നായകളുടെ ആക്രമണത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് പരുക്ക്‌

Posted on: June 29, 2013 10:51 pm | Last updated: June 29, 2013 at 10:51 pm
SHARE

ഷാര്‍ജ: നായകളുടെ ആക്രമണത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കു പരുക്ക്. ഷാര്‍ജയിലെ സുഹൈലയിലാണ് പ്രധാന നിരത്തിനോടു ചേര്‍ന്ന കമ്പിവേലിക്കു താഴെ മാളങ്ങളില്‍ വസിക്കുന്ന നായകള്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചത്.
50 ഓളം മൃഗങ്ങള്‍ക്ക് നായകളുടെ ആക്രമണത്തില്‍ പരുക്കേറ്റു. 19 എണ്ണത്തിന്റെ നില ഗുരുതരമാണ്. നായകളുടെ ആക്രമണത്തെ തുടര്‍ന്ന് വളര്‍ത്തുമൃഗങ്ങളെ മരുഭൂമിയില്‍ മേയാന്‍ വിടാന്‍ ഭയക്കുകയാണ് ഈ പ്രദേശത്തുകാര്‍. രാത്രികാലങ്ങളിലാണ് ആക്രമണം ഏറെ.
ഗുരുതരമായി പരുക്കേറ്റ മൃഗങ്ങളെ ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് മൃഗ ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ ആക്രമിക്കപ്പെടുന്നതായി ചില സ്വദേശികള്‍ പരാതിപ്പെട്ടതായി റാസല്‍ഖൈമ പബ്ലിക് വര്‍ക് ആന്‍ഡ് സര്‍വീസസ് ഡയറക്ടര്‍ എഞ്ചി. അഹ്മദ് മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു സംഘത്തെ സുഹൈലയിലേക്ക് അയച്ചതായും അന്വേഷണത്തില്‍ പ്രദേശത്തെ ചില ഫാക്ടറികളുടെ കാവല്‍ നായകളാണ് ആക്രമണം നടത്തിയതെന്നു ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഉടമസ്ഥരായ ഫാക്ടറി അധികൃതര്‍ക്ക് സര്‍ക്കുലര്‍ അയച്ചതായും കാവല്‍ നായകളെ സുരക്ഷിതമായി കെട്ടിയിടണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. 47 ആടുകള്‍ ഇതുവരെയായി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രദേശത്തെ സ്വദേശി കര്‍ഷകനായ മുഹമ്മദ് ഹാരിഫ് അല്‍ ശംസി പറഞ്ഞു. സംഘം ചേര്‍ന്നാണ് ഇവ ആക്രമണം നടത്തുന്നതെന്നും 40 വരെ നായകള്‍ സംഘത്തിലുണ്ടാവാറുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
ദൈദ് പട്ടണത്തിന്റെ വടക്കു ഭാഗത്ത് റാസല്‍ഖൈമയുടെ വ്യാവസായിക പ്രദേശമായ അല്‍ ഗൈലിനോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് സുഹൈല. വിവിധ തരത്തിലുള്ള 250 ഫാക്ടറികള്‍ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ഫാക്ടറികളും ജനവാസ സ്ഥലവും തമ്മില്‍ 250 മീറ്റര്‍ മാത്രമേ ദൂരമുള്ളൂ.