ് ഓടിയാല്‍ റോഡ് തകരും. പിന്നീട് ഓട്ടോറിക്ഷ പോലും വരില്ലെന്നാണ് നാട്ടുകാര്‍ പറയുന്നതെന്നും ബസുടമകള്‍ പറഞ്ഞു.