ജനശതാബ്ദിക്ക് വടകരയില്‍ സ്റ്റോപ്പ്‌

Posted on: June 30, 2013 8:14 am | Last updated: June 30, 2013 at 8:14 am
SHARE

jan shatabdiവടകര: ജനശതാബ്ദി എക്‌സ്പ്രസിന് വടകരയില്‍ സ്റ്റോപ്പനുവദിച്ചു. ജൂലായ് ഒന്ന് മുതല്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിന് വടകരയില്‍ സ്റ്റോപ്പനുവദിക്കാത്തതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണിത്. ജില്ലയില്‍ ഒരു സ്റ്റോപ്പ് മാത്രമെ അനുവദിക്കുകയുള്ളൂവെന്നായിരുന്നു അധികൃതരുടെ വാദം.
എന്നാല്‍ വടകരയിലെ സന്നദ്ധ സംഘടനകളും റെയില്‍വെ യൂസേഴ്‌സ് ഫോറവും ഡി വൈ എഫ് ഐയും സമര രംഗത്തിറങ്ങുകയും ട്രെയിന്‍ തടയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് വടകരയില്‍ സ്റ്റോപ്പനുവദിക്കാന്‍ തീരുമാനിച്ചത്. രാത്രി 10.35ന് കണ്ണൂരിലേക്കും കാലത്ത് 5.10ന് തിരുവനന്തപുരത്തേക്കുമാണ് ജനശതാബ്ദിയുടെ സമയം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമഫലമായിട്ടാണ് ജനശതാബ്ദി എക്‌സ്പ്രസിന് വടകരയില്‍ സ്റ്റോപ്പനുവദിച്ചതെന്ന് എം പിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
യശ്വന്ത്പൂര്‍- മംഗലാപുരം പ്രതിവാര എക്‌സ്പ്രസിനും, കച്ചേഗുഡ- മംഗലാപുരം എക്‌സ്പ്രസിനും വടകരയില്‍ സ്റ്റോപ്പനുവദിച്ചതായി അറിയിപ്പില്‍ പറഞ്ഞു.