കോട്ടക്കലില്‍ മൊബൈല്‍ ഇന്‍സിനേറ്റര്‍ എത്തി

Posted on: June 28, 2013 1:23 am | Last updated: June 28, 2013 at 1:23 am
SHARE

കോട്ടക്കല്‍: നഗരസഭയിലെ മാലിന്യം കത്തിക്കുന്നതിനായി മൊബൈല്‍ ഇന്‍സിനേറ്റര്‍ എത്തി. മൈലാടിയിലെ മാലിന്യങ്ങള്‍ കത്തിക്കുന്നതിനായി ഇന്ന് ഉച്ചക്ക് ശേഷം ഇവിടെ എത്തിക്കാനാണ് തീരുമാനം.
ഇതിന് മുമ്പ് സമരസമിതി അംഗങ്ങളെയും പരിസര വാസികളെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും. ഇതിന് ശേഷമാകും ഇന്‍സിനേറ്റര്‍ ഇവിടേക്ക് കടത്തിവിടുക. തിരുവനന്തപുരം നഗരസഭയില്‍ നിന്നാണ് മൊബൈല്‍ ഇന്‍സിനേറ്റര്‍ കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം ശുചിത്വ മിഷനാണ് നഗരസഭക്കായി ഇത് എത്തിച്ചത്. മൈലാടിയിലെ മാലിന്യ പ്ലാന്റ് സമര സമിതി ഉപരോധിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ മാലിന്യ പ്രശ്‌നം രൂക്ഷമായിട്ടുണ്ട്. ഇതിനുള്ള താത്കാലിക പരിഹാരമായാണ് നഗരസഭ ഇത്തരത്തിലൊന്നിനെ കുറിച്ചാലോചിച്ചത്.
ചെലവ് അധികമായതിനെ തുടര്‍ന്നാണ് തിരുവന്തപുരം നഗരസഭ ഇത് കൈയൊഴിഞ്ഞത്. ശുചിത്വ മിഷന്റെ ഉടമയിലുള്ള ഇന്‍സിനേറ്റര്‍ ഗുജറാത്തിലെ ചിത്തന്‍ സെയില്‍സ് എന്ന കമ്പനിയുടെതാണ്. 1.200 ഡിഗ്രി സെല്‍ഷ്യസില്‍ മാലിന്യം കത്തിക്കാനാവും. മണിക്കൂറില്‍ 135 ലിറ്റര്‍ ഡീസല്‍ ഇതിന് ചെലവ് വരും. ആറ് മണിക്കൂര്‍ മുതല്‍ ഏഴ് മണിക്കൂര്‍ വരെ ഒരു ദിവസം ഇത് പ്രവര്‍ത്തിക്കും. വന്‍ തുക ചെലവ് വരും എന്നതിനാല്‍ നഗരസഭക്ക് ഇത് വന്‍ ബാധ്യതയാകും.