കോട്ടക്കല്‍ തട്ടകമാക്കിയ ഷണ്‍മുഖദാസിന്റെ ഓര്‍മകളുമായി അടാട്ടില്‍ മൂസ

Posted on: June 29, 2013 6:00 am | Last updated: June 28, 2013 at 11:55 pm
SHARE

കോട്ടക്കല്‍:അന്തരിച്ച മുന്‍ മന്ത്രി എ സി ഷണ്‍മുഖദാസിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ക്ക് വേദിയായത് കോട്ടക്കല്‍. ഓര്‍മകള്‍ ചികഞ്ഞെടുക്കകായണ് അദ്ദേഹത്തിന്റെ സഹായിയായി നിന്ന കോട്ടക്കലിലെ വ്യാപാരി അടാട്ടില്‍ മൂസ. പഠനം, വിദ്യാര്‍ഥി രാഷ്ട്രീയം, വിവാഹം എന്നിവയെല്ലാം കോട്ടക്കലിലെ പഠന കാലത്തായിരുന്നു. 52ല്‍ കോട്ടക്കലില്‍ ആയൂര്‍വേദ വിദ്യാര്‍ഥിയായിരുന്നു ഷണ്‍മുഖദാസ്.

ഇപ്പോഴത്തെ എന്‍ സി പി നിയമസഭാ കക്ഷി നേതാവായ എ കെ ശശിന്ദ്രനായിരുന്നു സഹപാഠി. കെ എസ് യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നപ്പോഴാണ് കോട്ടക്കലിലെത്തുന്നത്. അവിഭക്ത കോണ്‍ഗ്രസ് പ്രവര്‍ത്തകാരായിരുന്നു ഇരുപേരും. കോട്ടക്കലിലും പരിസരത്തും കോണ്‍ഗ്രസ് പാര്‍ട്ടി രൂപവത്കരിക്കുന്നതിനായിരുന്നു ഇരു പേരും പ്രാധാന്യം നല്‍കിയിരുന്നത്. പഠനം രണ്ടാം സ്ഥാനത്തായിരുന്നു. ഇതിനായി തോറ്റ് പഠിക്കുകയായിരുന്നു. നാല് വര്‍ഷമാണ് കോട്ടക്കലിലെ പഠന കാലം. പാര്‍ട്ടിക്ക് വേണ്ടി തോറ്റ് എട്ട് വര്‍ഷം കോട്ടക്കലില്‍ പഠിച്ചു. കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു ഇവരുടെ താമസം.
ഇക്കാലത്ത് ഇദ്ദേഹത്തിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തിരുന്നത് ഈ കെട്ടിടത്തിലെ തുണിക്കച്ചവടക്കാരനായിരുന്ന അടാട്ടില്‍ മൂസയാണ്. ഷണ്‍മുഖദാസിന്റെ വിവാഹവും പാര്‍ട്ടി പ്രവര്‍ത്തനത്തെയും ഇന്നും ആവേശമായി ഓര്‍ക്കുകയാണ് മൂസാക്ക. പറപ്പൂര്‍ വീണാലുക്കലില്‍ നിന്നാണ് വിവാഹം. ഷണ്‍മുഖദാസിന്റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായി കോണ്‍ഗ്രസിലേക്ക് കടന്ന് വന്നവരാണ് അടാട്ടില്‍ കോയ, പൂഴിത്തറ കോമു, സി പി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍.
അന്നത്തെ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്ന ഇവരില്‍ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസിലാണ് ഷണ്‍മുഖദാസിന്റെ വിവാഹം നടക്കുന്നത്. കോട്ടക്കലില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുത്ത മൂസാക്ക അന്നത്തെ വിവാഹ സല്‍ക്കാരത്തിലെ പാര്‍ട്ടി എല്ലാവര്‍ക്കും ഓരോ ഓറഞ്ചായിരുന്നെന്നും ഓര്‍ക്കുന്നു. കോണ്‍ഗ്രസ് കോട്ടക്കലില്‍ ശക്തി പെട്ടപ്പോള്‍ മലപ്പുറത്തേക്ക് ഷണ്‍മുഖദാസിന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നു. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ എതിര്‍ പ്രകടനം പുത്തൂരില്‍ വെച്ച് ഏറ്റുമുട്ടി. ഇതില്‍ ഷണ്‍മുഖദാസിന് പരുക്കേറ്റു. ഇവയെല്ലാം ഓര്‍മയായി അയവിറക്കുകയാണ് ഷണ്‍മുഖദാസിന്റെ സ്വന്തം അടാട്ടില്‍ മൂസാക്ക.