തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

Posted on: June 29, 2013 6:00 am | Last updated: June 28, 2013 at 10:33 pm
SHARE

തലശ്ശേരി: നൂറ് രോഗികള്‍ക്ക് മാത്രം ഒ പി ടിക്കറ്റ് നല്‍കിയാല്‍ മതിയെന്ന ഓര്‍ത്തോ സര്‍ജന്‍ ഡോ. വിജുമോന്റെ നിര്‍ദേശം ജനറല്‍ ആശുപത്രിയില്‍ ഏറെ നേരം സംഘര്‍ഷത്തിനിടയാക്കി.

ഇന്നലെ രാവിലെ മുതല്‍ കൗണ്ടറിന് മുന്നില്‍ കാത്തുനിന്നവരില്‍ ചിലര്‍ക്കാണ് ഡോക്ടറുടെ നിയന്ത്രണം കാരണം ടോക്കണ്‍ ലഭിക്കാതിരുന്നത്. ഇരിട്ടി വള്ളിത്തോടിലെ നാല് വയസുകാരി മോളൂട്ടി, മാലൂരിലെ മാധവി(75), എടച്ചേരിയിലെ പ്രേമ, ശ്രീജ, അണ്ടലൂര്‍ കടവിലെ താഹിറ തുടങ്ങിയവര്‍ക്കാണ് ടോക്കണ്‍ ലഭിക്കാതിരുന്നത്. ഇവരുടെ കൂടെ വന്നവര്‍ സൂപ്രണ്ടിന് മുന്നില്‍ പരാതിയുമായെത്തി ബഹളം വെക്കുകയായിരുന്നു. സൂപ്രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമായി കൂടിയാലോചിച്ച ശേഷം ഒ പിയില്‍ ഓര്‍ത്തോ വിഭാഗത്തിലെ മറ്റൊരു ഡോക്ടറെ കൂടി നിയോഗിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രശ്‌നത്തിന് പരിഹാരമാവുകയായിരുന്നു. വെള്ളിയാഴ്ച ഡേ ഡ്യൂട്ടിയിലായിരുന്ന ഡോ. വിജുമോന്‍ നൂറിലേറെ രോഗികളെ ഒ പിയില്‍ പരിശോധിക്കാനും കാഷ്വാലിറ്റിയില്‍ എ ത്താനുമുള്ള അസൗകര്യത്തെ തുടര്‍ന്നാണ് ഒ പി ടിക്കറ്റ് നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിശദീകരണം. കൗണ്ടറില്‍ നിന്ന് ഇക്കാര്യം തെറ്റായി അറിയിച്ചതാണ് രോഗികളെ പ്രകോപിപ്പിച്ചത്.