മാറക്കാനയില്‍ സ്‌പെയിനും ബ്രസീലും ഏറ്റുമുട്ടും

Posted on: June 28, 2013 6:37 am | Last updated: June 28, 2013 at 9:48 am
SHARE
spain con
ഷൂട്ടൗട്ടില്‍ വിജയിച്ച സ്പാനിഷ് താരങ്ങളുടെ ആഹ്ലാദം

 

ഫോര്‍ട്ടലേസ: ലോകം പൂതിവെച്ച പോരാട്ടത്തിന് ഞായറാഴ്ച ബ്രസീലിലെ ചരിത്രപ്രസിദ്ധമായ മാറക്കാന സ്‌റ്റേഡിയം സാക്ഷിയാവും. ലോക ചാംമ്പ്യന്‍മാരും യൂറോപ്യന്‍ ചാംമ്പ്യന്‍മാരുമായ സ്‌പെയിന്‍ നിലവിലെ കോണ്‍ഫെഡറേഷന്‍സ് കപ്പ് ജേതാക്കളായ ബ്രസീലിനെ നേരിടും. ഇന്നലെ നടന്ന അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ ഇറ്റലിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 7-6ന് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ഫൈനലില്‍ കടന്നത്.

ബാള്‍ ഏറെ നേരം കൈവശം വെച്ചത് സ്‌പെയിനായിരുന്നെങ്കിലും കിട്ടിയ ചാന്‍സുകള്‍ ഗോളാക്കിയിരുന്നെങ്കില്‍ മികച്ച മാര്‍ജിനില്‍ ഇറ്റലി ജയിക്കുമായിരുന്നു. മികച്ച ആക്രമണമാണ് ഇറ്റലി കാഴ്ച്ചവെച്ചത്. എന്നാല്‍ ഗോള്‍ മാത്രം മാറിനിന്നു. പരുക്കേറ്റു പുറത്തിരുന്ന സ്റ്റാര്‍ സ്‌ട്രൈക്കര്‍ മരിയോ ബാലോടെല്ലിയുടെ അഭാവം മുഴച്ചുനിന്നു ഇറ്റലിയുടെ പ്രകടനത്തില്‍.

നിശ്ചിത സമയത്തും അധികയമയത്തും ഗോള്‍ പിറക്കാതായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇരു ടീമുകളും ആറ് കിക്കുകള്‍ വലക്കുള്ളിലാക്കി. എന്നാല്‍ ഇറ്റലിയുടെ ഏഴാം കിക്കെടുത്ത ലിയനാര്‍ഡോ ബൊനൂഷി പന്ത് ഗ്യാലറിയിലേക്കാണ് എത്തിച്ചത്. സ്‌പെയിനിന്റെ അവസാന കിക്ക് വലയിലെത്തിച്ച് ജീസസ് നവാസ് കളിയിലെ താരമാവുകയായിരുന്നു.